Passing | കൂത്തുപറമ്പ് പൊലീസ് വെടിവയ്പിലെ സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു
● കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
● ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നരയോടെയായിരുന്നു അന്ത്യം
പാനൂര്‍: (KVARTHA) കൂത്തുപറമ്പ് പൊലീസ് വെടിവയ്പിലെ സമരനായകന്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (53) അന്തരിച്ചു. സിപിഎം അണികള്‍ക്കിടയില്‍ ജീവിക്കുന്ന രക്തസാക്ഷിയെന്നാണ് പുഷ്പന്‍ അറിയപ്പെട്ടിരുന്നത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നരയോടെയായിരുന്നു അന്ത്യം. പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജൂലൈ 31ന് പുഷ്പനെ തലശേരി സഹകരണ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. നില ഭേദമാകാത്തതിനാല്‍ പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
1994 നവംബര്‍ 25 ന്, യുഡിഎഫ് സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് മന്ത്രി എംവി രാഘവനെതിരെ കൂത്തുപറമ്പില്‍ കരിങ്കൊടി കാട്ടിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പിലാണ് പുഷ്പന് പരുക്കേറ്റത്. കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.
വെടിവെയ്പ്പില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ കെകെ രാജീവന്‍, മധു, ഷിബുലാല്‍, ബാബു, റോഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. പുഷ്പന്‍ അടക്കം ആറോളം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നട്ടെല്ലിന് പരുക്കേറ്റ് കഴുത്തിന് താഴെ തളര്‍ന്ന് മൂന്ന് പതിറ്റാണ്ടോളമായി കിടപ്പിലായിരുന്നു. പ്രവര്‍ത്തകരുടെ ആവേശവും വികാരവുമായിരുന്നു ഒരുകാലത്ത് പുഷ്പന്‍. കിടപ്പിലായിരുന്ന സമയത്ത് അപൂര്‍വ്വം അവസരങ്ങളില്‍ തിരഞ്ഞെടുപ്പ് പരിപാടികളിലും പാര്‍ട്ടിവേദികളിലും പ്രവര്‍ത്തകര്‍ക്ക് ആവേശമായി പുഷ്പന്‍ എത്തിയിരുന്നു.
വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പുഷ്പന്റെ സഹോദരന്‍ പ്രകാശന് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു.
സഹോദരങ്ങള്‍: ശശി, രാജന്‍, പ്രകാശന്‍, ജാനു, അജിത.
#PoliceFiring #DeadNews #CPM #Hospital