Kilikollur | 'സ്റ്റേഷനില്‍ വച്ചാണ് സഹോദരങ്ങള്‍ക്ക് മര്‍ദനമേറ്റതെങ്കിലും, മര്‍ദിച്ചത് ആരാണെന്നതിന് തെളിവില്ല'; കിളികൊല്ലൂര്‍ കേസില്‍ പൊലീസുകാരെ സംരക്ഷിച്ച് റിപോര്‍ട്
Nov 27, 2022, 13:23 IST
കൊല്ലം: (www.kvartha.com) കിളികൊല്ലൂരില്‍ സൈനികനും സഹോദരനും സ്‌റ്റേഷനില്‍വച്ച് മര്‍ദനമേറ്റെന്ന സംഭവത്തില്‍ പൊലീസുകാരെ സംരക്ഷിച്ച് കമീഷനറുടെ റിപോര്‍ട്. സൈനികന്‍ വിഷ്ണുവിനും സഹോദരന്‍ വിഘ്നേഷിനും പൊലീസ് സ്റ്റേഷനില്‍നിന്ന് മര്‍ദനമേറ്റെന്ന് കൊല്ലം സിറ്റി പോലീസ് കമീഷനര്‍ മെറിന്‍ ജോസഫ് മനുഷ്യാവകാശ കമിഷന് റിപോര്‍ട് സമര്‍പിച്ചു. എന്നാല്‍ മര്‍ദിച്ചതാരാണെന്നതില്‍ വ്യക്തയില്ലെന്നാണ് പൊലീസ് നല്‍കിയ റിപോര്‍ടിലുള്ളത്.
പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന് സഹോദരങ്ങള്‍ മൊഴി നല്‍കിയെങ്കിലും തെളിവുകളില്ല. അതിനാല്‍ മര്‍ദിച്ചതാരാണെന്ന് അറിയില്ല. ഇതോടെ സ്റ്റേഷന് പുറത്തുവച്ചാണ് ഇരുവര്‍ക്കും മര്‍ദനമേറ്റതെന്ന പൊലീസ് വാദവും റിപോര്‍ട് തളളുകയാണ്.
സ്റ്റേഷന് പുറത്തുവച്ച് ഇരുവര്‍ക്കും മര്‍ദനമേറ്റതിന് തെളിവില്ലെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷിച്ചെങ്കിലും തെളിവ് കണ്ടെത്താന്‍ ആയില്ലെന്നും റിപോര്‍ടില്‍ പരാമര്‍ശിക്കുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് കണ്ടെത്താന്‍ ആയില്ലെന്നും റിപോര്‍ടിലുണ്ട്. കൊല്ലം സിറ്റി പൊലീസ് കമീഷനര്‍ മനുഷ്യാവകാശ കമീഷന് സമര്‍പിച്ച റിപോര്‍ടിലാണ് ഈ പരാമര്‍ശങ്ങളുള്ളത്.
വിഷ്ണുവിന്റെ സഹോദരന്‍ വിഘ്നേഷാണ് മനുഷ്യാവകാശ കമീഷനില്‍ പരാതി നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് പൊലീസിനോട് 15 ദിവസത്തിനകം റിപോര്‍ട് സമര്‍പിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിപോര്‍ട്.
എംഡിഎംഎ കേസിലെ പ്രതികളെ ജാമ്യത്തിലിറക്കാന്‍ വിളിച്ചുവരുത്തിയപ്പോഴായിരുന്നു മര്‍ദനമേറ്റെന്നായിരുന്നു പൊലീസിന്റെ ആരോപണം. ഇവര്‍ പൊലീസിനെ ആക്രമിച്ചെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ കേസും രെജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും കേസ് വ്യാജമാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്പെഷ്യല്‍ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്.
സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂര്‍ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. എംഡിഎംഎയുമായി നാലുപേര്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ക്ക് ജാമ്യം എടുക്കാനായാണ് സൈനികന്റെ സഹോദരന്‍ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് ആരോപണം.
എന്നാല്‍ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യം നില്‍ക്കാന്‍ തയ്യാറായില്ലെന്നും തുടര്‍ന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്നേഷും ഒരു പൊലീസുകാരനും തമ്മില്‍ വാക് തര്‍ക്കമുണ്ടായെന്നും ഇതിനിടെ വിഷ്ണുവും ഇവിടേക്കെത്തിയെന്നും തുടര്‍ന്നാണ് രണ്ടുപേരെയും പൊലീസുകാര്‍ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതെന്നുമാണ് ഇവരുടെ ആരോപണം.
Keywords: News,Kerala,State,Kollam,Top-Headlines,Trending,Report,Police,Case, Kollam police commissioner report over Kilikollur police custodial assault
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.