KSRTC | അടിമുടി മാറാൻ കെഎസ്ആർടിസി! സ്റ്റോപിൽ നിർത്തി യാത്രക്കാരെ കയറ്റിയില്ലെങ്കിലും ഇറക്കിയില്ലെങ്കിലും ഡ്രൈവർക്ക് പിഴ; മോശമായി പെരുമാറിയാലും പണം പോകും; സ്ഥലമാറ്റവും സസ്പെൻഷനും വേറെയും! 'ആനവണ്ടി' രക്ഷപ്പെടുമോ?
Apr 7, 2024, 20:56 IST
തിരുവനന്തപുരം: (KVARTHA) അടിമുടി മാറാൻ ഒരുങ്ങി കെഎസ്ആർടിസി. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാർക്കെതിരെയുള്ള പരാതികളിൽ ശിക്ഷ വേഗത്തിലാക്കാൻ യൂണിറ്റ് മേധാവികൾക്ക് അധികാരം നൽകിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവ് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇതുപ്രകാരം കെഎസ്ആർടിസി ബസുകൾ സ്റ്റോപിൽ നിർത്തി ആളെക്കയറ്റിയില്ലെങ്കിൽ 1000 രൂപയും സ്റ്റോപിൽ ഇറക്കിയില്ലെങ്കിൽ 500 രൂപയും പിഴ അടക്കണം. ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. പിന്നാലെ സ്ഥലമാറ്റവും സസ്പെൻഷനും നേരിടണം.
നിയമലംഘനങ്ങൾ യാത്രക്കാർക്ക് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പരാതിക്കൊപ്പം സമർപിക്കാനുമാവും. നേരിട്ടും, ഇ-മെയിലിലും വാട്‌സ് ആപിലും കൺട്രോൾ റൂമിലെ ഫോൺ നമ്പറുകളിലും പരാതി നൽകാനാവും. വേഗത്തിൽ അന്വേഷണം നടത്തി കർശന നടപടിയുണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്. പരാതിക്കാരെ അന്വേഷണത്തിന്റെ പേരിൽ ബുദ്ധിമുട്ടിക്കാൻ പാടില്ലെന്ന് ഇൻസ്പെക്ടർമാർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
വിവിധ പിഴകൾ
* യാത്രക്കാരോട് മോശമായി പെരുമാറിയാൽ - 500 രൂപ
* ജോലിക്കിടയിൽ കണ്ടക്ടർ ഉറങ്ങിയാൽ - 1000 രൂപ
* സർവീസ് റോഡുകൾ ഒഴിവാക്കി യാത്രചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്ക് - 1000 രൂപ
* ഭയപ്പെടുത്തുന്ന വിധത്തിൽ അലക്ഷ്യമായി ബസ് ഓടിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് - 500 രൂപ
കൂടാതെ ടികറ്റ് പരിശോധനയും കർശനമാക്കും. ടിക്കറ്റ് നൽകിയിട്ടില്ലെങ്കിൽ ബസിലെ യാത്രക്കാരുടെ എണ്ണത്തിന് അനുപാതികമായി കണ്ടക്ടർക്ക് പിഴ ലഭിക്കും. 30 യാത്രക്കാർ ബസിലുള്ളപ്പോഴാണ് ഒരാൾക്ക് ടികറ്റ് നൽകാൻ വിട്ടുപോയതെങ്കിൽ 5000 രൂപ പിഴ ഈടാക്കും. 47 യാത്രക്കാരുള്ളപ്പോഴാണെങ്കിൽ 3000 രൂപയും 65 യാത്രക്കാർ വരെ ബസിലുണ്ടെങ്കിൽ 2000 രൂപയുമാണ് പിഴ. 65-ൽ കൂടുതൽ യാത്രക്കാരുള്ള ബസിലാണ് വീഴ്ചയെങ്കിൽ 1000 രൂപ ഈടാക്കും. അരടികറ്റ് നൽകാൻ വിട്ടുപോയാലും 1000 രൂപ പിഴ അടക്കേണ്ടി വരും.
'ആനവണ്ടി' രക്ഷപ്പെടുമോ?
സാധാരണക്കാര്‍ക്ക് ലാഭവും സുരക്ഷിതവുമെന്ന് തോന്നിക്കുന്ന രൂപത്തിലേക്ക് കെഎസ്ആര്‍ടിസിയെ മാറ്റുകയും അടിസ്ഥാന സൗകര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലർത്തുകയും വേണമെന്ന ആവശ്യം ശക്തമാണ്. കെഎസ്ആര്‍ടിസിയുടെ പരമമായ ലക്ഷ്യം പൊതുജനങ്ങള്‍ക്ക് യാത്രാ സംവിധാനത്തില്‍ അടിസ്ഥാന സേവനം നല്‍കുകയെന്നതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പുതിയ മാറ്റങ്ങൾ 'ആനവണ്ടി'യുടെ ചീത്തപ്പേര് മാറ്റുമോയെന്ന് കണ്ടറിയാം.
Keywords: News, News-Malayalam-News, Kerala, Kerala-News, KSRTC to change face.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.