Protest | മാധ്യമപ്രവർത്തകനെതിരായ ക്രൈംബ്രാഞ്ച് നടപടിയിൽ സംസ്ഥാന വ്യാപകമായി കെ യു ഡബ്ല്യു ജെ മാർച്ച്
● മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.
● മാധ്യമം ലേഖകൻ അനിരു അശോകനെതിരായ നടപടിയിൽ പ്രതിഷേധം
● തിരുവനന്തപുരത്ത് നടന്ന പ്രതിഷേധം എംഎം ഹസൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: (KVARTHA) വാർത്തയുടെ പേരിൽ മാധ്യമം തിരുവനന്തപുരം ലേഖകൻ അനിരു അശോകനെതിരായ ക്രൈംബ്രാഞ്ച് നടപടികളിൽ പ്രതിഷേധിച്ച് കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ) സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ പൊലീസ് നിർബന്ധം ചെലുത്തുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് യൂണിയൻ ആരോപിച്ചു.
തിരുവനന്തപുരത്ത് സംസ്ഥാന പൊലീസ് മേധാവിയുടെ കാര്യാലയത്തിന് മുന്നിൽ നടന്ന പ്രതിഷേധ സമരം മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായ എംഎം ഹസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റെജി അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി മാധ്യമപ്രവർത്തകരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ പ്രതിഷേധ പരിപാടികൾ അരങ്ങേറി. കോഴിക്കോട് നടന്ന പ്രതിഷേധ മാർച്ച് എം കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്‌തു.
തൃശൂരിൽ ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച് മുൻ എംപി ടിഎൻ പ്രതാപനും കൊച്ചിയിൽ മുൻ എം പി സെബാസ്റ്റ്യൻ പോളും കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് എം പിയും പത്തനംതിട്ടയിൽ മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരിയും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജേഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡന്റ് സി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, ട്രഷറർ കെ സതീശൻ, മുൻ സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ഹാരിസ്, എൻ.പി.സി. രഞ്ജിത്ത് തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു. കാസർകോട്ട് നഗരത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മറ്റ് ജില്ലകളിലും നടന്ന പ്രതിഷേധ പരിപാടികളിൽ അതാത് മേഖലയിലെ പ്രമുഖ മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
#KUWJProtest #MediaFreedom #KeralaJournalists #CrimeBranch #Journalism #PressFreedom