പുതുവര്‍ഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പൊലീസ് അവഹേളിച്ചെന്ന പരാതിയില്‍ ഇടപെട്ട് മുഖ്യമന്ത്രി; ആരോപണ വിധേയനായ എസ് ഐയെ സസ്പെന്‍ഡ് ചെയ്തു
Jan 1, 2022, 12:22 IST
കോവളം: (www.kvartha.com 01.01.2022) പുതുവര്‍ഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പൊലീസ് അവഹേളിച്ചെന്ന പരാതിയില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണ വിധേയനായ കോവളം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. ബിവറേജസ് ഔട് ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശത്തിലാണ് അന്വേഷിച്ച് നടപടി എടുത്തിരിക്കുന്നത്.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് റിപോര്‍ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് നടപടി ടൂറിസത്തിന് തിരിച്ചടിയാണെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസ് സര്‍കാരിന് ഒപ്പം നിന്ന് അള്ള് വെക്കുന്നവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട് നല്‍കാനാണ് അനില്‍കാന്ത് താഴെ തട്ടിലേക്ക് നിര്‍ദേശം നല്‍കിയിരുന്നത്.
കോവളത്തെ സ്വകാര്യ ഹോടെലില്‍ നാലു വര്‍ഷമായി താമസിക്കുന്ന സ്വീഡന്‍ സ്വദേശി സ്റ്റീഫന്‍ ആസ്ബെര്‍ഗിനെ (68) യാണ് കോവളം പൊലീസ് അവഹേളിച്ചെന്ന ആക്ഷേപമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീചിലേക്കു പോകുന്ന സൂയിസൈഡ് പോയിന്റിനടുത്തായിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്.
വെള്ളാറിലുള്ള ബിവറേജ് ഔട് ലെറ്റില്‍ നിന്നാണ് സ്റ്റീഫന്‍ ആസ്ബെര്‍ഗ് മൂന്നു കുപ്പി വിദേശമദ്യം വാങ്ങിയത്. ഇതുമായി സ്‌കൂടെറില്‍ ഹോടെലിലേക്കു പോകുമ്പോള്‍ വാഹനപരിശോധന നടത്തുകയായിരുന്ന കോവളം പൊലീസ് സ്‌കൂടെര്‍ കൈകാണിച്ചു നിര്‍ത്തി. ബാഗില്‍ മദ്യമുണ്ടോയെന്നും ഉണ്ടെങ്കില്‍ ബില്‍ കാണിക്കണമെന്നും ആവശ്യപ്പെട്ടു. ബാഗ് തുറന്ന് മദ്യക്കുപ്പികളെടുത്തു കാണിച്ചെങ്കിലും ബില്‍ നല്‍കിയില്ല. പൊലീസുകാര്‍ വീണ്ടും ബില്‍ ആവശ്യപ്പെട്ടു. ബില്‍ ഇദ്ദേഹത്തിന്റെ കൈവശമില്ലായിരുന്നു.
തുടര്‍ന്ന് സ്റ്റീഫന്‍ ബാഗിലുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളില്‍നിന്ന് രണ്ടെണ്ണമെടുത്ത് മദ്യം ഒഴുക്കിക്കളഞ്ഞു. മൂന്നാമെത്ത കുപ്പി ബാഗില്‍ത്തന്നെ വച്ചു. പൊലീസ് തന്നോട് ദേഷ്യത്തോടെ സംസാരിച്ചതിന്റെ മാനസിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറയുകയുണ്ടായി.
മദ്യം പൊട്ടിച്ച് കളഞ്ഞെങ്കിലും പ്ലാസ്റ്റിക് കുപ്പി ബാഗില്‍ സൂക്ഷിച്ച് സ്റ്റീവ് തന്റെ പൗരബോധം പ്രകടിപ്പിച്ചു. നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി ബിലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി.
പൊലീസിനോട് ഒരു പരാതിയുമില്ലെന്ന് സ്റ്റീവ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം ഒരു തമാശ. രണ്ട് ഫുള്‍ പോയിക്കിട്ടിയതില്‍ ചെറിയൊരു സങ്കടം മാത്രമാണുള്ളതെന്നും സ്റ്റീവ് പറഞ്ഞു. സംഭവം സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായി. വിനോദ സഞ്ചാരികളോട് ഔചിത്യമില്ലാതെ പെരുമാറിയ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം വിദേശിയെ അവഹേളിച്ചെന്ന പ്രചാരണം തെറ്റാണെന്ന് ഡി സി പി. വൈഭവ് സക്സേന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാഹനപരിശോധനയുടെ ഭാഗമായാണ് വിവരങ്ങള്‍ ചോദിച്ചത്. അദ്ദേഹത്തിന്റെ കൈവശം ബില്‍ ഇല്ലായിരുന്നു. നിലവില്‍ കണ്ട ദൃശ്യങ്ങളില്‍ അവഹേളിക്കുന്ന തരത്തില്‍ ഒന്നുമില്ല. സംഭവത്തെക്കുറിച്ച് എസ് എച് ഒ യോട് വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Keywords: Kovalam Police action against foreigners; CM seeks report from DGP, Thiruvananthapuram, News, Chief Minister, Trending, Police, Suspension, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.