SWISS-TOWER 24/07/2023

Bus | 'നവ കേരള ബസ്' പൊതുജനങ്ങള്‍ക്കായുള്ള ആദ്യത്തെ സര്‍വീസ് ആരംഭിച്ചു; യാത്രയ്ക്ക് തുടക്കം കുറിച്ചത് കോഴിക്കോട് നിന്ന്

 


ADVERTISEMENT

കോഴിക്കോട്: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ കേരളം മുഴുവന്‍ സഞ്ചരിച്ച 'നവ കേരള ബസ്' പൊതുജനങ്ങള്‍ക്കായുള്ള ആദ്യത്തെ സര്‍വീസ് ആരംഭിച്ചു. പുലര്‍ചെ കോഴിക്കോട് നിന്നായിരുന്നു യാത്രയ്ക്ക് തുടക്കം കുറിച്ചത്. നാല് മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും നാലരയോടെയാണ് യാത്ര ആരംഭിച്ചത്.

അതേസമയം, ബെംഗ്‌ളൂറിലേക്കുള്ള യാത്ര തുടങ്ങി അല്‍പസമയത്തിനകം 'ഗരുഡപ്രീമിയം' സര്‍വീസിന്റെ ഹൈഡ്രോളിക് വാതില്‍ കേടായി. വാതില്‍ ഇടയ്ക്കിടെ തനിയെ തുറന്നുവരികയായിരുന്നു. ശക്തമായി കാറ്റ് അടിക്കാന്‍ തുടങ്ങിയതോടെ കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. യാത്രക്കാരുടെ നേതൃത്വത്തില്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു. തുടര്‍ന്ന് ബത്തേരി ഡിപോയില്‍നിന്ന് വാതിലിന്റെ തകരാര്‍ പരിഹരിച്ചു. എമര്‍ജന്‍സി എക്‌സിറ്റ് സ്വിച് ഓണ്‍ ആയി കിടന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിവരം.

താമരശേരിയില്‍ ബസിന് സ്വീകരണം ലഭിച്ചു. റിസര്‍വ് ഡ്രൈവര്‍ കം കന്‍ഡക്ടര്‍ രീതിയില്‍ പി ജയ്ഫര്‍, ഷാജി മോന്‍ എന്നിവരാണ് ബസ് ഓടിക്കുന്നത്. 2013 മുതല്‍ കോഴിക്കോട്-ബെംഗ്‌ളൂറു മള്‍ടി ആക്‌സില്‍ ബസ് ഓടിക്കുന്നവരാണിവര്‍. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതില്‍ ഒരു സീറ്റ് കന്‍ഡക്ടറുടേതാണ്. ഏപ്രില്‍ 30 നാണ് സീറ്റ് ബുകിങ്ങിന് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയത്. രണ്ട് ദിവസം കൊണ്ട് സീറ്റു മുഴുവന്‍ ബുക് ചെയ്തു.

Bus | 'നവ കേരള ബസ്' പൊതുജനങ്ങള്‍ക്കായുള്ള ആദ്യത്തെ സര്‍വീസ് ആരംഭിച്ചു; യാത്രയ്ക്ക് തുടക്കം കുറിച്ചത് കോഴിക്കോട് നിന്ന്

കോഴിക്കോട് - ബെംഗ്‌ളൂറു റൂടാണ് സ്ഥിരം സര്‍വീസെങ്കിലും മേയ് ദിനത്തില്‍ കോഴിക്കോട്ടേക്ക് ബസെത്തിക്കാനുള്ള യാത്ര തിരുവനന്തപുരം കോഴിക്കോട് സര്‍വീസായി മാറിയിരുന്നു. ബുക് ചെയ്ത ഒന്‍പത് യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂര്‍ ടെര്‍മിനലില്‍നിന്നും കയറിയത്. വഴിയിലും ആളെ കയറ്റി. കോഴിക്കോട് സ്റ്റാന്‍ഡില്‍ നിര്‍ത്താനുള്ള ശ്രമത്തിനിടെ ബസിന്റെ വശങ്ങള്‍ ഉരഞ്ഞു പെയ്ന്റ് പോയി. നടക്കാവ് വര്‍ക് ഷോപില്‍ എത്തിച്ച് പെയ്ന്റടിച്ചു.

മന്ത്രിസഭയുമായി ബസ് സഞ്ചരിച്ചപ്പോള്‍ ജോലിയിലുണ്ടായിരുന്ന ഡ്രൈവറും കന്‍ഡക്ടറുമാണ് ബസ് കോഴിക്കോട്ടെത്തിച്ചത്. കോഴിക്കോടെത്തിച്ചശേഷം ആദ്യത്തെ ബെംഗളൂറു സര്‍വീസാണ് ഞായറാഴ്ച (05.05.2024) പുലര്‍ചെ ആരംഭിച്ചത്. നവ കേരള സദസിനുശേഷം ബസ് എന്ത് ചെയ്യണമെന്ന ചര്‍ച്ച നടന്നിരുന്നു. മന്ത്രി ആന്റണി രാജുവാണ് ബസ് സര്‍വീസിന് വിട്ടുനല്‍കുമെന്ന് പ്രഖ്യാപിച്ചത്.

Keywords: News, Kerala, Kozhikode-News, Kozhikode News, Nava Kerala Bus, KSRTC, Started, Service, Cabinet, Minister, Bengaluru, Transport, Travel, Passengers, Driver, Conductor, Kozhikode: Nava Kerala Bus started service.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia