Claims | ഹേമാ കമിറ്റി റിപോര്‍ട്: പ്രതികളായി പരാമര്‍ശിച്ചിരിക്കുന്നവരില്‍ പലരും വിവിധ സംഘടനകളുടെ ഉന്നസ്ഥാനത്ത്, അവര്‍ക്കെതിരെ നടപടിയെടുക്കുകയും മാറ്റിനിര്‍ത്തുകയും വേണമെന്ന് നടി ഉഷ
ദുരനുഭവം നേരിട്ട പെണ്‍കുട്ടികള്‍ പരാതി കൊടുക്കാന്‍ തയാറാവണം.
പരാതി കൊടുത്തില്ലെങ്കില്‍ ഇനിയും ഇതുതന്നെ ആവര്‍ത്തിക്കും.
കൊച്ചി: (KVARTHA) ഹേമാ കമിറ്റി റിപോര്‍ടില്‍ പ്രതികരണവുമായി നടി ഉഷ ഹസീനയും. ദുരനുഭവമുണ്ടായ കുട്ടികള്‍ തന്നെയാണല്ലോ കമിഷന് മൊഴി കൊടുത്തിരിക്കുന്നതെന്ന് പറഞ്ഞ താരം ദുരനുഭവം നേരിട്ട പെണ്‍കുട്ടികള്‍ പരാതി കൊടുക്കാന്‍ തയാറാവണമെന്നും ആവശ്യപ്പെട്ടു. പരാതി കൊടുത്തില്ലെങ്കില്‍ ഇനിയും ഇതുതന്നെ ആവര്‍ത്തിക്കും. സര്‍കാര്‍ വിഷയത്തില്‍ ഇടപെട്ട് കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്നും താരം പറഞ്ഞു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇതില്‍ പല കാര്യങ്ങളും നേരത്തേ തന്നെ പുറത്തുവന്നതാണ്. ഇപ്പോള്‍ ഈ റിപോര്‍ട് വന്നതോടുകൂടി ഉറപ്പായിട്ടും ഇതൊക്കെ നടന്ന കാര്യങ്ങളാണെന്നറിയാന്‍ കഴിഞ്ഞുവെന്നും നടി വ്യക്തമാക്കി. ഇതുപോലുള്ള ദുരനുഭവങ്ങള്‍ നേരിട്ടവര്‍ നേരത്തേ തന്നെ അക്കാര്യങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും ഉഷ പറഞ്ഞു.
സിനിമാ മേഖല മൊത്തത്തില്‍ അത്തരം ആളുകളാണെന്ന് പറയാനാവില്ലെന്നും ഉഷ പറഞ്ഞു. കുറച്ചുപേര്‍ മോശമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഹേമാ കമിറ്റി റിപോര്‍ടില്‍ പ്രതികളായി പരാമര്‍ശിച്ചിരിക്കുന്ന ആളുകളില്‍ പലരും വിവിധ സംഘടനകളുടെ ഉന്നത സ്ഥാനത്തിരിക്കുന്നുണ്ട്. അങ്ങനെയുള്ളവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അവര്‍ ഇതുതന്നെ തുടരും. അവര്‍ക്കെതിരെ നടപടിയെടുക്കുകയും മാറ്റിനിര്‍ത്തുകയും വേണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഉഷ ചൂണ്ടിക്കാട്ടി.
ശാരദാ മാഡം ഒരിക്കല്‍ തന്നോട് പറഞ്ഞ കാര്യവും ഉഷ പങ്കിട്ടു. താനഭിനയിച്ച് തുടങ്ങിയ കാലം മുതല്‍ സ്ത്രീകള്‍ ചൂഷണത്തിന് വിധേയരാവുന്നുണ്ടായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. അത് ഇന്നും തുടരുന്നുണ്ട്. പവര്‍ ഗ്രൂപ്പ് സിനിമയില്‍ ഉണ്ടെന്നാണ് കരുതുന്നതെന്നും ഉഷ ചൂണ്ടിക്കാട്ടി. എനിക്ക് മോശം അനുഭവമുണ്ടായപ്പോഴെല്ലാം പ്രതികരിച്ചിട്ടുണ്ടെന്നും അത് മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ടെന്നും താരം പറഞ്ഞു.
'ഞാന്‍ സിനിമയില്‍ വന്ന സമയത്താണ്. ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അദ്ദേഹം വലിയ കുഴപ്പക്കാരനാണെന്ന് പലരും പറഞ്ഞിരുന്നു. പിന്നെ എനിക്ക് കൂടെ ബാപ്പയുണ്ടെന്നുള്ള ധൈര്യമുണ്ടായിരുന്നു. ഈ സംവിധായകന്റെ ഓരോ രീതികളുണ്ട്. നമുക്ക് വലിയ സ്വാതന്ത്ര്യമാണ് ആദ്യ ദിവസങ്ങളില്‍ തരിക.
പക്ഷേ പിന്നീട് പുള്ളി നമ്മളോട് മുറിയിലേക്ക് ചെല്ലാന്‍ ഫോണിലൂടെ ആവശ്യപ്പെടും. എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ബാപ്പയേയും കൂട്ടിയാണ് ചെന്നത്. പിന്നെ സെറ്റില്‍ ചെല്ലുമ്പോള്‍ നമ്മളോട് വളരെ മോശമായി പെരുമാറും. നന്നായി അഭിനയിച്ചാലും മോശമാണെന്ന് പറയുകയും അവഹേളിക്കുകയും ചെയ്യും.
ഒരിക്കല്‍ ഞാന്‍ സഹികെട്ട് ചെരിപ്പൂരി അടിക്കാന്‍ ചെന്നു. അന്നത് ചില മാസികകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. പല കാര്യങ്ങളിലും നമ്മള്‍ പ്രതികരിച്ചതിന്റെ പേരില്‍ ചിലര്‍ മാറ്റിനിര്‍ത്തിയിട്ടുണ്ട്. പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് ഇന്നെനിക്ക് തോന്നുന്നു. ആരോടാണ് പരാതി പറയേണ്ടതെന്ന് അന്ന് അറിയില്ലായിരുന്നു' എന്നും ഉഷ പറഞ്ഞു.
#HemaCommittee #UshaHaseena #MalayalamCinema #Kerala #Assault #Justice