Puthupally | പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും ജെയ്ക്കും വോട് ചെയ്തു; ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്

 


കോട്ടയം: (www.kvartha.com) പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പില്‍ രാവിലെ ഏഴിനു പോളിങ് ആരംഭിച്ചതു മുതല്‍ മിക്ക ബൂതുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 126-ാം നമ്പര്‍ ബൂതില്‍ വോട് ചെയ്തു. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാര്‍ക്കുമൊപ്പം എത്തിയാണ് വോട് രേഖപ്പെടുത്തിയത്. 

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് മണര്‍കാട് ഗവ. എല്‍പി സ്‌കൂളിലെ 72-ാം നമ്പര്‍ ബൂതിലെത്തി വോടു രേഖപ്പെടുത്തി. നീണ്ട ക്യൂവില്‍ ദീര്‍ഘനേരം കാത്തുനിന്നശേഷമാണ് ജെയ്ക്ക് വോടു രേഖപ്പെടുത്തിയത്.

മന്ത്രി വി എന്‍ വാസവന്‍ പാമ്പാടി എംജിഎം ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ വോട് രേഖപ്പെടുത്തി. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാല്‍ പുതുപ്പള്ളിയില്‍ വോടില്ല.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യചര്‍ച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികസനവും വിവാദങ്ങളും ഒപ്പം ഉയര്‍ന്നിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ സ്ഥാനാര്‍ഥിയാകുന്നുവെന്ന അപൂര്‍വതയ്ക്കു പുതുപ്പള്ളി സാക്ഷ്യം വഹിക്കുകയാണ്. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്.

ഇടതു മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി തോമസാണു മുഖ്യ എതിരാളി. രണ്ട് തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ലിജിന്‍ ലാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആംആദ്മി പാര്‍ടിയുടേത് ഉള്‍പെടെ 7 പേര്‍ മത്സരരംഗത്തുണ്ട്. 

വൈകിട്ട് ആറു വരെയാണ് പോളിങ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം 1,76,417 വോടര്‍മാരാണുള്ളത്.

Puthupally | പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും ജെയ്ക്കും വോട് ചെയ്തു; ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്


Keywords: News, Kerala, Kerala-News, Election-News, Politics, Politics-News, KottayamNews, Puthupally News, By-election, Polling, Kottayam: Puthupally By-election Polling.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia