Analysis | കെഎസ്ആർടിസിയെ എങ്ങനെ ലാഭത്തിലാക്കാം? മറ്റ് സംസ്ഥാനങ്ങൾ പകരുന്ന മാതൃക


● ജീവനക്കാർക്ക് കൃത്യമായി ശമ്പളം പോലും ലഭിക്കുന്നില്ല.
● മുംബൈ, ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ ലാഭകരമായി പ്രവർത്തിക്കുന്നു
● കേരളത്തിൽ ലാഭത്തിലാക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യം.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) നമ്മുടെ സ്വന്തം കെ.എസ്.ആർ.ടി.സി വൻ നഷ്ടത്തിലാണെന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതിലെ പല ജീവനക്കാർക്കും കൃത്യമായി ശമ്പളവും കിട്ടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ശമ്പളം ഇല്ലാതെ തന്നെ ഇരട്ടി ജോലി ചെയ്യേണ്ടതായും വരുന്നു. ഏത് കക്ഷി ഇവിടെ ഭരിച്ചാലും കെ.എസ്.ആർ.ടി.സി വൻ നഷ്ടത്തിലാണെന്ന് പറയുന്നതല്ലാതെ അതിനെ ലാഭകരമാക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെതാണ് വാസ്തവം.
ഭരണകക്ഷിയെ പ്രതിപക്ഷം ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്നു. എന്നാൽ പ്രതിപക്ഷം പിന്നീട് ഭരണത്തിൽ വന്നാലോ തൽസ്ഥിതിയിൽ ഒരു മാറ്റവും കാണുന്നുമില്ല. ഇതാണ് ഇവിടെ നിത്യവും കണ്ടുകൊണ്ടിരിക്കുന്നത്. ശരിക്കും ഇതിലെ യഥാർത്ഥ പ്രശ്നം എന്താണ്. ഉത്തരവാദിത്തപ്പെട്ടവർ അറിഞ്ഞുകൊണ്ട് ഇക്കാര്യത്തിൽ കണ്ണടയ്ക്കുന്നതോ? അതേസമയം അയൽ സംസ്ഥാനമായ കർണാടകയിലും ബോംബെയിലും ഒക്കെ അവിടുത്തെ ട്രാൻസ്പോർട്ട് സംവിധാനം ലാഭകരമായി മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
പൊതുസമൂഹത്തിൽ നിന്ന് ഉയർന്നുവന്ന അത്തരമൊരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നമ്മുടെ കെ.എസ്.ആർ.ടി.സി സംവിധാനത്തെ സ്നേഹിക്കുന്നവരുടെ ഗ്രൂപ്പിൽ നിന്നും അവരുടെതായി വന്ന കുറിപ്പ് വൈറലായിരിക്കുകയാണ്.
കുറിപ്പിൽ പറയുന്നത്: 'പൊതുഗതാഗത സൗകര്യം ഏറ്റവും കാര്യക്ഷമമായി നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരമാണ് മുംബൈ. ട്രെയിന്‍ ആണ് എങ്കിലും ബസ് ആണെങ്കിലും ആ നഗരത്തിന്റെ സ്പന്ദനം അവയൊക്കെ ആണ്. വെസ്റ്റേണ്‍ സെന്‍ട്രല്‍, ഹാര്‍ബര്‍ എന്നിങ്ങനെ പ്രധാനമായി മൂന്നു ലോക്കല്‍ ട്രെയിന്‍ റൂട്ടുകളില്‍ കൂടി നൂറു കണക്കിന് ട്രെയിനുകളും ലക്ഷക്കണക്കിനു യാത്രക്കാരുമാണ് ദിവസേനെ യാത്ര ചെയ്യുന്നത്. അത് കൂടാതെ ഇപ്പോള്‍ മെട്രോയും മോണോ റയിലും കൂടിയുണ്ട്.
ലോക്കല്‍ ട്രെയിന്‍ അര മണിക്കൂര്‍ ഓട്ടം നിര്‍ത്തിയാല്‍ മുംബൈയിലെ സാധാരണ ജനജീവിതം സ്തംഭിക്കും. അന്ധേരിയില്‍ നിന്നും സൗത്ത് മുംബൈ വരെ ബസ്സില്‍ പോകണം എങ്കില്‍ ചിലപ്പോള്‍ മൂന്നു മണിക്കൂര്‍ ഒക്കെ എടുക്കുന്ന അവസരത്തില്‍ ട്രെയിനില്‍ ചിലപ്പോള്‍ നാല്‍പത്തി അഞ്ചു മിനിറ്റ് മതിയാകും. എല്ലാ ലോക്കല്‍ റെയില്‍വേ സ്റ്റേഷനുകളെയും കണക്റ്റ് ചെയ്തു കൊണ്ട് മുംബൈ കോര്‍പ്പറേഷന്റെ 'ബെസ്റ്റ്' ബസ്സുകളുടെ ശക്തമായ നെറ്റ്‌വര്‍ക്ക്, മുംബൈയില്‍ എവിടെ പോകണം എങ്കിലും പൊതുഗതാഗതത്തിന്റെ ഭാഗമായ ട്രെയിനുകളോ ബസ്സുകളോ ഉപയോഗിക്കാം.
ഏതു പാതിരാത്രിയിലും ജനങ്ങള്‍ക്ക് പൊതുഗതാഗത സൗകര്യം ലഭ്യമാണ്. ഇനി ബാംഗ്ലൂര്‍ നഗരത്തിലെ കാര്യം നോക്കിയാല്‍ അവിടെയും പൊതുഗതാഗത സൗകര്യം ബി എം ടി സി യുടെ കയ്യില്‍ ഭദ്രമാണ്. എവിടെ നോക്കിയാലും ബസ്സുകള്‍ കാണാം. ഇപ്പോള്‍ മെട്രോ ട്രെയിന്‍ നെറ്റ്‌വര്‍ക്ക് പൂര്‍ണമായി സജ്ജമായി വരുന്നുണ്ട്,. ഈ രണ്ടു സ്ഥലങ്ങളിലും ഉള്ള മറ്റൊരു പ്രത്യേകത പ്രൈവറ്റ് ബസ്സുകള്‍ അധികം ഇല്ല എന്നതാണ്. ബാംഗ്ലൂര്‍ ചില പ്രൈവറ്റ് ബസ്സുകള്‍ കാണാം എങ്കിലും പൊതുവേ ആളുകള്‍ അത് ഉപയോഗിക്കാന്‍ താല്പര്യം കാണിച്ചു കണ്ടിട്ടില്ല.
പക്ഷെ മറ്റൊരു വശം കൂടിയുണ്ട്. മുംബൈ ആയാലും ബാംഗ്ലൂര്‍ ആയാലും നഗര പരിധി വിട്ടു കഴിഞ്ഞാല്‍ പൊതുഗതാഗത സൗകര്യം എന്നത് അപൂര്‍വമാണ്. നഗരത്തിനു പുറത്തു സര്‍ക്കാര്‍ ബസ്സുകള്‍ കുറവാണു. കേരളത്തെ സംബന്ധിച്ച് നഗര-ഗ്രാമ ഭേദമന്യേ കെ എസ് ആര്‍ ടി സി ബസ്സുകള്‍ എല്ലായിടത്തും തന്നെ എത്തുന്നുണ്ട്. മലബാര്‍ ഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ലോക്കല്‍ ബസ്സുകള്‍ക്ക് ഉള്ള അസ്വീകാര്യത ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റിടങ്ങളില്‍ നല്ല രീതിയില്‍ നെറ്റ്‌വര്‍ക്ക് ഉള്ള സംവിധാനം തന്നെയാണ് കെ എസ് ആര്‍ ടി സി. എല്ലാ സര്‍ക്കാര്‍കളും കെ എസ് ആര്‍ ടി സി യെ ലാഭത്തില്‍ ആക്കും നഷ്ടം കുറയ്ക്കും എന്നൊക്കെ പറയുന്നതല്ലാതെ ശാശ്വതമായ ഒരു പരിഹാരം കാണുവാന്‍ ശ്രമിക്കുന്നത് കണ്ടിട്ടില്ല.
കേരളത്തില്‍ പൊതുഗതാഗത സൗകര്യം പ്രൈവറ്റ് ബസ്സുകള്‍ക്ക് കൊടുത്തു കൊണ്ട് കെ എസ് ആര്‍ ടി സി ഉള്‍വലിയുന്നത് നിര്‍ത്തുകയും കൃത്യമായി അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഉള്‍പ്പടെ നടത്തുകയും ചെയ്‌താല്‍ തീരാവുന്ന നഷ്ടം മാത്രമേ കെ എസ് ആര്‍ ടി സി യ്ക്കുള്ളൂ. അതിനു ചിലപ്പോള്‍ വേണ്ടത് തലപ്പത്തുള്ള ഐഎഎസുകാരെയും എം ബി എ കാരെയും 'ഉന്നത' ജീവനക്കാരെയും ഒഴിവാക്കി പ്രായോഗികമായി കാര്യങ്ങള്‍ ചെയ്യാന്‍ അറിയാവുന്ന ആരെയെങ്കിലും തലപ്പത്ത് കൊണ്ട് വന്നാലും മതിയാകും.
ശമ്പളവും പെന്‍ഷനും വങ്ങുമ്പോള്‍ മാത്രം 'കടമകളെ' കുറിച്ച് ചിന്തിക്കുന്നത് ജീവനക്കാര്‍ കൂടി അവസാനിപ്പിച്ചാല്‍ ആന വണ്ടി നല്ല ചന്തത്തോടെ ഇനിയും ഓടും. അല്ലെങ്കില്‍ ഓരോ തവണയും നഷ്ടം കൂടുമ്പോള്‍ പൊതു ഖജനാവില്‍ നിന്നും കോടികള്‍ കൊടുത്തു കൊണ്ടുള്ള 'പാച്ച്'വര്‍ക്കുകള്‍ നടത്തി കൊണ്ടേ ഇരിക്കാം'.
ഇത് പൊതുസമൂഹത്തിലെ നിക്ഷപക്ഷ ജനങ്ങളുടെ അഭിപ്രായം ആയി വേണം വിലയിരുത്താൻ. നമ്മുടെ സർക്കാരിൻ്റെ പൊതുഗതാഗത സംവിധാനത്തെ ലാഭത്തിലാക്കാൻ ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന് ഒരു നിമിഷം മതിയെന്ന് തെളിയിക്കുന്നതാണ് ഈ കുറിപ്പ്. ശരിക്കും കെ.എസ്.ആർ.ടി.സി യെ നഷ്ടത്തിലാക്കാൻ വെമ്പുന്നതാര, അതിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റകയ്യോ? അതാണ് പരിശോധിക്കേണ്ടത്.
#KSRTC #Kerala #publictransport #transportcrisis #KeralaGovernment #KarnatakaTransport #MumbaiTransport