അവധി ദിനത്തിൽ കോഴിക്കോട് നഗരം അഗ്നിഗോളമായി; ലക്ഷങ്ങളുടെ നാശനഷ്ടം, ഗതാഗതം താറുമാറായി
 

 
Fire at Kozhikode new bus stand.
Fire at Kozhikode new bus stand.


  • കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപ്പിടിത്തം.

  • അവധി ദിനത്തിലെ തിരക്കിനിടയിൽ അഞ്ചരയോടെയാണ് തീപിടിച്ചത്.

  • തുണിക്കടയിൽ നിന്ന് തീ സമീപത്തെ കടകളിലേക്ക് പടർന്നു.

  • പുതിയ ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും കത്തിനശിച്ചു.

  • നഗരത്തിലെ ഗതാഗത സംവിധാനം പൂർണ്ണമായും താളംതെറ്റി.

  • മണിക്കൂറുകളോളം തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല.

കോഴിക്കോട്: (KVARTHA) കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ വൻ തീപ്പിടിത്തം നഗരത്തെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാഴ്ത്തി. അവധി ദിനമായതിനാൽ നഗരത്തിൽ അനുഭവപ്പെട്ട വലിയ തിരക്കിനിടയിൽ അഞ്ചരയോടെ മൂന്നാം നിലയിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചത്. നിമിഷങ്ങൾക്കകം തീ സമീപത്തെ കടകളിലേക്കും ഗോഡൗണുകളിലേക്കും വ്യാപകമായി പടർന്നുപിടിച്ചു.

തീവ്രതയേറിയ അഗ്നിബാധയെ തുടർന്ന് പുതിയ ബസ് സ്റ്റാൻഡും പരിസരത്തെ ഷോപ്പിംഗ് കോംപ്ലക്സും ഏതാണ്ട് പൂർണ്ണമായും കത്തിനശിച്ചു. വസ്ത്ര ഗോഡൗണുകളിലേക്ക് തീ പടർന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. കാലിക്കറ്റ് ടെക്സ്റ്റൈൽസ് പൂർണ്ണമായും കത്തി നശിച്ചതായാണ് റിപ്പോർട്ടുകൾ. തീ ആദ്യം പടർന്ന മെഡിക്കൽ സ്റ്റോറിൽ നിന്ന് മറ്റു കടകളിലേക്ക് വളരെ വേഗം വ്യാപിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കെട്ടിടത്തിനുള്ളിൽ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദവും കേട്ടതായി ചിലർ സൂചിപ്പിച്ചു. എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാകാം ഇതിന് കാരണമെന്നും പറയയുന്നു.

അഗ്നിബാധയെ തുടർന്ന് നഗരത്തിലെ ഗതാഗത സംവിധാനം പൂർണ്ണമായും താളംതെറ്റി. ഞായറാഴ്ച അവധിയായതിനാൽ ബീച്ചിലേക്കും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പോവുകയായിരുന്ന നിരവധി വാഹനങ്ങൾ നഗരത്തിൽ കുടുങ്ങി. ബസ് സ്റ്റാൻഡിലൂടെ പോകേണ്ട വാഹനങ്ങളെ വഴിതിരിച്ചുവിട്ടതോടെ നഗരം അക്ഷരാർത്ഥത്തിൽ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങി. ബീച്ചിൽ നിന്നും മാനാഞ്ചിറ ഭാഗത്തുനിന്നുമെല്ലാമെത്തുന്ന വാഹനങ്ങൾക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരം പിന്നിടാൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.

തീപ്പിടിത്തമുണ്ടായ ഉടൻതന്നെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ ബസ്സുകളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇത് ദീർഘദൂര യാത്രക്കാരെ വലച്ചു. തീ വ്യാപിക്കുന്ന സാഹചര്യത്തിൽ ബസ് സ്റ്റാൻഡിന് സമീപത്തേക്കുള്ള ബസ് സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു. സ്വകാര്യ ബസ്സുകൾ വഴിതിരിച്ചുവിട്ട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെ മാത്രമാണ് സർവീസ് നടത്തിയത്. ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0495 2721831 എന്ന നമ്പറിൽ ബന്ധപ്പെടാൻ പോലീസ് നിർദ്ദേശം നൽകി.

ജനത്തിരക്കും വാഹനത്തിരക്കും ട്രാഫിക് ബ്ലോക്കും കാരണം രക്ഷാപ്രവർത്തനത്തിനുള്ള അഗ്നിശമന സേനയുടെ വാഹനങ്ങൾക്ക് പോലും സ്ഥലത്തേക്ക് പെട്ടെന്ന് എത്തിച്ചേരാൻ സാധിക്കാത്ത അവസ്ഥയുണ്ടായി. രണ്ടര മണിക്കൂറിലേറെയായി ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ തീ ആളിക്കത്തുകയായിരുന്നു. അടുത്ത കടമുറികളിലേക്ക് തീ പടർന്നതോടെ അഗ്നിശമന സേനയുടെ 20 യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അഗ്നിരക്ഷാ സേന യൂണിറ്റും എത്തിച്ചേർന്നു. സുരക്ഷ മുൻനിർത്തി സമീപത്തെ കെട്ടിടങ്ങളിലേക്കും വെള്ളം പമ്പ് ചെയ്യുന്നുണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലും തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. നഗരം പൂർണ്ണമായും കറുത്ത പുകയാൽ മൂടപ്പെട്ടിരിക്കുകയാണ്.

കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണ്ണമായും ഒഴിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. സമീപ ജില്ലകളിൽ നിന്നും ഫയർ ഫോഴ്സിനെ എത്തിച്ചു. മന്ത്രി എ.കെ. ശശീന്ദ്രനും ജില്ലാ കളക്ടറും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബസ് സ്റ്റാൻഡിലേക്കുള്ള വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിച്ചിട്ടുണ്ട്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപ്പിടിത്തത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ  പങ്കുവെക്കൂ. 

Article Summary: A massive fire broke out at Kozhikode new bus stand on Sunday evening, starting from a textile shop on the third floor and spreading to nearby shops and godowns. The fire caused extensive damage, disrupted traffic, and engulfed the city in smoke. Firefighters battled the blaze for hours. No casualties were reported.

#KozhikodeFire, #FireAccident, #BusStandFire, #TrafficJam, #Kerala, #Firefighters

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia