റിപ്പോർട്ടർ ടിവി ഓഫീസിൽ എസ്ഐടി റെയ്ഡ്; തത്സമയ സംപ്രേക്ഷണം തടസ്സപ്പെടുത്തിയ സംഭവം മാധ്യമ നായാട്ടെന്ന് കെയുഡബ്ല്യുജെ

 
kuwj condemns sit raid reporter tv headquarters phones

Photo Credit: Screenshot from a Facebook video by Reporter Live Malayalam

ADVERTISEMENT

● ബുധനാഴ്ച പുലർച്ചെ 5.50-ഓടെയാണ് പൊലീസ് സംഘം ചാനലിന്റെ ഡെസ്കിലെത്തിയത്
● ന്യൂസ് ഡെസ്കിൽ കയറി പൊലീസ് ഫോൺ പിടിച്ചുവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
● മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സംഭവത്തിന് മറുപടി പറയണമെന്ന് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു
● മാധ്യമ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും ഈ അതിക്രമത്തിനെതിരെ അണിനിരക്കണമെന്ന് ആഹ്വാനം

തിരുവനന്തപുരം: (KVARTHA) റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് ഉൾപ്പെടെ സംസ്ഥാനത്ത് അഞ്ച് ഇടങ്ങളിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ റെയ്‌ഡിൽ 70 മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്ത സംഭവം മാധ്യമ നായാട്ടെന്ന് കെയുഡബ്ല്യുജെ. ബുധനാഴ്ച (സെപ്റ്റംബർ 16) പുലർച്ചെ 5.50-ഓടെയാണ് പൊലീസ് സംഘം ചാനലിൻ്റെ ന്യൂസ് ഡെസ്കിലേക്ക് എത്തിയത്. 

Aster_MIMS

ഇതേതുടർന്ന് ചാനലിൻ്റെ തത്സമയ സംപ്രേക്ഷണം പൂർണമായും തടസ്സപ്പെട്ടു. വാർത്തകൾ നൽകുന്ന എഡിറ്റോറിയൽ വിഭാഗത്തിലെ ഇൻപുട്ട് ഫോൺ ഉൾപ്പെടെയാണ് പൊലീസ് പിടിച്ചുവാങ്ങിയതെന്ന് ജീവനക്കാർ പറയുന്നു.

തടസ്സപ്പെട്ടത് തത്സമയ സംപ്രേക്ഷണം

ആറ് മണിക്ക് ആദ്യ ബുള്ളറ്റിൻ കയറുന്നതിനായി ലൈവിൽ വരുന്ന മാധ്യമപ്രവർത്തകനുമായി ബന്ധപ്പെടുന്നതിനിടെ പൊലീസ് എത്തി ഫോൺ പിടിച്ചുവാങ്ങുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. ആരെയാണ് വിളിക്കുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഡെസ്കിലെ പൊലീസ് ഇടപെടൽ. എന്താണ് കേസ് എന്ന ചോദ്യത്തിന് മറുപടി നൽകാതെയായിരുന്നു പൊലീസിൻ്റെ നടപടിയെന്നും മാധ്യമപ്രവർത്തകർ കൂട്ടിച്ചേർത്തു. 

ഇൻപുട്ട് ഫോണിലേക്കാണ് ചാനലിലേക്ക് വേണ്ട എല്ലാ വാർത്തകളും എത്തുന്നത്. ലൈവ് വാർത്തകൾ വരുന്ന ഇൻപുട്ട് ഫോൺ പിടിച്ചെടുത്തതിലൂടെ ചാനലിൻ്റെ സംപ്രേക്ഷണം പൂർണമായും തടസ്സപ്പെടുത്തുകയാണ് ചെയ്‌തതെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ അരുൺ കുമാർ വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇൻപുട്ട് ഫോൺ കൂടാതെ ഡെസ്കിലുണ്ടായിരുന്ന മറ്റ് മാധ്യമപ്രവർത്തകരുടെ ഔദ്യോഗിക ഫോണുകളും സ്വകാര്യ ഫോണുകളും പൊലീസ് പിടിച്ചെടുത്തതായും ജീവനക്കാർ പറഞ്ഞു. കേസുമായി ഒരു ബന്ധവുമില്ലാത്ത മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചുവാങ്ങിയത് എന്തിനാണെന്നാണ് മാധ്യമപ്രവർത്തകർ ചോദിക്കുന്നത്. ഡെസ്കിൽ കയറി പൊലീസ് ഫോൺ പിടിച്ചുവെക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ചാനൽ ഇതിനോടകം ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. 

മാധ്യമ നായാട്ടെന്ന് കെയുഡബ്ല്യുജെ

റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് ന്യൂസ് ഡെസ്കിൽ കടന്നുകയറി പൊലീസ് നടത്തിയ തേർവാഴ്ച മാധ്യമ നായാട്ടും ജനാധിപത്യ ധ്വംസനവുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. വാർത്താ മുറിയിലെ പൊലീസ് നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. വാർത്താ പ്രക്ഷേപണം പോലും തടസ്സപ്പെടുത്തി അഴിഞ്ഞാടാൻ വേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് ഭരണാധികാരികൾ അടിയന്തരമായി വ്യക്തമാക്കേണ്ടതുണ്ട്. 

ന്യൂസ് ഡെസ്കിൽ ഒരു സംഘം പൊലീസുകാർ ഇരച്ചുകയറി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചു വാങ്ങുക വരെ ചെയ്തത് ഞെട്ടിപ്പിക്കുന്ന നടപടിയാണ്. ഒന്നര മണിക്കൂറോളം ഒരു വാർത്താ ചാനൽ ആസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് അഴിഞ്ഞാടിയത് ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഒരു സാഹചര്യത്തിലും നടക്കാൻ പാടില്ലാത്തതാണ്. ഈ അതിക്രമത്തിനെതിരെ അതിശക്തമായ പൊതുവികാരം ഉയരേണ്ടതുണ്ട്.

ന്യൂസ് ക്ലിക്ക് ഓഫീസിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലിൽ അടക്കുകയും ചെയ്തതിന് സമാനമായ നടപടിയാണ് ഇവിടെയും ഉണ്ടായിരിക്കുന്നതെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഈ അതിക്രമം കേരളം അംഗീകരിക്കാൻ പാടില്ല.

ഈ മാധ്യമ ധ്വംസനത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി മറുപടി പറയേണ്ടതുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടന്ന നിന്ദ്യമായ ഈ ആക്രമണത്തെ കേരള പത്രപ്രവർത്തക യൂണിയൻ അതി ശക്തമായി അപലപിച്ചു. പൗരാവകാശങ്ങളിലും മാധ്യമ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന മുഴുവൻ ജന വിഭാഗങ്ങളും ഈ മാധ്യമ നായാട്ടിനെതിരെ അണി നിരക്കണമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ.പി റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും അഭ്യർത്ഥിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: SIT raids Reporter TV HQ, seizes 70 phones; KUWJ strongly condemns the act.

#Kvartha #ReporterTV #PoliceRaid #KeralaPolice #ThiruvananthapuramNews #PressFreedom #AmmuNews

 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia