Sketch | ഓടുന്ന ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം: ഭീകരവാദ, മാവോയിസ്റ്റ് ബന്ധം സംശയിച്ച് പൊലീസ്; മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താത്തതില്‍ വ്യാപക വിമര്‍ശനം

 


കോഴിക്കോട്: (www.kvartha.com) ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യുടിവ് എക്‌സ്പ്രസ് ട്രെയിന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയെന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കേസിലെ നിര്‍ണായക സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെ തയാറാക്കിയ രേഖാചിത്രമാണ് പുറത്തുവിട്ടത്.

എലത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയാറാക്കിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അതില്‍ മുഖം വ്യക്തമായിരുന്നില്ല. രേഖാചിത്രം പുറത്തുവിടുന്നതോടെ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

നേരത്തെ, കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരുന്നത്. ബാഗ് ധരിച്ച ഒരാള്‍ ഇടറോഡിലൂടെ നടന്നുവന്ന് പ്രധാന റോഡിന് സമീപം നില്‍ക്കുന്നതാണു ദൃശ്യങ്ങളില്‍ കാണുന്നത്. ഞായറാഴ്ച രാത്രി 11.30നാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന സ്ഥലത്തിനു തൊട്ടടുത്താണ് റെയില്‍വേ ട്രാകും റെയില്‍വേ ക്രോസിങ്ങുമുള്ളത്. അവിടെനിന്ന് നടന്നുവന്നയാളാണ് പള്ളിക്കു സമീപം റോഡരികില്‍ അല്‍പനേരം നില്‍ക്കുന്നതായി കാണുന്നത് ദൃശ്യങ്ങളില്‍ കാണുന്നത്. ഇയാള്‍ ഫോണില്‍ സംസാരിച്ചാണു നില്‍ക്കുന്നത്.

ചുവപ്പു കള്ളി ഷര്‍ടാണു വേഷം. അക്രമിയെക്കുറിച്ച് ട്രെയിനിലെ സഹയാത്രികര്‍ നല്‍കിയ വിവരങ്ങളുമായി ചേര്‍ന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ള വ്യക്തിയുടെ വസ്ത്രം ഉള്‍പ്പെടെയുള്ളവ. അല്‍പനേരത്തിനുശേഷം പ്രധാന റോഡിലൂടെ വരുന്ന ഒരു ബൈക് സമീപത്തു നിര്‍ത്തുന്നതും ഇയാള്‍ അതില്‍ കയറിപ്പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ട്രെയിന്‍ യാത്രയ്ക്കിടെ യുവാവ് കോചില്‍ പെട്രോള്‍ ഒഴിച്ചു തീയിട്ട സംഭവം ആസൂത്രിതമെന്നാണ് പൊലീസിന്റെ നിഗമനം. ഒരു പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ച് ചെയ്ത ആക്രമണമെന്ന് തോന്നുന്നില്ലെന്നും എല്ലാവരേയും ഇല്ലാതാക്കുക എന്ന ലക്ഷ്യമായിരുന്നു അക്രമിക്കെന്നും ദൃക്‌സാക്ഷി നേരത്തെ മൊഴി നല്‍കിയിരുന്നു.

സംഭവത്തില്‍ ഭീകരവാദ, മാവോയിസ്റ്റ് ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷണം തുടങ്ങി. റെയില്‍വേയും അന്വേഷണം പ്രഖ്യാപിച്ചു. ഫൊറന്‍സിക്, ഫിംഗര്‍ പ്രിന്റ് പരിശോധന പൂര്‍ത്തിയായി.

ഉത്തര്‍പ്രദേശ് സ്വദേശിയാണ് അക്രമിയെന്നാണു പ്രാഥമിക നിഗമനം. ട്രാകില്‍നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗിലെ ബുകില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് എഴുതിയിരിക്കുന്നത്. മലയാളത്തിലുള്ള എഴുത്തുകളൊന്നും ഇല്ല. സ്ഥലപ്പേരുകളാണ് കുറിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുകിലുണ്ട്.

തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബുകിലുള്ളത്. ഡെല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ഇംഗ്ലീഷില്‍ 'എസ്' എന്ന രീതിയില്‍ വലുതായി എഴുതിയിട്ടുണ്ട്. ചില കണക്കുകളും കുറിച്ചിട്ടുണ്ട്. പല തീയതികളും റെയില്‍വേ സ്റ്റേഷനുകളുടെ പേരുമുണ്ട്.

Sketch | ഓടുന്ന ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം: ഭീകരവാദ, മാവോയിസ്റ്റ് ബന്ധം സംശയിച്ച് പൊലീസ്; മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താത്തതില്‍ വ്യാപക വിമര്‍ശനം

ബാഗില്‍നിന്ന് മൊബൈല്‍ ഫോണ്‍, കണ്ണട, പഴ്‌സ്, ബ്രൗണ്‍ നിറമുള്ള ടീഷര്‍ട്, ഒരു ട്രാക് പാന്റ്, ഓവര്‍കോട്, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്‌സ്, ലഘുഭക്ഷണ പാകറ്റ്, മിഠായി, പേന, ഒരു കുപ്പി പെട്രോള്‍, ഒരു സ്റ്റികി നോട്, കുറച്ച് ആണികള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്.

ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ചാണ് സംഭവമുണ്ടായത്. അക്രമി ഡി1 കോചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ട്രാകില്‍നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം. മൂന്നു സ്ത്രീകള്‍ ഉള്‍പെടെ ഒമ്പത് യാത്രക്കാര്‍ക്കാണ് പൊള്ളലേറ്റത്. ഇവര്‍ ചികിത്സയിലാണ്.

Keywords:  Kozhikode train fire: Police release sketch of suspect, Kozhikode, News, Police, CCTV, Train, Railway Track, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia