Injured | വീട് കയറി തെരുവ് നായയുടെ ആക്രമണം; ശരീരത്തില്‍ 38 മുറിവുകള്‍; ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി
Sep 18, 2022, 11:42 IST
കോട്ടയം: (www.kvartha.com) പാമ്പാടിയില്‍ തെരുവുനായ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. ശരീരത്തില്‍ 38 മുറിവുകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിഷ സുനില്‍ എന്ന വീട്ടമ്മയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി. നായ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇവരെ രക്ഷിക്കാനെത്തിയ സുമി എന്ന മറ്റൊരു സ്ത്രീയെയും നായ ആക്രമിച്ചു. സുമിയുടെ കൈക്കും മാരകമായ മുറിവുണ്ട്. തെള്ളകത്തെ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.
ഇതേ നായ തന്നെ വീട്ടില്‍ നിഷയുടെ 12 കാരിയായ മകളെയും ആക്രമിച്ചു. ഈ നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി. അതുകൊണ്ട് തന്നെ നായയ്ക്ക് പേവിഷബാധ ഉണ്ടോയെന്ന് സംശയമുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കൂറിനിടെ പാമ്പാടിയില്‍ ഏഴ് പേരെയാണ് ഈ നായ ആക്രമിച്ചത്.
അതേസമയം, തെരുവുനായ പ്രശ്നം പരിഹരിക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക ക്യാംപയിന് തുടക്കമാകും. അടുത്ത മൂന്നുദിവസം നഗരത്തിലെ വളര്‍ത്തു നായ്ക്കള്‍ക്ക് വാക്സിന്‍ നല്‍കും. ഇതിനായി 15 സെന്ററുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നഗരത്തിലെ തെരുവ് നായ പ്രശ്നങ്ങളും പരിഹാരനടപടികളും പ്രത്യേക കൗന്‍സില്‍ യോഗത്തില്‍ ചര്‍ചയായി. നഗരത്തിലെ മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണം എന്നും നഗരസഭ നിര്‍ദേശിച്ചിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ തെരുവുനായ ശല്യം രൂക്ഷമായ ഹോട്സ്പോടുകളുടെ പട്ടികയില്‍ തിരുവനന്തപുരമാണ് ഒന്നാമത്. മൊത്തം 170 ഹോട്സ്പോടുകളില്‍ 28 എണ്ണം തിരുവനന്തപുരത്താണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം നഗരസഭ പ്രത്യേക ക്യാംപയിന്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.