Accident | തേവരയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിനും ഭാര്യാ സഹോദരിക്കും ദാരുണാന്ത്യം; അപകടം മകന്റെ നൂലുകെട്ട് ചടങ്ങ് നടക്കാനിരിക്കെ
ADVERTISEMENT
● വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതായി പൊലീസ്
● പോസ്റ്റില്‍ ഇടിച്ച് വാഹനങ്ങളുടെ മുകളില്‍ മറിഞ്ഞു
● ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കൊച്ചി: (KVARTHA) തേവരയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിനും ഭാര്യാ സഹോദരിക്കും ദാരുണാന്ത്യം. തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന്‍, ഭാര്യയുടെ സഹോദരി മീനാക്ഷി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയോടെ ലൂര്‍ദ് പള്ളിക്ക് സമീപമാണ് അപകടം. സൂഫിയാന്റെ മകന്റെ നൂലുകെട്ട് ചടങ്ങ് ഞായറാഴ്ച നടക്കാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.
ഐസ്‌ക്രീം വാങ്ങുന്നതിനായി ഭാര്യയുടെ സഹോദരിയുമായി കടയിലേക്ക് പോകുകയായിരുന്നു സൂഫിയാന്‍. ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ബൈക്ക് വളവിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറിയ ശേഷം ഭക്ഷണശാലകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
ഉടന്‍ തന്നെ ഓടിയെത്തിയ പ്രദേശവാസികള്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
#KochiAccident, #KeralaNews, #Tragedy, #RoadSafety, #BikeAccident
