കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ടം റിപോര്‍ട്, 'കഴുത്തില്‍ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചു'; കൊലയാളിയെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടനെന്ന് പൊലീസ്
Feb 11, 2022, 21:55 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 11.02.2022) കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ടം റിപോര്‍ട്. കഴുത്തില്‍ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതാണ് യുവതി മരിക്കാന്‍ കാരണമെന്ന് പോസ്റ്റ്‌മോര്‍ടം പരിശോധനയില്‍ വ്യക്തമായി.

പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ പറയുന്നത് ഇങ്ങനെ: യുവതിയുടെ ശരീരത്തില്‍ മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തലയുടെ പിന്‍വശത്ത് അടിയേറ്റാല്‍ ഉണ്ടാകുന്നതിന് സമാനമായ മുഴയും കണ്ടെത്തിയിരുന്നു. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഇടതു കൈയില്‍ തലമുടി മുറുകെ പിടിച്ചതിന്റെ അടയാളവും മുടിയുമുണ്ട്. കോഴിക്കോട് മെഡികല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ടം പൂര്‍ത്തിയാക്കിയത്.
സംഭവത്തില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്. വിഷയത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. എഡിഎംഒ ഡോ പിയൂഷ് നമ്പൂതിരിക്കാണ് അന്വേഷണ ചുമതല.
അതേസമയം, കൊലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ ആശുപത്രിയില്‍ തന്നെയുള്ളയാളാണെന്നുമാണ് വിവരം. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കും. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരോട് കൂടിയാലോചിച്ച ശേഷം അറസ്റ്റ് നടപടികള്‍ ഉണ്ടാകുമെന്നും കോഴിക്കോട് സിറ്റി ഡപ്യൂടി പൊലീസ് കമീഷണര്‍ ആമോസ് മാമന്‍ പറഞ്ഞു.
വ്യാഴാഴ്ചയാണ് മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോടിനെ ആശുപത്രിയിലെ സെലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ സെല്ലില്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് ജിയറാം ജിലോടിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണ ദിവസം വൈകിട്ട് ഈ സെലിലെ അന്തേവാസികള്‍ തമ്മില്‍ അടിപിടിയുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. ഭര്‍ത്താവിനെ തേടി തലശ്ശേരിയില്‍ എത്തിയ ജിയറാം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 28നാണ് പൊലീസ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.