കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു; ഓര്‍മയായത് കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവ്

 


തിരുവനന്തപുരം: (www.kvartha.com 11.05.2021) കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മ (102) അന്തരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്ന കെ ആര്‍ ഗൗരിയമ്മ ഏതാനും ദിവസം മുമ്പാണ് ആലപ്പുഴ ചാത്തനാത്തെ വീട്ടില്‍ നിന്നും തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് എത്തിയത്.


കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു; ഓര്‍മയായത് കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവ്


വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെആര്‍ ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയാല്‍ അപൂര്‍ണ്ണമാണ് കേരള രാഷ്ട്രീയ ചരിത്രം. നിയമം പഠിച്ച് വക്കീലായി, രാഷ്ട്രീയത്തിലിറങ്ങിയ ഗൗരിയമ്മ ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു. ഇരുപത്തിയെട്ടാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗത്വം. ഒളിവു ജീവിതവും ജയില്‍വാസവും കൊടിയ പീഡനങ്ങളും കടന്നാണ് കേരള ചരിത്രത്തിലെ അസാമാന്യ വ്യക്തിത്വങ്ങളിലൊന്നായി ഗൗരിയമ്മ രൂപപ്പെട്ടത്. 13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. ഭൂപരിഷ്‌കരണ നിയമം അടക്കമുള്ള നിര്‍ണായക ചുവടുകള്‍ ഗൗരിയമ്മയുടെ നേട്ടങ്ങളാണ്.

ചേര്‍ത്തലയിലെ പട്ടണക്കാട്ട് അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ എ രാമന്‍, പാര്‍വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 നാണ് ഗൗരിയമ്മ ജനിച്ചത്. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി. ജ്യേഷ്ഠസഹോദരന്‍ സുകുമാരന്റെ സ്വാധീനത്താല്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി. ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.

തിരുവിതാംകൂര്‍ ദിവാന്‍ സി പി രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധവും പുന്നപ്രവയലാര്‍ സമരവുമാണ് ഗൗരിയമ്മയെ സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. പി കൃഷ്ണപിള്ളയാണ് കമ്യൂണിസ്റ്റ് പാര്‍ടി അംഗത്വം നല്‍കിയത്. 1948 ല്‍ തിരു- കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 

1952 ലും 54 ലും തിരുകൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരള രൂപീകരണത്തിനുശേഷം 1957 ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ഗൗരിയമ്മ കേരളത്തിലെ ആദ്യ റവന്യൂവകുപ്പ് മന്ത്രിയായി. അക്കാലത്താണ് ടി വി തോമസുമായുള്ള വിവാഹം. അതേ മന്ത്രിസഭയില്‍ അംഗമായിരുന്നു ടി വിയും. 1964-ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ ടിവിയും ഗൗരിയമ്മയും രണ്ടു ചേരികളിലായി. ഗൗരിയമ്മ സി പി എമിനൊപ്പവും ടിവി സി പി ഐക്കൊപ്പവുമായിരുന്നു. തുടര്‍ന്ന് ടിവിയുമായി പിരിഞ്ഞു.

പതിനേഴ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ മാത്രമാണു പരാജയമറിഞ്ഞത്. 

ആറുതവണ മന്ത്രിയായി. മന്ത്രിയായിരിക്കെ കാര്‍ഷിക നിയമം, കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബില്‍, പാട്ടം പിരിക്കല്‍ നിരോധനം, സര്‍കാര്‍ ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍കാര്‍ ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍കാര്‍ ഭൂമി പതിവു നിയമം തുടങ്ങി തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു.

സി പി എമിലെ അഭിപ്രായ വ്യത്യാസങ്ങളും നേതൃത്വവുമായുള്ള പിണക്കവും മൂലം 1994 ജനുവരി ഒന്നിന് ഗൗരിയമ്മ സി പി എമില്‍നിന്നു പുറത്തായി. തുടര്‍ന്നു ജെ എസ് എസ് രൂപീകരിച്ചു. യു ഡി എഫിലായിരുന്ന അവര്‍ 2016-ല്‍ യു ഡി എഫുമായി ഇടഞ്ഞു മുന്നണി വിട്ടു. അവസാന കാലത്ത് സി പി എമുമായി അടുപ്പം പുലര്‍ത്തിയിരുന്നു. പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ഗൗരിയമ്മയെ സന്ദര്‍ശിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്തു. സി പി എമിന്റെ വനിതാ മതിലില്‍ അടക്കം ഗൗരിയമ്മ പങ്കെടുത്തു. പാര്‍ടിയിലേക്കു തിരിച്ചു വിളിക്കണമെന്ന തരത്തില്‍ സി പി എമില്‍ ചര്‍ച്ചകളും ഉണ്ടായിരുന്നു. ഗൗരിയമ്മയുടെ ആത്മകഥയ്ക്ക് 2011-ല്‍ കേരള സാഹിത്യ അകാദമി പുരസ്‌കാരം ലഭിച്ചിരുന്നു.

ജീവിതത്തെ നാടിന്റെ മോചനപോരാട്ടത്തിന്റെ വീരേതിഹാസമാക്കി
മാറ്റിയ ധീര നായിക - മുഖ്യമന്ത്രി

സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെ ആര്‍ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്.

കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണ്. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില്‍ ഒരുമിച്ചു. ആധുനിക കേരളത്തിന്റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണ്. 

നൂറുവര്‍ഷം ജീവിക്കാന്‍ കഴിയുക എന്നത് അപൂര്‍വം പേര്‍ക്കു മാത്രം സാധ്യമാവുന്ന ഒന്നാണ്. ഈ ജീവിതഘട്ടത്തിലാകെ ബോധത്തെളിച്ചത്തോടെ കഴിയുക, പരാധീനത്തിലല്ലാതെ കഴിയുക, മറ്റുള്ളവര്‍ക്കു സഹായകരമായി കഴിയുക തുടങ്ങിയവയൊക്കെ സാധ്യമാവുന്നതാകട്ടെ അത്യപൂര്‍വം പേര്‍ക്കാണ്. ആ അത്യപൂര്‍വം പേരില്‍പ്പെടുന്നു കെ ആര്‍ ഗൗരിയമ്മ. ഇങ്ങനെയൊരാള്‍ നമുക്കുണ്ടായിരുന്നു എന്നതു   നമ്മുടെ വലിയ  ധന്യതയാണ്. ഗൗരിയമ്മയുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞു എന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണ്.

അനുഭവങ്ങളുടെ അതിസമ്പന്നമായ പശ്ചാത്തലത്തോടെ നമ്മുടെ സാമൂഹ്യജീവിതത്തിനു മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിഞ്ഞ മാതൃകാ വ്യക്തിത്വം എന്നുവേണം ഗൗരിയമ്മയെ വിശേഷിപ്പിക്കാന്‍. വിദ്യാര്‍ത്ഥി ജീവിതഘട്ടത്തില്‍ തന്നെ കര്‍മരംഗത്തേക്കും സമരരംഗത്തേയ്ക്കുമിറങ്ങി. നൂറുവയസ്സു പിന്നിട്ട ഘട്ടത്തിലും ഗൗരിയമ്മ ജനങ്ങള്‍ക്കിടയില്‍ തന്നെയുണ്ടായി.  

ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വര്‍ത്തമാനകാല രാഷ്ട്രീയഘട്ടവുമായി ബന്ധപ്പെടുത്തുന്ന   വിലപ്പെട്ട കണ്ണിയാണ് ഗൗരിയമ്മയിലൂടെ നമുക്ക് നഷ്ടമാകുന്നത്. 

ധീരതയുടെ പ്രതീകമായാണു ഗൗരിയമ്മയെ കേരളം എന്നും കണ്ടിട്ടുള്ളത്. സര്‍ സി പിയുടെ കാലത്തേ പൊലീസിന്റെ ഭേദ്യം അനുഭവിക്കേണ്ടി വന്നിട്ടുള്ള അവര്‍ക്ക്, സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഘട്ടത്തിലും പൊലീസില്‍നിന്ന് ഒട്ടേറെ യാതനാനുഭവങ്ങളുണ്ടായി. ചെറുത്തുനില്‍പ്പിന്റെ കരുത്തുറ്റ ധീരബിംബമായി ഗൗരിയമ്മ അങ്ങനെ മാറി. ആ നിലയ്ക്കുള്ള കവിതകള്‍ പോലും മലയാളത്തില്‍ അവരെക്കുറിച്ചുണ്ടായി.
 
അത്യപൂര്‍വം സ്ത്രീകള്‍ മാത്രം ഉന്നത വിദ്യാഭ്യാസത്തിനെത്തിയിരുന്ന ഒരു കാലത്ത് നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗൗരിയമ്മക്കു വേണമെങ്കില്‍ ഔദ്യോഗിക തലത്തില്‍ തിളക്കമാര്‍ന്ന തലങ്ങളിലേക്കു വളര്‍ന്ന് സ്വന്തം ജീവിതം സുരക്ഷിതവും സമ്പന്നവുമാക്കാമായിരുന്നു. ആ വഴിയല്ല, തന്റെ വഴിയെന്ന് അവര്‍ തിരിച്ചറിഞ്ഞു. ജനങ്ങളിലേയ്ക്കിറങ്ങി. ഒളിവിലും തെളിവിലും ത്യാഗപൂര്‍വമായി ജീവിച്ചു.

ഒന്നാം കേരള മന്ത്രിസഭയില്‍ തന്നെ അംഗമായി അവര്‍. കേരള കാര്‍ഷിക പരിഷ്‌കരണ നിയമം അടക്കമുള്ള സാമൂഹ്യമാറ്റത്തിന്റെ കൊടുങ്കാറ്റു വിതച്ച ബില്ലുകളുടെ നിയമമാക്കലില്‍ ശ്രദ്ധേയമായ പങ്കാണവര്‍ വഹിച്ചത്. രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഒന്നും രണ്ടും നായനാര്‍ മന്ത്രിസഭകളിലും അവര്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.

അസാമാന്യ ദൈര്‍ഘ്യമുള്ള നിയമസഭാ സാമാജിക ജീവിതമാണ് ഗൗരിയമ്മയുടേത്. 1952-53, 1954-56 ഘട്ടങ്ങളിലെ തിരു-കൊച്ചി നിയമസഭകളിലും കേരള രൂപീകരണത്തോടെ അഞ്ചാമത്തേതൊഴികെ ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള നിയമസഭകളിലും അവര്‍ അംഗമായി. മന്ത്രിസഭയിലാകട്ടെ, റവന്യു, വ്യവസായം, കൃഷി, എക്‌സൈസ്, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളിലൊക്കെ മൗലികമായ പരിഷ്‌കാരങ്ങള്‍ വരുത്താനും തനതായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും അവര്‍ ശ്രദ്ധിച്ചു.

പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി തുടങ്ങിയ ഒന്നാം തലമുറ കമ്യൂണിസ്റ്റ്  നേതാക്കള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഗൗരിയമ്മയ്ക്ക്. ആ നിലയ്ക്കു കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വലിയ സംഭാവനയാണ് അവര്‍ക്കൊപ്പം നിന്നു ഗൗരിയമ്മ നല്‍കിയത്.
സ്ത്രീക്ക് സ്വന്തം മുഖവും വ്യക്തിത്വവുമുണ്ട് എന്ന് കേരള സമൂഹത്തില്‍ പൊരുതി സ്ഥാപിച്ച വ്യക്തിയാണു ഗൗരിയമ്മ. അതിന് അവര്‍ക്ക് അക്കാലത്ത് ശക്തിപകര്‍ന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. 

അസാധാരണമായ ത്യാഗവും ധീരതയും  നിറഞ്ഞ ജീവിതമാണു ഗൗരിയമ്മ നയിച്ചത്. അതാകട്ടെ, ഈ സമൂഹത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. സമൂഹത്തെ ഇനിയും പുരോഗമനപരമായി മുമ്പോട്ടുകൊണ്ടുപോവാനുള്ള നവോത്ഥാന രാഷ്ട്രീയ നീക്കങ്ങളെ ശക്തിപ്പെടുത്തി മുന്നേറുമെന്ന് പ്രതിജ്ഞ ചെയ്യുന്നതാകട്ടെ വിയോഗ വേളയില്‍ ഗൗരിയമ്മയ്ക്കുള്ള ആദരാജ്ഞലിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗൗരിയമ്മയുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഉടന്‍ പൊതുദര്‍ശനത്തിന് വെക്കും. 

അയ്യങ്കാളി ഹാളിലും ആലപ്പുഴയിലെ സംസ്‌കാര ചടങ്ങിലും കര്‍ശനമായ കോവിഡ് പ്രോടോകോള്‍ പാലിച്ച് 300 പേര്‍ക് പൊതു ദര്‍ശനത്തില്‍ പങ്കെടുക്കാമെന്ന് കോവിഡ് മാനദണ്ഡത്തില്‍ ഇളവ് വരുത്തി
സര്‍കാര്‍ ഉത്തരവിറക്കി.

Keywords:  News, Kerala, State, UDF, Thiruvananthapuram, CPM, Politics, KR Gouri Amma, Death, Political party, KR Gowriamma passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia