കെ വി എമ്മിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടിയില്ല: സമരം സംസ്ഥാനതലത്തിലേക്ക്, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ നഴ്സുമാര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തും
Feb 16, 2018, 10:34 IST
ADVERTISEMENT
ചേര്‍ത്തല:(www.kvartha.com 16/02/2018) കെ വി എം ആശുപത്രിയിലെ നഴ്സുമാര്‍ യു എന്‍ എയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിട്ട് ആറുമാസം. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ സമരം സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കാനും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കുവാനും തീരുമാനം. സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്‍ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതോടെയാണ് യു എന്‍ എ നിലപാട് കടുപ്പിച്ചത്.
സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് നോട്ടീസ് നല്‍കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നഴ്സുമാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ കരിദിനമാചരിച്ചു. 14 ജില്ലകളിലെ 350 ലധികം ആശുപത്രികളില്‍ നിന്ന് 15000 ഓളം നഴ്സുമാരാണ് സൂചനാപണിമുടക്ക് നടത്തി മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയത്. ഇതോടെ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന പോലീസ് സംഘം ഏറെ പണിപ്പെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
ആശുപത്രിക്ക് മുന്നില്‍ നിന്നാരംഭിച്ച നഴ്സുമാരുടെ പ്രകടനം എക്സറേ കവല ചുറ്റി സമരപ്പന്തലില്‍ സമാപിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച കുറഞ്ഞ വേതനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്സുമാര്‍ കഴിഞ്ഞ ഓഗസ്റ്റ് 21 നാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കുക, വോളന്ററി എന്ന പേരില്‍ പണം കൊടുത്ത് ജോലി ചെയ്യിപ്പിക്കുന്നത് അവസാനിപ്പിക്കുക, ഷിഫ്ട് സമ്പ്രദായം നടപ്പിലാക്കുക, ന്യായമായ ബോണസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ എട്ടിലധികം തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കാണാതായതോടെയാണ് നഴ്സുമാര്‍ സംസ്ഥാനമൊട്ടാകെ സൂചനാപണിമുടക്ക് നടത്തിയത്. സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജസ്മിന്‍ഷാ ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി എം പി പ്രദീപ്, ജോയിന്റ് സെക്രട്ടറി ഡെല്‍ജോ എലിയാസ്, വൈസ് പ്രസിഡന്റ് ടോബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
വൈകിട്ടോടെ സമരക്കാര്‍ ദേശീയപാതയോരത്ത് കുത്തിയിരുന്നു. ജില്ലാ കലക്ടര്‍ എത്തി ഉറപ്പു നല്‍കാതെ പിന്മാറൂവെന്നായിരുന്നു ഇവരുടെ നിലപാട്. തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്ന കലക്ടര്‍ വിവരം സര്‍ക്കാരിനെ അറിയിക്കുമെന്നുള്ള സന്ദേശം തഹസില്‍ദാര്‍ വഴി സമരക്കാര്‍ക്ക് കൈമാറിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സമരത്തോടു മുഖം തിരിച്ചാല്‍ ശക്തമായ നിലപാടു സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Hospital, Nurses, Strike, inauguration, KVM hospital nurses strike
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

