Children Drowned | കടല്‍ക്കരയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ തിരയില്‍പെട്ട് കാണാതായ 2 വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) കടല്‍ക്കരയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ തിരയില്‍പെട്ട് കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒളവണ്ണയിലെ മുഹമ്മദ് ആദില്‍, ആദില്‍ ഹസന്‍ എന്നിവരാണ് തിരയില്‍പെട്ട് മരിച്ചത്. മീന്‍പിടുത്തതൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Aster_MIMS

വെള്ളയില്‍ പുലിമുട്ട് ഹാര്‍ബറിനു സമീപത്തുനിന്നും ആദില്‍ ഹസന്റെ മൃതദേഹം പുലര്‍ചെ 4.45ഓടെയും മുഹമ്മദ് ആദിലിന്റെ മൃതദേഹം ഞായറാഴ്ച രാത്രി 11 മണിയോടെയുമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പെട്ടത്. തിരയില്‍പെട്ട് മുങ്ങിത്താണ ഒരു കുട്ടിയെ കൂടെയുണ്ടായിരുന്ന മറ്റു കുട്ടികള്‍ രക്ഷപ്പെടുത്തിയിരുന്നു. 

ഇടവിട്ട ആഴ്ചകളിലാണ് സുഹൃത്തുക്കളും അയല്‍വാസികളുമായ അഞ്ചംഗസംഘം കടല്‍ക്കരയില്‍ കളിക്കാന്‍ എത്തിയിരുന്നത്. പതിവുപോലെ വന്നതാണ് സംഭവദിവസവും. കളി കഴിഞ്ഞു മടങ്ങവേ കുളിക്കാനാണ് ഇവര്‍ കടലിലിറങ്ങിയതെന്നും ഇതിനിടെ ഇവരില്‍ രണ്ടുപേരെ കടല്‍ തിരമാല കടലാഴങ്ങളിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കകം പൊലീസും കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും അഗ്‌നിരക്ഷാസേനയും എത്തി തിരച്ചില്‍ ആരംഭിച്ചു.

ലയണ്‍സ് പാര്‍കിനു പടിഞ്ഞാറുവശം കടല്‍ അരിച്ചുപെറുക്കിയെങ്കിലും ശക്തമായ തിര രക്ഷാപ്രവര്‍ത്തനത്തിനു പ്രതികൂലമായി. ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തി. പിന്നീട് ഇരുട്ടു വീണതോടെ അഗ്‌നിരക്ഷാ സേന ജനറേറ്റര്‍ ടവര്‍ ലൈറ്റ് സ്ഥാപിച്ചും തിരച്ചില്‍ നടത്തി.

കടലാക്രമണം രൂക്ഷമായതോടെ കലക്ടര്‍ എ ഗീതയും ദുരന്തനിവാരണ വിഭാഗം ഡപ്യൂടി കലക്ടര്‍ ഇ അനിതകുമാരിയും മീന്‍പിടുത്തതൊഴിലാളികളുമായി സംസാരിച്ചു. ഇതിനിടെയാണ് രാത്രി 11 മണിയോടെ മുഹമ്മദ് ആദിലിന്റെ മൃതദേഹം ലഭിച്ചത്. പുലര്‍ചെ ആദില്‍ ഹസന്റെ മൃതദേഹവും കണ്ടെത്തി.

കലക്ടര്‍ എ ഗീത, ഡപ്യൂടി കമിഷണര്‍ കെ ഇ ബൈജു, അസിസ്റ്റന്റ് കമിഷണര്‍ പി ബിജുരാജ്, നടക്കാവ്, വെള്ളയില്‍, ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാദൗത്യം ഊര്‍ജിതമാക്കി.

Children Drowned | കടല്‍ക്കരയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ തിരയില്‍പെട്ട് കാണാതായ 2 വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി


Keywords:  News, Kerala, Kerala-News, News-Malayalam, Regional-News, Kozhikode, Missing, Students, Dead Body, Sea, Drowned, District Collector, Assistant Commissionar, Police, Fire Force, Fishermen, Kozhikode: Missing students dead body found at sea.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia