Inter-State Thief Arrested | 14 പവന് സ്വര്‍ണം മോഷ്ടിച്ചെന്ന കേസ്; തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി അറസ്റ്റില്‍; പിടിയിലായത് കൊലക്കേസിലടക്കം പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവെന്ന് പൊലീസ്, കൂട്ടാളിക്കായി അന്വേഷണം
Jun 25, 2022, 21:48 IST
കോഴിക്കോട്: (www.kvartha.com) കൊടശ്ശേരിയില്‍ നിന്നും 14 പവന് സ്വര്‍ണം മോഷ്ടിച്ചെന്ന കേസില്‍ തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി അറസ്റ്റില്‍. കുറ്റിക്കാട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വിജയന് എന്ന കുട്ടി വിജയന് (48) ആണ് വെള്ളിയാഴ്ച രാത്രി കുറ്റികാട്ടൂരില്‍ നിന്നും പിടിയിലായത്. പ്രതിയെ പേരാമ്പ്ര ജെഎഫ്സിഎം കോടതി റിമാന്‍ഡ് ചെയ്തു.
കേരളം, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി നിരവധി കവര്‍ചകള്‍ നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവായ ഇയാളെ കോഴിക്കോട് റൂറല്‍ എസ്പി എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ മേയ് 28നാണ് കൊടശ്ശേരി തെറ്റിക്കുന്നുമ്മല്‍ റശീദിന്റെ വീട്ടില്‍ നിന്ന് 14 പവന് സ്വര്‍ണാഭരണം മോഷണം പോയത്. വീട് പൂട്ടി ആലപ്പുഴയിലേക്ക് പോയതായിരുന്നു റശീദ്. വീടിന്റെ വാതില്‍ തകര്‍ത്ത് കൂട്ടാളിക്കൊപ്പം മോഷണം നടത്തിയ ശേഷം തമിഴ്നാടിലെ മേട്ടുപ്പാളയത്തേക്കും തുടര്‍ന്ന് ബെംഗ്ളൂറിലേക്കും കടന്ന പ്രതി, സ്വര്‍ണം വിറ്റു കിട്ടിയ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഇയാളുടെ കൂട്ടാളിക്കായി തമിഴ്നാട്ടില്‍ അന്വേഷണം നടക്കുന്നുണ്ട്.
2007ല്‍ മാവൂരില്‍ വച്ച് വിഭാസ് എന്നാളെ കൊലപ്പെടുത്തിയ കേസിലും, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നൂറോളം കവര്‍ച നടത്തിയ കേസിലും ക്ഷേത്രങ്ങളില്‍ നിന്ന് മോഷണം നടത്തിയ കേസിലും പ്രതിയാണ് വിജയന്. മലപ്പറമ്പില്‍ ഡോക്ടറുടെ വീട്ടില്‍ നിന്നും 45 പവന് കവര്‍ന്ന കേസില്‍ ആറ് മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.