Puthupally | പുതുപ്പള്ളിയുടെ ജനനായകനാരെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; ആദ്യ ഫലസൂചന ഉടന്‍

 


കോട്ടയം: (www.kvartha.com) മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ ആരംഭിച്ചു. പുതുപ്പള്ളിയുടെ ജനനായകനാരെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. കോട്ടയം ബസേലിയസ് കോളജില്‍ രാവിലെ 8 മുതലാണ് വോടെണ്ണല്‍ ആരംഭിച്ചത്. 

ആദ്യ ഫലസൂചന ഒന്‍പതോടെ ലഭിക്കും. ആദ്യം എണ്ണുക അയര്‍കുന്നത്തെ വോടുകളാണ്. അവസാനമെണ്ണുക വാകത്താനത്തെ വോടുകളും. വോടെണ്ണല്‍ ക്രമം പഞ്ചായത് അനുസരിച്ച് : അയര്‍ക്കുന്നം, അകലക്കുന്നം, കൂരോപ്പട, മണര്‍ക്കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം. 

ആദ്യം പോസ്റ്റല്‍ വോടുകളാണ് എണ്ണുന്നത്. പിന്നാലെ എട്ടരയോടെ ഇലക്ട്രോണിക് വോടിങ് യന്ത്രത്തിലെ വോടുകള്‍ എണ്ണിത്തുടങ്ങും. പത്തോടെ ഫലം അറിയാമെന്നാണു കരുതുന്നത്. 7 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേര്‍ വോട് ചെയ്‌തെന്ന് ഔദ്യോഗിക കണക്ക്. 

ഉമ്മന്‍ ചാണ്ടി മുഖ്യചര്‍ച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികസനവും വിവാദങ്ങളും ഒപ്പം ഉയര്‍ന്നിരുന്നു. മുന്‍മുഖ്യമന്ത്രിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ സ്ഥാനാര്‍ഥിയായി എന്ന അപൂര്‍വതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്.

ജെയ്ക് സി തോമസാണു ഇടതു മുന്നണി സ്ഥാനാര്‍ഥി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിന്‍ ലാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ലൂക്ക് തോമസ് (എഎപി), പി കെ ദേവദാസ് (സ്വതന്ത്ര സ്ഥാനാര്‍ഥി), ഷാജി (സ്വതന്ത്ര സ്ഥാനാര്‍ഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവര്‍. 

1970 മുതല്‍ 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ക്കാലം എംഎല്‍എ ആയിരുന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മന്‍ ചാണ്ടി അന്തരിച്ചത്.

ഇതിനൊപ്പം ഡുംറി (ജാര്‍ഖണ്ഡ്), ബോക്‌സാനഗര്‍, ധന്‍പുര്‍ (ത്രിപുര), ധുപ്ഗുരി (ബംഗാള്‍), ഘോസി (യുപി), ബാഗേശ്വര്‍ (ഉത്തരാഖണ്ഡ്) എന്നിവിടങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച (08.09.2023) പ്രഖ്യാപിക്കും.

Puthupally | പുതുപ്പള്ളിയുടെ ജനനായകനാരെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; ആദ്യ ഫലസൂചന ഉടന്‍


Keywords: News, Kerala, Kerala-News, Politics-News, Kottayam News, Kerala News, Puthupally News, By-election, Result, Politics, Kottayam: Puthupally By-election Result.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia