പയ്യന്നൂരിൽനിന്ന് വിനോദയാത്രയ്ക്ക് പോയ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു: 16 പേർക്ക് പരിക്ക്


ADVERTISEMENT
● പനംകൂട്ടി കൈത്തറിക്കു സമീപം വനമേഖലയിലാണ് അപകടം.
● ഡ്രൈവറുടെ മനസാന്നിധ്യം കാരണം വൻ ദുരന്തം ഒഴിവായി.
● യാത്രക്കാരിൽ കുട്ടികളും ഉൾപ്പെട്ടിരുന്നു.
● പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
● ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി.
കണ്ണൂർ: (KVARTHA) പയ്യന്നൂർ ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി ബജറ്റ് ടൂറിസം സർവീസിൻ്റെ ഭാഗമായി വിനോദസഞ്ചാരികളുമായി പോയ കെഎസ്ആർടിസി ബസ് അടിമാലിയിൽ അപകടത്തിൽപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു.
തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് നിയന്ത്രണംവിട്ട ബസ് ഡ്രൈവർ റോഡരികിലെ മൺതിട്ടയിൽ ഇടിപ്പിച്ച് നിർത്തിയതുകൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്. കുട്ടികളടക്കം 16 പേർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ പനംകൂട്ടി കൈത്തറിക്കു സമീപം വനമേഖലയിലാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം ബസിൽ 45 യാത്രക്കാരുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഘം പയ്യന്നൂരിൽനിന്ന് പുറപ്പെട്ടത്. തേക്കടി, ഇടുക്കി എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചശേഷം തിരികെ പയ്യന്നൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്.
അപകടം നടന്ന റോഡിൻ്റെ ഒരുവശം മൺതിട്ടയും മറുവശം പുഴയുമാണ്. ബ്രേക്ക് നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ ഡ്രൈവർ വിനോദ് മനഃസാന്നിധ്യം കൈവിടാതെ മൺതിട്ടയിൽ ഇടിപ്പിച്ച് ബസ് നിർത്തുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
മറ്റൊരു ഡ്രൈവറായ സജിത്തിനും പരിക്കുണ്ട്. അപകടത്തെത്തുടർന്ന് എറണാകുളം-ഇടുക്കി സംസ്ഥാനപാതയിൽ ഗതാഗത തടസ്സമുണ്ടായി. വെള്ളത്തൂവൽ പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആരുടെയും പരുക്കുകൾ ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.
ഡ്രൈവറുടെ മനസാന്നിധ്യത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഈ വാർത്ത ഷെയർ ചെയ്ത് അഭിപ്രായം അറിയിക്കൂ.
Article Summary: 16 people injured in a KSRTC bus accident in Adimali.
#KSRTC #BusAccident #Kerala #Adimali #Payyanur #TouristBus