Accident | കൊച്ചിയില്‍ കേബിള്‍ കുരുങ്ങി വീണ്ടും അപകടം; സൈകിളില്‍ പാല്‍ വാങ്ങാന്‍ പോയ 11 വയസുകാരന് പരുക്ക്
Feb 22, 2023, 08:19 IST
കൊച്ചി: (www.kvartha.com) നഗരത്തില്‍ വീണ്ടും കേബിളില്‍ കുരുങ്ങി അപകടം ആവര്‍ത്തിക്കുകയാണ്. സൈകിളില്‍ പാല്‍ വാങ്ങാന്‍ പോയ 11 വയസുകാരന് കഴുത്തില്‍ കേബിള്‍ കുരുങ്ങി പരുക്കേറ്റു. മുണ്ടന്‍വേലിയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്.
ജോസഫ് ബൈജുവിന്റെ മകന്‍ സിയാന്‍ ജോസഫിനാണ് പരുക്കേറ്റത്. കേബിള്‍ കുരുങ്ങിയതോടെ കുട്ടി സൈകിളില്‍ നിന്ന് വീണ് പരുക്കേല്‍ക്കുകയായിരുന്നു. തേവര സേക്രട് ഹാര്‍ട് സിഎംഐ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
കൊച്ചിയില്‍ കേബിളില്‍ കുരുങ്ങി ഇരുചക്ര വാഹനയാത്രികര്‍ അപകടത്തില്‍പെടുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. ചൊവ്വാഴ്ച രാവിലെ എം ജി റോഡില്‍ ഒരു അഭിഭാഷകനും കേബിള്‍ കഴുത്തില്‍ കുരുങ്ങി അപകടത്തില്‍പെട്ടിരുന്നു. ബൈക് യാത്രികനായ അഡ്വക്കേറ്റ് കുര്യനാണ് അപകടത്തില്‍ പരുക്കേറ്റത്. കഴുത്തില്‍ മുറിവും കാലിലെ എല്ലിന് പൊട്ടലുമുള്ള കുര്യന്‍ കൊച്ചിയിലെ മെഡികല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം കെഎസ്ഇബിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് റോഡരികിലെ കേബിളുകള്‍ നീക്കം ചെയ്യുമെന്ന് കേബിള്‍ ടിവി ഓപറേറ്റേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. സംഘടനയ്ക്ക് കീഴിലുള്ള എല്ലാ അംഗങ്ങളോടും അവരുടെ നെറ്റ് വര്‍ക് പരിധിക്ക് ഉള്ളില്‍ അപകടരമായ രീതിയിലുള്ള കേബിളുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനും അവ ഉടന്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയെന്ന് സംഘടന അറിയിച്ചു.
Keywords: News,Kerala,State,Kochi,Accident,Injured,Top-Headlines,Latest-News, Kochi: 11 year old boy fell off from cycle after cable tangled
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.