Verdict Postponed| കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ ശിക്ഷാവിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി; അതിഥിയായി എത്തിയ യുവതിയാണ് കൊല്ലപ്പെട്ടതെന്നും രാജ്യാന്തരതലത്തില്‍ ഉറ്റുനോക്കുന്ന വിധിയാണിതെന്നും, പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍
Dec 5, 2022, 13:18 IST
തിരുവനന്തപുരം: (www.kvartha.com) കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ ശിക്ഷാവിധി കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ സനില്‍കുമാറാണ് ശിക്ഷാവിധി മാറ്റിവെച്ചത്.
കേസിലെ പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ തിങ്കളാഴ്ച ശിക്ഷ വിധിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇതനുസരിച്ച് തിങ്കളാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിധി പ്രഖ്യാപനം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
നമ്മുടെ നാട്ടില്‍ അതിഥിയായി എത്തിയ യുവതിയാണ് കൊല്ലപ്പെട്ടതെന്നും രാജ്യാന്തരതലത്തില്‍ ഉറ്റുനോക്കുന്ന വിധിയാണിതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് സര്‍കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍, ദൃക്സാക്ഷികളില്ലാത്ത കേസാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളത്. ശിക്ഷ വിധിക്കുമ്പോള്‍ പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. പ്രതികളെ ഹാജരാക്കിയപ്പോള്‍ 'നിങ്ങള്‍ ചെയ്ത തെറ്റിന് തൂക്കുകയറാണ് ശിക്ഷ എന്നറിയാമല്ലോ' എന്ന് കോടതി ചോദിച്ചു. 'ഞങ്ങള്‍ക്ക് ജീവിക്കണം' എന്നായിരുന്നു ഇതിന് പ്രതികള്‍ നല്‍കിയ മറുപടി.
കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേകര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരേ പൊലീസ് ചുമത്തിയിരുന്ന കൊലക്കുറ്റം, മരണകാരണമായേക്കാവുന്ന പീഡനം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, മയക്കുമരുന്നു നല്‍കല്‍ എന്നീ കുറ്റങ്ങളെല്ലാം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു.
കേരളത്തില്‍ ആയുര്‍വേദ ചികിത്സക്കെത്തിയ ലാറ്റ് വിയന്‍ യുവതിയെ പോത്തന്‍കോട് നിന്ന് 2018 മാര്‍ച് 14 നാണ് കാണാതായത്. 35 ദിവസം നടത്തിയ തിരച്ചിലിന് ശേഷം ജീര്‍ണിച്ച മൃതദേഹം കോവളത്തിനടുത്തെ പൊന്തക്കാട്ടില്‍ നിന്ന് കിട്ടി. സ്ത്രീയെ ഇവിടെയുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ കൊണ്ടുവന്ന ശേഷം കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്തുവെന്നും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കിയതിന് അന്വേഷണ സംഘത്തെ തിങ്കളാഴ്ച ഡിജിപി ആദരിക്കുന്നുണ്ട്.
കേസില്‍ നവംബര്‍ അഞ്ചിനാണ് വിചാരണ തുടങ്ങിയത്. ഒന്നാം ക്ലാസ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാര്‍ ആണ് ശിക്ഷ പ്രഖ്യാപിച്ചത്. 18 സാഹചര്യ തെളിവുകള്‍, 30 സാക്ഷികള്‍ എന്നിവ ആധാരമാക്കിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു.
കൊല്ലപ്പെട്ട സ്ത്രീ 2018 ഫെബ്രുവരിയിലാണ് തിരുവനന്തപുരത്ത് വന്നത്. 2018 മാര്‍ച് 14 നാണ് ഇവരെ കാണാതായത്. ഏറെ നാളത്തെ തിരച്ചിലിന് ശേഷം ഏപ്രില്‍ 20 ന് മൃതദേഹം കിട്ടി. സംഭവത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരി നടത്തിയ നീണ്ട പോരാട്ടമാണ് ഫലം കണ്ടത്.
Keywords: Kovalam foreign woman murder case: Court will pronounce punishment on Tuesday, Thiruvananthapuram, News, Murder case, Court, Verdict, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.