Kottiyoor Festival | കൊട്ടിയൂര്‍ ഉത്സവത്തിന് തൃക്കലശാട്ടോടെ കൊടിയിറങ്ങും; അത്തം ചതുശ്ശതം പെരുമാളിന് നിവേദിച്ചു; വാളാട്ടവും തേങ്ങയേറും നടന്നു 
 

 
Kottiyoor festival will be flagged downf with Trikalashat, Kannur, News, Kottiyoor Festival, Religion, Temple, Kerala News


പതിവ് പൂജകള്‍ക്ക് ശേഷമാണ് ചതുശ്ശത പായസ നിവേദ്യം പെരുമാള്‍ക്ക് നിവേദിച്ചത് 


ഉച്ച ശീവേലി നടക്കവേയാണ് ഞായറാഴ്ച വാളാട്ടം എന്ന ചടങ്ങ് നടന്നത്


ഭണ്ഡാര അറയില്‍ സൂക്ഷിച്ചിരിക്കുന്ന സപ്ത മാതൃപുരത്തെ ചപ്പാരം ഭഗവതിയുടെ വാളുകളുമായി വാളശന്‍മാര്‍ കിഴക്കെ നടയിലെ തിരുവന്‍ ചിറയിലെത്തി ദേവി ദേവന്‍മാരുടെ തിടമ്പുകള്‍ക്ക് മുന്നിലായി വടക്കോട്ട് തിരിഞ്ഞ് നിന്നാണ് വാളാട്ടം നടത്തിയത്

കണ്ണൂര്‍: (KVARTHA) ദക്ഷിണകാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂരിലെ വൈശാഖ മഹോത്സവത്തിന് ജൂണ്‍ 17-ന് കൊടിയിറങ്ങും. നാല് നിവേദ്യങ്ങളില്‍ അവസാനത്തേതായ അത്തം ചതുശ്ശത നിവേദ്യം ഞായറാഴ്ച പെരുമാള്‍ക്ക് നിവേദിച്ചു. പതിവ് പൂജകള്‍ക്ക് ശേഷമാണ് ചതുശ്ശത പായസ നിവേദ്യം പെരുമാള്‍ക്ക് നിവേദിച്ചത്. ഉച്ച ശീവേലി നടക്കവേയാണ് ഞായറാഴ്ച വാളാട്ടം എന്ന ചടങ്ങ് നടന്നത്. 

ഭണ്ഡാര അറയില്‍ സൂക്ഷിച്ചിരിക്കുന്ന സപ്ത മാതൃപുരത്തെ ചപ്പാരം ഭഗവതിയുടെ വാളുകളുമായി വാളശന്‍മാര്‍ കിഴക്കെ നടയിലെ തിരുവന്‍ ചിറയിലെത്തി ദേവി ദേവന്‍മാരുടെ തിടമ്പുകള്‍ക്ക് മുന്നിലായി വടക്കോട്ട് തിരിഞ്ഞ് നിന്നാണ് വാളാട്ടം നടത്തിയത്. വിഗ്രഹങ്ങളിലേക്ക് ആവാഹിച്ച് ലയിപ്പിച്ചിരുന്ന സപ്ത മാതൃക്കളുടെ ശക്തി തിരിച്ച് വാളുകളിലേക്ക് ആവാഹിക്കുന്ന ചടങ്ങാണ് ഇത്. 

വാളുമായി തിരുവന്‍ ചിറയില്‍ ഓരോ പ്രദക്ഷിണം നടത്തിയശേഷം അമ്മാറക്കല്‍ തറക്കും പൂവറക്കും ഇടയില്‍ പ്രത്യേക സ്ഥാനത്ത് കുടിപതികള്‍ തേങ്ങയേറ് നടത്തി. ഭണ്ഡാര എഴുന്നള്ളത്തിലെ ഭണ്ഡാര വാഹകരായ കുടുംബാംഗങ്ങള്‍ ആണ് കുടിപതികള്‍. പ്രായ ക്രമത്തിലാണ് തേങ്ങയേറ് നടക്കുക. ഉത്സവാഘോഷങ്ങളുടെ അവസാനം എന്നറിയിക്കുന്ന ചടങ്ങാണിത്. 

ഉത്സവകാലത്ത് അക്കരെ സന്നിധിയില്‍ നടന്നുവന്ന കൂത്ത് സമര്‍പ്പണവും ഞായറാഴ്ച  നടന്നു. അത്തം നാളിലെ കൂത്തിനെ ഭഗവല്‍ കൂത്ത് എന്നാണ് വിശേഷിപ്പിക്കുന്നത്. കൂത്ത് പൂര്‍ണമായും അവസാനിപ്പിക്കാതെയാണ് സമര്‍പ്പണം നടത്തിയത്. ഞായറാഴ്ച  ആയിരം കുടം ജലാഭിഷേകത്തോടെയാണ്  ഉത്സവ ചിട്ടകള്‍ പൂര്‍ത്തികരിച്ചത്. ആയിരം കുടം അഭിഷേകവും  മുഴുമിപ്പിക്കാതെയാണ് ചടങ്ങുകള്‍ അവസാനിപ്പിച്ചത്. അത്തം നാളില്‍ മുഴുമിപ്പിക്കാതെ വെച്ച ആയിരം കുടം അഭിഷേകത്തോടെയാണ് അടുത്ത വര്‍ഷത്തെ ഉത്സവത്തിലെ പൂജകള്‍ ആരംഭിക്കുക.

 
നാലാമത്തെ ചതുശ്ശത നിവേദ്യം പെരുമാളിന്  നിവേദിക്കുന്നതോടെ ഭഗവാന്‍ സ്ഥായീഭാവമായ തപശ്ചര്യയിലേക്ക് മാറും എന്നാണ് വിശ്വാസം. ആയിരം കുടം അഭിഷേകം പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി മണിത്തറയിലെ പൂജകള്‍ അവസാനിപ്പിച്ച് ക്ഷേത്രത്തിലെ അഗ്നികോണിലെ കലശ മണ്ഡപത്തില്‍ കലശപൂജകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കും. നിത്യപൂജകള്‍ക്കുശേഷം രാത്രിയോടെയാണ് കലശപൂജകള്‍ ആരംഭിക്കുക. ഇത് പുലര്‍ചെവരെ തുടരും. ചിത്തിര നാളായ തിങ്കളാഴ്ച തൃക്കലശാട്ടും ചോതി നാളില്‍ നടക്കുന്ന വറ്റടിയോടെയും ഉത്സവം സമാപിക്കും.  


ചോതി നാളിലാണ് ഉത്സവത്തിലെ അവസാന ചടങ്ങായ വറ്റടി നടക്കുക. മണിത്തറയിലെ തൃക്കുഴിയിലാണ് സ്വയം ഭൂവായി പെരുമാള്‍ കുടികൊള്ളുന്നത്. ചോതിനാളില്‍ പെരുമാളിന്  ഒരു ചെമ്പ് ചോറ് നിവേദ്യം നടക്കും. ഒറ്റപ്പിലാന്‍  സ്ഥാനികനാണ് ഈ നിവേദ്യത്തിന്റെ അവകാശി. നിവേദ്യശേഷം ഉഷക്കാമ്പ്രം നമ്പൂതിരി തൃക്കുഴി പകുതിഭാഗം അഷ്ടബന്ധം കൊണ്ട് മൂടും. അദ്ദേഹം ഇക്കരെ എത്തിയാല്‍ പടിഞ്ഞീറ്റ നമ്പൂതിരി അക്കരെ മണിത്തറയിലെത്തി ബാക്കി ഭാഗം കൂടി മൂടും. അടുത്തവര്‍ഷം മണിത്തറയില്‍ ചോതി വിളക്ക് തെളിച്ച് ഈ അഷ്ടബന്ധം മാറ്റിയാണ് നെയ്യാട്ടം നടത്തുക. ചൊവ്വാഴ്ച  ചോതി നാളില്‍ നടക്കുന്ന വറ്റടി ചടങ്ങോടെയാണ് ഉത്സവം അവസാനിക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia