Decision | കൊച്ചി സ്മാർട്ട് സിറ്റി: ദുബൈ ആസ്ഥാനമായുള്ള ടീകോം കമ്പനിയെ ഒഴിവാക്കും
● പാട്ടക്കരാർ പ്രകാരമുള്ള നിബന്ധനകൾ ടീകോം പാലിക്കാത്തതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.
● 8.8 ദശലക്ഷം ചതുരശ്ര മീറ്റർ കെട്ടിടങ്ങൾ നിർമിക്കുന്നതിൽ 60% ഐ.ടി. അനുബന്ധസ്ഥാപനങ്ങൾക്കായിരിക്കണമെന്നായിരുന്നു കരാർ.
● ആറുലക്ഷം ചതുരശ്ര മീറ്ററിനപ്പുറം ടീകോമിന് നിർമിക്കാൻ സാധിച്ചില്ല.
തിരുവനന്തപുരം: (KVARTHA) കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ദുബൈ ആസ്ഥാനമായ ടീകോം കമ്പനിയെ ഒഴിവാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി സമർപ്പിച്ച ശിപാർശയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് ഈ തീരുമാനം.
ടീകോമും സംസ്ഥഥാനസർക്കാരും ചേർന്നുള്ള സ്‌മാർട് സിറ്റി പദ്ധതി കരാർപ്രകാരം സർക്കാരിന്റെ ഓഹരി പങ്കാളിത്തം 16 ശതമാനവും ടീകോമിന്റേത് 84 ശതമാനവുമാണ്. എന്നാൽ, പാട്ടക്കരാർ പ്രകാരമുള്ള നിബന്ധനകൾ ടീകോം പാലിക്കാത്തതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.
ടീകോമിനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തി, പരസ്‌പരധാരണയോടെ പിന്മാറ്റനയം രൂപീകരിക്കും. ടീകോമിന് നൽകേണ്ട നഷ്ടപരിഹാരത്തുക കണക്കാക്കാൻ സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കും. ഈ സമിതിയിൽ ഐ.ടി. മിഷൻ ഡയറക്ടർ, ഇൻഫോപാർക്ക് സി.ഇ.ഒ, ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ‌്‌മെൻ്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് (ഒ.കെ.ഐ.എച്ച്) എം.ഡി: ഡോ. ബാജു ജോർജ് എന്നിവരും ഉൾപ്പെടും.
2007 നവംബർ 15-ന് വി.എസ്. അച്യുതാനന്ദൻ സർക്കാർ ആണ് കൊച്ചിയിലെ കാക്കനാട് 246 ഏക്കറിൽ സ്മാർട്ട് സിറ്റി പദ്ധതിക്ക് തുടക്കം കുറിച്ചത്. 8.8 ദശലക്ഷം ചതുരശ്ര മീറ്റർ കെട്ടിടങ്ങൾ നിർമിക്കുന്നതിൽ 60% ഐ.ടി. അനുബന്ധസ്ഥാപനങ്ങൾക്കായിരിക്കണമെന്നായിരുന്നു കരാർ. 2016-ൽ പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. എന്നാൽ, പാട്ടക്കരാർ ഒപ്പിട്ടശേഷം അഞ്ചുവർഷം കൊണ്ട് 8.8 ദശലക്ഷം ചതുരശ്ര മീറ്റർ കെട്ടിടനിർമാണം നടത്താമെന്ന കരാർ പാലിക്കപ്പെട്ടില്ല. ആറുലക്ഷം ചതുരശ്ര മീറ്ററിനപ്പുറം ടീകോമിന് നിർമിക്കാൻ സാധിച്ചില്ല. ഇതോടെയാണ് ടീകോമിനെ ഒഴിവാക്കാനുള്ള നീക്കം.
#KochiSmartCity #TECOM #GovernmentDecision #Infrastructure #KeralaNews #Dubai