Rs 137 Challenge | 'തുക പിരിവ് തിരിച്ചടിയായി'; കോണ്‍ഗ്രസിനുള്ളില്‍ പോരിട്ട് ട്രഷററും ജെനറല്‍ സെക്രടറിയും; നാണക്കേടായി കെപിസിസിയുടെ 137 രൂപ ചലന്‍ജ്

 


തിരുവനന്തപുരം: (www.kvartha.com) കോണ്‍ഗ്രസിന് നാണക്കേടും തലവേദനയുമായി കെപിസിസിയുടെ നേതൃത്വത്തില്‍ നടന്ന 137 രൂപ ചലന്‍ജ്. കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ ചലന്‍ജില്‍ എത്ര തുക പരിച്ച് കിട്ടിയെന്ന കണക്ക് ആര്‍ക്കുമറിയില്ല. കെപിസിസി ട്രഷററുടെയും ഓഫിസ് സെക്രടറിയുടേയും നേതൃത്വത്തില്‍ ആസൂത്രിത തിരിമറി നടന്നെന്നാണ് കോണ്‍ഗ്രസിനുള്ളിലെ ഇപ്പോഴത്തെ ആരോപണം.


Rs 137 Challenge | 'തുക പിരിവ് തിരിച്ചടിയായി'; കോണ്‍ഗ്രസിനുള്ളില്‍ പോരിട്ട് ട്രഷററും ജെനറല്‍ സെക്രടറിയും; നാണക്കേടായി കെപിസിസിയുടെ 137 രൂപ ചലന്‍ജ്

കെപിസിസി ആണ് 50 കോടി പിരിക്കാന്‍ ആലോചിച്ചത്. ഏകദേശം 19 കോടി വരെ ചലന്‍ജിലൂടെ കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇതുവരെ കിട്ടിയ തുകയുടെ കണക്ക് എത്രയെന്ന് ആര്‍ക്കും അറിയില്ല. സാധാരണ തുക പിരിവ് കഴിഞ്ഞാല്‍ കെ പി സി സി ഭാരവാഹികളുടെ യോഗത്തിലും എക്സിക്യൂടിവിലും കണക്കുകള്‍ അവതരിപ്പിക്കുകയാണ് പതിവ്. എന്നാല്‍ 137-രൂപ ചലന്‍ജിന്റെ കാര്യത്തില്‍ ഇതുവരെ അതുണ്ടായില്ല. ഇനി ചേരുന്ന ഭാരവാഹി യോഗത്തിലും എക്സിക്യൂടിവ് യോഗത്തിലും ഈ വിഷയം ഉയര്‍ത്താന്‍ തയാറെടുക്കുകയാണ് ഗ്രൂപ് നേതാക്കള്‍.

ഡിസംബര്‍ 28ന് തുടങ്ങി റിപബ്ലിക് ദിനത്തില്‍ അവസാനിപ്പിക്കുമെന്ന് പറഞ്ഞു തുടങ്ങിയ ചലന്‍ജ് പദ്ധതി ലക്ഷ്യം കാണാത്തതിനാല്‍ ദണ്ഡിയാത്രയുടെ വാര്‍ഷിക ദിനമായ മാര്‍ച് 12ലേക്കും പിന്നീട് എപ്രില്‍ 30 വരെയും ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. 137 രൂപയോ അതിന്റെ ഗുണിതങ്ങളോ ആയി പണമടയ്ക്കണമെന്നാണ് കെപിസിസി നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ വേണ്ടത്ര ആസൂത്രണമില്ലാതെ പോയതോടെ പദ്ധതി താഴേതട്ടിലെത്താതെ പാളി. ഇതിന് പിന്നാലെ ഫന്‍ഡ് തട്ടിപ്പ് ആരോപണം ഉയര്‍ത്തി ഒരുവിഭാഗം വിമര്‍ശനമുന്നയിച്ചതോടെ ഫന്‍ഡ് പിരിവ് കെപിസിസിക്ക് തലവേദനയായി മാറി.

ഡിജിറ്റലായി പണം പിരിക്കാനായിരുന്നു തീരുമാനം. ആദ്യം നല്‍കിയ ക്യു ആര്‍ കോഡിന് സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി പുതിയത് നല്‍കി. ക്യൂ ആര്‍ കോഡ് ബന്ധിപ്പിക്കുന്നതിനായി പല ബാങ്കുകളിലായി അഞ്ചോ ആറോ അകൗണ്ടുകളാണ് എടുത്തത്. ഇതിനു പുറമെ പേപര്‍ കൂപണും അച്ചടിച്ചു നല്‍കി. ഇതിനെ തുടര്‍ന്നാണ് 37 രൂപ ചലന്‍ജ് എപ്രില്‍ 30 വരെ നീട്ടിയത്. എന്നാല്‍ ഡിജിറ്റലായി പിരിച്ച പണമൊക്കെ കെ പി സി സിയുടെ അകൗണ്ടിലേക്കല്ല വന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

അതിനിടെ പിരിഞ്ഞ് കിട്ടിയ ഫന്‍ഡിന്റെ കണക്കിനെ ചൊല്ലി ട്രഷററും കെ പി സി സി ജെനറല്‍ സെക്രടറിയും തമ്മില്‍ ഇന്ദിരാഭവനില്‍ വാക്കേറ്റവും നടന്നു. കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രനായിരുന്നു തുക പിരിവിന്റെ ചുമതല. ട്രഷററുടെ കെടുകാര്യസ്ഥതയും ഏകോപനക്കുറവും പദ്ധതിയെ പിന്നോട്ടടിച്ചുവെന്ന് തുടക്കം മുതല്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എത്ര പണം വന്നുവെന്ന് കെപിസിസി അധ്യക്ഷനായ കെ സുധാകരന് പോലും ബന്ധപ്പെട്ടവര്‍ കണക്ക് കൃത്യമായി കൈമാറിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

Keywords: KPCC’s Rs 137 Challenge ends up as real challenge for party!, Thiruvananthapuram, News, Politics, Allegation, Funds, K.Sudhakaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia