വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ടി പി സെന്‍കുമാര്‍ മാപ്പ് പറയണമെന്നും മേലില്‍ ഇത്തരം പെരുമാറ്റവുമായി മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വരരുതെന്നും പത്രപ്രവര്‍ത്തക യൂണിയന്‍; ബഹിഷ്‌കരണവും മാപ്പ് പറയിപ്പിക്കലുമല്ല വേണ്ടതെന്നും കയ്യേറ്റം ചെയ്യാന്‍ ആഹ്വാനം ചെയ്തവനെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഒളിച്ചിരുന്ന് കയ്യേറ്റം നടത്തിയവനെതിരെയും നേരിട്ട് നിയമനടപടി സ്വീകരിക്കാന്‍ പ്രസ് ക്ലബ് തയ്യാറകണമെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍

 


തിരുവനന്തപുരം: (www.kvartha.com 16/01/2020) വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറിയ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ മാപ്പ് പറയണമെന്നും മേലില്‍ ഇത്തരം പെരുമാറ്റവുമായി മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വരരുതെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍. വെള്ളാപ്പള്ളി നടേശനെതിരേ വാര്‍ത്താസമ്മേളനം നടത്താന്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ എത്തിയത് ഗുണ്ടകളോടൊപ്പമായിരുന്നുവെന്നും കടവില്‍ റഷീദിനോട് മോശമായി പെരുമാറിയ അദ്ദേഹം മാപ്പു പറയണമെന്നും പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സെന്‍കുമാറിന്റെ നിലവിട്ട പെരുമാറ്റം ഇനിമേലില്‍ മാധ്യമ പ്രവര്‍ത്തകരോട് ഉണ്ടാകരുതെന്നും സംഭവത്തെ അപലപിക്കുന്നതായും യൂണിയന്‍ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ ഗുണ്ടകള്‍ റഷീദിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരേ കേസ് എടുക്കണം. മാധ്യമ പ്രവര്‍ത്തകരുടെ സഹിഷ്ണുതകൊണ്ടു മാത്രമാണ് അനിഷ്ട സംഭവമായി ഇത് മാറാതിരുന്നത്. വാര്‍ത്താ സമ്മേളനം നടത്തുന്നവരും മാധ്യമ പ്രവര്‍ത്തകരും ഒഴികെ ആരും ഹാളില്‍ പ്രവേശിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. അനാരോഗ്യം മറന്നു മാധ്യമ പ്രവര്‍ത്തനം നടത്തുന്നയാളായ റഷീദിന് എല്ലാ ഐക്യഐക്യദാര്‍ഢ്യവും യൂനിയന്‍ പ്രഖ്യാപിച്ചു.

വ്യാഴാഴ്ച തിരുവനന്തപുരത്ത് വെള്ളാപ്പള്ളി നടേശനെതിരേ വാര്‍ത്താസമ്മേളനം നടത്താനെത്തിയപ്പോഴായിരുന്നു സംഭവം. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് സെന്‍കുമാര്‍ തട്ടിക്കയറുകയായിരുന്നു. താങ്കള്‍ ഡിജിപിയായിരുന്നപ്പോള്‍ ഈ വിഷയത്തില്‍ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോള്‍ സെന്‍കുമാര്‍ ക്ഷുഭിതനാകുകയും മദ്യപിച്ചിട്ടുണ്ടോ എന്നും പേര് എന്തെന്നും ചോദിച്ച് തട്ടിക്കയറുകയുമായിരുന്നു. അവനെ പിടിച്ച് പുറത്താക്കൂ എന്ന് തന്റെ കൂടെ വന്നവരോട് ആജ്ഞാപിക്കുകയുമായിരുന്നു.

അതിനിടെ ബഹിഷ്‌കരണവും മാപ്പ് പറയിപ്പിക്കലുമല്ല വേണ്ടതെന്നും കയ്യേറ്റം ചെയ്യാന്‍ ആഹ്വാനം ചെയ്തവനെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഒളിച്ചിരുന്ന് കയ്യേറ്റം നടത്തിയവനെതിരെയും നേരിട്ട് നിയമനടപടി സ്വീകരിക്കാന്‍ പ്രസ് ക്ലബ് തയ്യാറകണമെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്ററുമായി പി ജി സുരേഷ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

പി ജി സുരേഷ് കുമാറിന്റെ പോസ്റ്റ് പൂര്‍ണരൂപം:

കടവില്‍ റഷീദ് ഒരു പത്രപ്രവര്‍ത്തകനാണ്. അറിയിപ്പനുസരിച്ചാണ് പത്രസമ്മേളനത്തിനെത്തിയത്. തിരിച്ചറിയല്‍ രേഖ കാണിച്ചേ ചോദ്യങ്ങള്‍ ചോദിക്കാവു എന്ന് പറയാന്‍ ഇത് പ്രധാനമന്ത്രിയുടെയോ ഡിപ്ലോമക്റ്റിന്റെയോ ഔദ്യോഗിക വാര്‍ത്താസമ്മേളനമല്ല. തിരുവനന്തപുരത്തെ പത്ര മാധ്യമ പ്രവര്‍ത്തകരെ ആകെയാണ് അഭിസംബോധന ചെയ്യുന്നത്.

തനിക്കിഷ്ടമുള്ള കാര്യങ്ങള്‍ക്കേ മറുപടി പറയൂ എന്ന് തീരുമാനിക്കാം. പക്ഷെ താന്‍ നിര്‍ദേശിക്കുന്നതെ ചോദിക്കാവൂ എന്ന് പറയാന്‍ നിങ്ങള്‍ ആരാണ് ഹേ? ചോദ്യം ചോദിക്കുന്നവനോട് മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ അടുത്ത് വരാന്‍ വെല്ലുവിളിക്കുക, മണപ്പിച്ചുനോക്കിയകാലം കഴിഞ്ഞു കുപ്പായം ഊരിയതറിയാഞ്ഞിട്ടാണെങ്കിലും, അതും റഷീദ് അനുസരിക്കുമ്പോളേക്കും 'പിടിക്ക്, വിടരുത്' എന്ന് ആജ്ഞ. ആ ആജ്ഞ കേട്ടവരാണ് എഴുന്നേറ്റു റഷീദിനെ കയ്യേറ്റം ചെയ്തത്.

അവിടെയുള്ളവര്‍ മാധ്യമ സുഹൃത്തുക്കള്‍ ഇടപെട്ടപ്പോള്‍ മാത്രം തല്ലൊഴിവായി. ആരോടാണ് അയാള്‍ 'വിടരുത് പിടിക്ക്' എന്നാജ്ഞാപിച്ചത്? പത്രക്കാരല്ലാതെ അവിടെയിരുന്നത് അയാളുടെ ആള്‍ക്കാരെങ്കില്‍ അവിടെയിരിക്കാനെന്തു അര്‍ഹത?

റഷീദ് ഒരു കാന്‍സര്‍ രോഗത്തെ അതിജീവിച്ചു ജീവിതത്തിലേക്ക് മടങ്ങിവരുന്നയാളാണ്. അയാളെയാണ് സകല ചാനലും തത്സമയം നല്‍കുമ്പോള്‍ അപമാനിച്ചതും ഭീഷണിപ്പെടുത്തിയതും കയ്യേറ്റം ചെയ്തതും. അവിടെയുണ്ടായിരുന്നവരുടെ പ്രതികരണം കുറഞ്ഞെന്നു പഴിക്കുന്നവരോട് -
1. പ്രസ്താവനയും പ്രമേയവുമല്ല വേണ്ടത് നടപടിയാണ്.
2. കയ്യേറ്റം ചെയ്‌തെങ്കില്‍ പോലീസില്‍ പരാതികൊടുക്കണം.
3. മാധ്യമപ്രവര്‍ത്തകനേ കയ്യേറ്റം ചെയ്യാന്‍ ആഹ്വാനം ചെയ്തവനെയും പത്രക്കാര്‍ക്കിടയില്‍ ഒളിച്ചിരുന്ന് കയ്യേറ്റം നടത്തിയവരെയും നിയമനടപടിക്ക് വിധേയരാകണം.
4. പത്രപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയ പ്രസ് ക്ലബ് നേരിട്ട് നിയമനടപടി തുടങ്ങണം. ബഹിഷ്‌കരണവും മാപ്പുപറയിക്കലുമല്ല, ക്രിമിനല്‍ നടപടിക്കെതിരെ നിയമനടപടിയാണ് വേണ്ടത്.

വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ടി പി സെന്‍കുമാര്‍ മാപ്പ് പറയണമെന്നും മേലില്‍ ഇത്തരം പെരുമാറ്റവുമായി മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വരരുതെന്നും പത്രപ്രവര്‍ത്തക യൂണിയന്‍; ബഹിഷ്‌കരണവും മാപ്പ് പറയിപ്പിക്കലുമല്ല വേണ്ടതെന്നും കയ്യേറ്റം ചെയ്യാന്‍ ആഹ്വാനം ചെയ്തവനെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഒളിച്ചിരുന്ന് കയ്യേറ്റം നടത്തിയവനെതിരെയും നേരിട്ട് നിയമനടപടി സ്വീകരിക്കാന്‍ പ്രസ് ക്ലബ് തയ്യാറകണമെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Thiruvananthapuram, News, Press meet, Report, Journalist, Asianet news, Press club,  KUWJ against TP Senkumar 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia