Protest | 'മൊബൈല്‍ ഫോണ്‍ കാണാനില്ല, ഇൻക്വസ്റ്റ് നടത്താൻ ആർഡിഒ എത്തിയില്ല'; കുറ്റ്യാടിയിലെ പൊലീസുകാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

 


കോഴിക്കോട്: (KVARTHA) കുറ്റ്യാടിയിലെ പൊലീസുകാരന്‍ പാതിരിപ്പറ്റ സ്വദേശി എം പി സുധീഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ജോലി സമ്മര്‍ദമുണ്ടായിരുന്നുവെന്നും മരിച്ച സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും കുടുംബം പറയുന്നു.

തിങ്കളാഴ്ച (23.10.2023) രാവിലെ 11 മണിക്കാണ് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിനീയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എം പി സുധീഷിനെ ജോലിക്കിടെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് വൈകുന്നേരം പാര്‍കിംഗ് ഏരിയായില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് പ്രദേശവാസികള്‍ തടഞ്ഞിരുന്നു. സുധീഷിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ ആര്‍ഡിഒ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് ആംബുലന്‍സ് തടഞ്ഞത്. രാത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റാനായിരുന്നു ശ്രമം. എന്നാല്‍ നൂറോളം വരുന്ന സമീപവാസികള്‍ ഇത് തടയുകയായിരുന്നു. ബഹളങ്ങള്‍ക്കൊടുവില്‍ രാത്രി 12 മണിയോടെയാണ് വാഹനം കടത്തിവിടാന്‍ അനുവദിച്ചത്. സുധീഷിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പെടെ പൊലീസുകാര്‍ ഒളിപ്പിച്ചതായി മണ്ഡലം കോണ്‍ഗ്രസ് കമിറ്റി ആരോപിച്ചു.

അതിനിടെയാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബവും രംഗത്തെത്തുന്നത്. സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും ജോലിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സുധീഷിന് സമ്മര്‍ദമുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.

സംഭവദിവസം രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തുകയും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സുധീഷിനോട് ഒരു ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തിരുന്നുവെന്നും രണ്ടു ദിവസം മുന്‍പ് ഡിവൈഎസ്പിയും ഇതേ കേസുമായി ബന്ധപ്പെട്ട് സുധീഷിനോട് സംസാരിച്ചിരുന്നുവെന്നുമാണ് വിവരം. തുടര്‍ന്ന് 11 മണിയോടെ സ്റ്റേഷനില്‍നിന്ന് പുറത്തു പോയ സുധീഷിനെ പിന്നീട് ആരും കണ്ടിട്ടില്ല.

വൈകുന്നേരമാണ് തൊട്ടടുത്തുള്ള കെട്ടിടത്തില്‍ സുധീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സുധീഷിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നതായാണ് റിപോര്‍ട്. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ രേഖകള്‍ തയാറാക്കാനുള്ള ചുമതല സുധീഷിന് നല്‍കിയിരുന്നു. വീട്ടിലെത്തിയാലും സുധീഷ് ഇതിന്റെ പിരിമുറുക്കത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Protest | 'മൊബൈല്‍ ഫോണ്‍ കാണാനില്ല, ഇൻക്വസ്റ്റ് നടത്താൻ ആർഡിഒ എത്തിയില്ല'; കുറ്റ്യാടിയിലെ പൊലീസുകാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം



Keywords: News, Kerala, Kerala-News, RDO, Kozhikode-News, Kozhikode News, Protest, Policeman, Death, Kuttiady News, Mobile Phone, Family, Missing, Accused, Case, Allegation, Kozhikode: Protest over policeman's death in Kuttiady.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia