Railway Projects | കൊച്ചിയില്‍ പ്രധാനമന്ത്രി വിവിധ റെയില്‍വെ പദ്ധതികള്‍ നാടിന് സമര്‍പിക്കും; 1059 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ 3 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിന് തറക്കല്ലിടും; തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും
Sep 1, 2022, 14:53 IST
തിരുവനന്തപുരം: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ ഇന്നു വിവിധ റെയില്‍വേ അടിസ്ഥാന സൗകര്യപദ്ധതികളുടെ സമര്‍പണവും ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. വൈകിട്ട് ആറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് കന്‍വെന്‍ഷന്‍ ഹാളിലാണ് ചടങ്ങ്.
750 കോടി രൂപ ചെലവില്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കിയ കുറുപ്പന്തറകോട്ടയം ചിങ്ങവനം ഭാഗത്തെ 27 കിലോമീറ്റര്‍ പാത പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും. ഇതോടെ, തിരുവനന്തപുരം മുതല്‍ മംഗളൂരു വരെയുള്ള 634 കിലോമീറ്റര്‍ മുഴുവന്‍ ഇരട്ടപ്പാതയാകും. യാത്രക്കാര്‍ക്കു വേഗമേറിയതും തടസ്സരഹിതവുമായ സമ്പര്‍ക്ക സൗകര്യമാണ് ഇത് ഉറപ്പാക്കുന്നത്. ശബരിമല അയ്യപ്പക്ഷേത്രത്തിലേ ക്കുള്ള ലക്ഷക്കണക്കിനു ഭക്തര്‍ക്കു കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനുകളില്‍ ഇറങ്ങി പമ്പയിലേക്കു റോഡുമാര്‍ഗം പോകാനുള്ള സൗകര്യവും വര്‍ധിക്കും.
കൊല്ലത്തിനും പുനലൂരിനുമിടയില്‍ 76 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ, പുതുതതായി വൈദ്യുതീകരിച്ച ഭാഗവും പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും. വൈദ്യുതീകരണദൗത്യം 2023 പദ്ധതികളുടെ ഭാഗമായി കേരളത്തില്‍ പ്രധാനപ്പെട്ട പാതകള്‍ പൂര്‍ണമായും വൈദ്യുതീകരിച്ചു. കൊല്ലം-പുനലൂര്‍ പാത വൈദ്യുതീകരിച്ചതോടെ ഇതുവഴിയുള്ള യാത്രയുടെ വേഗത വര്‍ധിക്കും. താങ്ങാവുന്ന ചെലവിലുള്ള ഗതാഗത മാര്‍ഗമായി വര്‍ത്തിക്കുന്നതിനൊപ്പം ഇക്കോ-ടൂറിസത്തിനും ഇതുണര്‍വേകും.
കോട്ടയം-എറണാകുളം, കൊല്ലം-പുനലൂര്‍ എന്നീ പാതകളിലെ പ്രത്യേക ട്രെയിന്‍ സര്‍വീസുകളും ചടങ്ങില്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. സ്റ്റേഷന്‍ പുനര്‍വികസന പദ്ധതികളുടെ ആകെ ചെലവ് 1059 കോടി രൂപയാണ്. പ്രത്യേക ആഗമനം/പുറപ്പെടല്‍ ഇടനാഴികള്‍, ഭിന്നശേഷിതര്‍ ക്കുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ മനോഹരമായി രൂപകല്‍പ്പനചെയ്ത ഉള്‍ഭാഗങ്ങള്‍, ആകാശപാതകള്‍, വിശാലമായ പാര്‍ക്കിങ് സൗകര്യം, ആകര്‍ഷകമായ പരിസരം തുടങ്ങി അത്യാധുനിക-ലോകോത്തര സൗകര്യങ്ങള്‍ ഈ റെയില്‍വേ സ്റ്റേഷനുകളില്‍ ഉണ്ടാകും. പൂന്തോട്ട ങ്ങളും വിവിധതലത്തിലുള്ള ഗതാഗതസൗകര്യങ്ങളും ഇവിടെയുണ്ടാകും. ഗവണ്‍മെന്റിന്റെ സ്വയംപര്യാപ്തഭാരതം എന്ന ലക്ഷ്യത്തിന് അനുസൃതമായി, ഈ റെയില്‍വേ സ്റ്റേഷനുകളില്‍ സൗരോര്‍ജ പാനലുകള്‍, മലിനജലസംസ്‌കരണ പ്ലാന്റുകള്‍, ഊര്‍ജസംരക്ഷണ പ്രദാനമായ ലൈറ്റിങ്, മഴവെള്ളസംഭരണസൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും.
എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം റെയില്‍വേ സ്റ്റേഷനുകളില്‍ പ്രാദേശികമായി ചടങ്ങുകള്‍ നടത്തും. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. എറണാകുളത്തിനും കായംകുളത്തിനും ഇടയില്‍ പുതിയ മെമു എക്സ്പ്രസ് ട്രെയിന്‍ സര്‍വീസിനു (ട്രെയിന്‍ നമ്പര്‍ 16309/16310) തുടക്കം കുറിക്കും. 2022 സെപ്റ്റംബര്‍ 2 മുതല്‍ ട്രെയിന്‍ പതിവു സര്‍വീസ് ആരംഭിക്കും.
നിലവില്‍ കൊല്ലം-പുനലൂര്‍ സെക്ഷനില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ജോഡി പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ (ട്രെയിന്‍ നമ്പര്‍.06661/06669 & 066606/0667) മെമു സര്‍വീസുകളായി പരിവര്‍ത്തനം ചെയ്യുകയും 2022 സെപ്റ്റംബര്‍ 2 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.