Kottiyoor Temple festival | കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: മുതിരേരി വാള്‍ വരവും നെയ്യാട്ടവും നടന്നു

 


ഇരിട്ടി: (www.kvartha.com) 28 നാള്‍ നീണ്ടുനില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാള്‍ വരവും നെയ്യാട്ടവും നടന്നു. പരാശക്തിയുടെ വാള്‍ വയനാട്ടിലെ മുതിരേരി കാവില്‍ നിന്നും എഴുന്നള്ളിച്ച് സന്ധ്യയോടെ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചു. വാള്‍ ഇക്കരെ ക്ഷേത്രസന്നിധിയില്‍ എത്തിയയുടന്‍ നെയ്യമൃത് വ്രതക്കാര്‍ അക്കരെ പ്രവേശിച്ചു. തുടര്‍ന്ന് പടിഞ്ഞീറ്റ നമ്പൂതിരി, തേടന്‍ വാരിയര്‍, നമ്പീശന്‍ എന്നീ സ്ഥാനികര്‍ അക്കരെ പ്രവേശിച്ച് മണ്‍താലങ്ങളില്‍ വിളക്കുവെച്ചു.
  
Kottiyoor Temple festival | കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: മുതിരേരി വാള്‍ വരവും നെയ്യാട്ടവും നടന്നു

ചോതി വിളക്കില്‍ നിന്ന് നാളം പകര്‍ന്ന് മറ്റ് വിളക്കുകള്‍ തെളിയിക്കുകയും തിടപ്പള്ളിയിലെ തിരുവടുപ്പില്‍ തീകൂട്ടുകയും ചെയ്തു. തുടര്‍ന്ന് മണിത്തറ ഏറ്റുവാങ്ങലും ചോതി പുണ്യാഹവും നടന്നു. അതിനുശേഷം സ്ഥാനിക ബ്രാഹ്‌മണര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്വയംഭൂ മൂടിയ അഷ്ടബന്ധം ആചാരപ്പെരുമയോടെ തുറന്നു. തുടര്‍ന്ന് നെയ്യഭിഷേകം നടന്നു. നെയ്യമൃത് മഠങ്ങളില്‍ നിന്നുമെത്തി തിരുവഞ്ചിറയില്‍ അഭിഷേക മുഹൂര്‍ത്തത്തിനായി കാത്തുനിന്ന വ്രതക്കാര്‍ നെയ്യാട്ടത്തിന് മൂഹുര്‍ത്തമറിയിച്ച് രാശി വിളിച്ചതോടെ ആദ്യാവകാശിയായ വില്ലിപ്പാലന്‍ കുറുപ്പിന്റെ നെയ്യ് അഭിഷേകം ചെയ്തു. അതിനുശേഷം തമ്മേങ്ങാടന്‍ നമ്പ്യാരുടെയും നെയ്യ് അഭിഷേകം നടന്നു.

ഉത്സവത്തിന്റെ സുപ്രധാന ചടങ്ങായ ഭണ്ഡാര എഴുന്നള്ളത്ത് നടക്കാനുണ്ട്. മണത്തണ കരിമ്പന ഗോപുരത്തിന്റെ നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും സ്വര്‍ണ, വെള്ളിപ്പാത്രങ്ങളും ഭണ്ഡാരങ്ങളും സന്ധ്യയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. അര്‍ധരാത്രിയോടെ അക്കരെ സന്നിധിയില്‍ എത്തുന്നതോടെ സ്ത്രീകള്‍ക്കും അക്കരെ സന്നിധിയില്‍ പ്രവേശനം അനുവദിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia