Award | കോട്ടയം പ്രസ് ക്ലബിന്റെ എന്‍ ചെല്ലപ്പന്‍ പിള്ള മാധ്യമ പുരസ്‌കാരം എന്‍പിസി രംജിത്തിന്
ശ്രുതിതരംഗം പദ്ധതി സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്
കണ്ണൂര്‍: (KVARTHA) കോട്ടയം പ്രസ്‌ക്ലബിന്റെ പ്രഥമ പ്രസിഡന്റും മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടറുമായിരുന്ന എന്‍ ചെല്ലപ്പന്‍ പിളളയുടെ പേരില്‍ കോട്ടയം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരത്തിനു മലയാള മനോരമ കണ്ണൂര്‍ യൂണിറ്റിലെ ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.പി.സി രംജിത് അര്‍ഹനായി. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മലയാളം ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ജനറല്‍ റിപ്പോര്‍ട്ടുകളാണ് 25,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡിനായി പരിഗണിച്ചത്.
ശ്രുതിതരംഗം പദ്ധതി സംബന്ധിച്ച് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് എന്‍.പി.സി രംജിത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കേള്‍വിശേഷിയില്ലാത്ത കുട്ടികളെ എല്ലാവരെയും പോലെ ജീവിക്കാന്‍ പ്രാപ്തരാക്കിയ മാതൃകാപരമായ പദ്ധതിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടക്കമിട്ട ശ്രുതിതരംഗം. കോക്ലിയാര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെ സംസ്ഥാനത്ത് ശ്രവണശേഷി ലഭിച്ചത് നാലായിരത്തോളം കുട്ടികള്‍ക്കാണ്. ഇംപ്ലാന്റ് ഉപകരണങ്ങള്‍ തകരാറിലാവുകയോ കാലാകാലങ്ങളില്‍ കമ്പനികള്‍ ചെയ്തു വരുന്ന അപ്‌ഗ്രേഡിങ് മുടങ്ങുകയോ ചെയ്താല്‍ കുട്ടികള്‍ പ്രതിസന്ധിയിലാവും.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇതുരണ്ടും സംഭവിച്ച മുന്നൂറിലേറെ കുട്ടികള്‍ക്കു ശബ്ദലോകം അന്യമായി. അതുവരെ പഠിച്ചിരുന്ന സ്‌കൂളുകളില്‍ തുടര്‍ന്നു പഠിക്കാന്‍ കഴിയാതായി. രംജിത്തിന്റെ റിപ്പോര്‍ട്ടുകളെ തുടര്‍ന്നു സര്‍ക്കാര്‍ 437 കുട്ടികളുടെ ഉപകരണ അറ്റകുറ്റപ്പണി, അപ്ഗ്രഡേഷന്‍ എന്നിവയ്ക്ക് അനുമതി നല്‍കി. സാമൂഹിക സുരക്ഷാ മിഷനില്‍ നിന്നു പദ്ധതി ആരോഗ്യവകുപ്പിലേക്കു മാറ്റുകയും ചെയ്തു. 216 പേര്‍ക്ക് ഇതിനകം കേള്‍വിശേഷി തിരികെക്കിട്ടി. ബാക്കിയുള്ളവരുടെ നടപടികള്‍ പുരോഗമിക്കുന്നു.
മനോരമ ഇയര്‍ബുക്ക് എഡിറ്റര്‍ ഇന്‍ ചാര്‍ജ് തോമസ് ഡൊമിനിക്, മാതൃഭൂമി മുന്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ജോര്‍ജ് പൊടിപ്പാറ, ദീപിക കര്‍ഷകന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ജിമ്മി ഫിലിപ് എന്നിവടങ്ങിയ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. അടുത്ത മാസമാദ്യം കോട്ടയം പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.