കൂത്തുപറമ്പിൽ റോഡപകടം: ബാംഗ്ലൂരിൽ നിന്നും തിരിച്ചെത്തിയ വയോധികയ്ക്ക് ദാരുണാന്ത്യം


● അപകടത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
● ഗുരുതരമായി പരിക്കേറ്റ ആമിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
● മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ.
കണ്ണൂർ: (KVARTHA) കൂത്തുപറമ്പ് - മട്ടന്നൂർ റോഡിലെ മൂന്നാംപീടികയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധിക മരിച്ചു. മൂന്നാംപീടിക റാസിലെ ആമിന (65) യാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം.
ബാംഗ്ലൂരിൽനിന്ന് സഹോദരി റസിയയുടെ കൂടെ ബസ്സിറങ്ങിയ ആമിന, മൂന്നാംപീടികയിൽവെച്ച് റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ആമിനയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സഹോദരി റസിയ റോഡ് മുറിച്ചുകടന്നതിന് പിന്നാലെ ആമിന കടക്കാൻ ശ്രമിക്കുന്നതും, കാറിടിച്ച് മുന്നോട്ട് തെറിക്കുന്നതും സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബാംഗ്ലൂരിലുള്ള റസിയയുടെ മകളുടെ വീട്ടിൽ പോയ ശേഷം മടങ്ങിയെത്തുകയായിരുന്നു ഇരുവരും. അപകടത്തിൽ ആമിനയുടെ ചെരുപ്പും, കയ്യിലുണ്ടായിരുന്ന സഞ്ചിയുമൊക്കെ സംഭവസ്ഥലത്ത് ചിതറിവീണു.
ഗുരുതരമായി പരിക്കേറ്റ ആമിനയെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Article Summary: Elderly woman dies in a road accident in Koothuparamba.
#Koothuparamba, #RoadAccident, #Kannur, #RoadSafety, #Kerala, #Tragedy