POCSO | പ്രായപൂര്‍ത്തിയാകും മുമ്പ് വിവാഹം കഴിച്ചുവെന്ന് മുന്‍ ഭാര്യയുടെ പരാതി; വ്‌ലോഗര്‍ ശാക്കിര്‍ സുബ്ഹാനെതിരെ പോക്‌സോ കേസ്

 


കൊച്ചി: (KVARTHA) മലു ട്രാവലര്‍ (Mallu Traveller) എന്നറിയപ്പെടുന്ന വ്‌ലോഗര്‍ ശാക്കിര്‍ സുബ്ഹാനെതിരെ പൊലീസ് പോക്‌സോ കേസ് രെജിസ്റ്റര്‍ ചെയ്തു. മുന്‍ഭാര്യയുടെ പരാതിയിലാണ് ധര്‍മടം പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിയില്‍ ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകും മുമ്പ് വിവാഹം കഴിച്ചുവെന്നും 15-ാം വയസില്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും അതിക്രൂരമായി പീഡിപ്പിച്ചു, ഗര്‍ഭഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങളും ആദ്യഭാര്യ ശാക്കിറിനെതിരെ ഉന്നയിച്ചിരുന്നു. കുടുംബത്തിലെ പല സ്ത്രീകളെയും ഥാക്കിര്‍ ഒളികാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്ത് ഉപദ്രവിച്ചെന്നും മുന്‍ ഭാര്യ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് യുവതി ധര്‍മ്മടം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഈ പരാതിയിന്‍മേലാണ് ഇപ്പോള്‍ പോക്‌സോ ചുമത്തി കേസെടുത്തിരിക്കുന്നത്.

കേസ് ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്നതിനാല്‍ അവിടേക്ക് കൈമാറുമെന്ന് ധര്‍മ്മടം പൊലീസ് അറിയിച്ചിട്ടുണ്ട്. അതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമോ എന്ന കാര്യത്തില്‍ ഇരിട്ടി പൊലീസ് തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വിദേശ വനിതക്കെതിരായ ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെയാണ് ശാക്കിര്‍ സുബ്ഹാനെതിരെ ഇപ്പോള്‍ പോക്‌സോ കേസ് കൂടി വരുന്നത്. സഊദി യുവതിയുടെ പീഡന പരാതിയില്‍ ശാക്കിര്‍ സുബ്ഹാന് ഹൈകോടതി സ്ഥിരം ജാമ്യം നല്‍കിയിരുന്നു. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശങ്ങളൊന്നും പാടില്ലെന്നും ഹൈകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ശാക്കിറിനെ പൊലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇടക്കാല ജാമ്യം കോടതി അനുവദിക്കുകയും കോടതി നിര്‍ദേശ പ്രകാരം ശാക്കിര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്തിരുന്നു.

സഊദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് അഭിമുഖത്തിനായി എത്തിയപ്പോള്‍ എറണാകുളത്തെ ഹോടെലില്‍ വച്ച് ശാക്കിര്‍ സുബ്ഹാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സഊദി വനിതയുടെ പരാതിയില്‍ പറയുന്നത്.

ഏറെ നാളായി കൊച്ചിയിലാണ് സഊദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് ശാക്കിര്‍ സുബ്ഹാന്‍ ഹോടെലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പിന്നീട് പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയപ്പോള്‍ ശാക്കീര്‍ സുബ്ഹാന്‍ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്.

POCSO | പ്രായപൂര്‍ത്തിയാകും മുമ്പ് വിവാഹം കഴിച്ചുവെന്ന് മുന്‍ ഭാര്യയുടെ പരാതി; വ്‌ലോഗര്‍ ശാക്കിര്‍ സുബ്ഹാനെതിരെ പോക്‌സോ കേസ്



Keywords: News, Kerala, Kerala-News, Kochi-News, Police-News, Child Marriage, Kochi News, Complaint, Ex-Wife, Police, POCSO, Case, Vlogger, Shakir Subhan, Mallu Traveller, YouTuber, Kerala News, Kochi: POCSO case against vlogger Shakir Subhan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia