Kidney Stones | നിറവ്യത്യാസവും ദുര്‍ഗന്ധവുമുള്ള മൂത്രം വൃക്കയിലെ കല്ലിന്റെ മുന്നറിയിപ്പുകള്‍ ആകാം; ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക!

 


കൊച്ചി: (KVARTHA) കിഡ്‌നി സ്റ്റോണ്‍ (വൃക്കയിലെ കല്ല്) അഥവാ മൂത്രാശയക്കല്ല് (Kidney Stone) സ്ത്രീകളേയും പുരുഷന്മാരേയും ഒന്നുപ്പോലെ അലട്ടുന്ന പ്രശ്‌നമാണ്. നടുവിന്റെ ഭാഗത്തായി പുറകിലും അടിവയറ്റിലും ഉണ്ടാവുന്ന അതി കഠിനമായ വേദനയ്ക്ക് പിന്നിലെ കാരണം വൃക്കയിലെ കല്ലുകളായിരിക്കാം.

കല്ല് മൂത്രനാളിയിലെ ഏത് ഭാഗത്തെയും ബാധിക്കും. വൃക്കകള്‍ മുതല്‍ മൂത്രസഞ്ചി വരെ. പലപ്പോഴും, മൂത്രം ഉണ്ടാകുമ്പോള്‍ തന്നെ വൃക്കയിലെ കല്ലുകള്‍ രൂപം കൊള്ളുന്നു. ധാതുക്കളും ലവണങ്ങളും അടിഞ്ഞുകൂടി ഒരുമിച്ച് പറ്റിനിന്ന് ക്രിസ്റ്റലൈസ് ചെയ്യുമ്പോഴാണ് വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നത്.

ആര്‍ക്ക് വേണമെങ്കിലും വൃക്കയില്‍ കല്ലുകള്‍ വരാം. കല്ലുകള്‍ രൂപപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, അമിതമായി മദ്യപിക്കുക അല്ലെങ്കില്‍ ഉയര്‍ന്ന പ്രോടീന്‍ ഭക്ഷണക്രമത്തിലെ മാറ്റം എന്നിവയെല്ലാം വൃക്കയില്‍ കല്ലുകള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഉപ്പും പഞ്ചസാരയും അമിതമായി കഴിക്കുന്നതും വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

പ്രധാനമായും നാല് തരത്തിലാണ് വൃക്കയിലെ കല്ലുകള്‍ ഉള്ളത്. ഭക്ഷണത്തിലെ ഉയര്‍ന്ന അളവിലുള്ള ഓക്‌സലേറ്റുകള്‍ (Oxalates) മൂലമാണ് കാല്‍സ്യം കല്ലുകള്‍ ഉണ്ടാകുന്നത്. വിറ്റാമിന്‍ ഡി, ചില പഴങ്ങള്‍, നട്സ്, പച്ചക്കറികള്‍, ചോക്ലേറ്റ് എന്നിവയില്‍ പോലും ഉയര്‍ന്ന അളവില്‍ ഓക്‌സലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. നിര്‍ജലീകരണത്തിന്റെ ഫലമാണ് യൂറിക് ആസിഡ് കല്ലുകള്‍. ജനിതകപരമായി ഉണ്ടാകുന്ന കല്ലുകളാണ് സിസ്‌റ്റൈന്‍ (Cystine) കല്ലുകള്‍. വൃക്കകള്‍ ഉയര്‍ന്ന അളവില്‍ പ്രത്യേക അമിനോ ആസിഡുകള്‍ പുറന്തള്ളുമ്പോഴും കല്ലുകള്‍ രൂപം കൊള്ളുന്നു. മൂത്രനാളിയിലെ ചില അണുബാധകള്‍ മൂലം ഉണ്ടാകുന്ന കല്ലുകളാണ് സ്ട്രുവൈറ്റ് (Struvite).

കിഡ്നി സ്റ്റോണിന്റെ മുന്നറിയിപ്പുകളും ഉണ്ട്. ഇവയില്‍ മൂന്നില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.


Kidney Stones | നിറവ്യത്യാസവും ദുര്‍ഗന്ധവുമുള്ള മൂത്രം വൃക്കയിലെ കല്ലിന്റെ മുന്നറിയിപ്പുകള്‍ ആകാം; ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക!



1. ഓക്കാനം, ഛര്‍ദി: കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ക്ക് ഓക്കാനം ഇടയ്ക്കിടെ അനുഭവപ്പെടും.

2. നടുവേദന: അടിവയറ്റിലേക്കും ഞരമ്പിലേക്കും പടരുന്ന വേദന വൃക്കയിലെ കല്ലുകളുടെ മറ്റൊരു ലക്ഷണമാണ്. വേദന തിരമാലകളായി വരുകയും അതിന്റെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുണ്ടാവുകയും ചെയ്യുന്നു. മൂത്രനാളിയിലൂടെ താഴേക്ക് നീങ്ങുന്നതുവരെ കല്ലുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഈ കഠിനമായ വേദന വൃക്കസംബന്ധമായ കോളിക് (Colic) എന്നറിയപ്പെടുന്നു.

3. നിറവ്യത്യാസമുള്ള മൂത്രം: പിങ്ക്, തവിട്ട് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള മൂത്രം നിങ്ങളുടെ ശരീരത്തിലെ വൃക്കയിലെ കല്ലുകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. പതയുള്ളതും, വളരെ ദുര്‍ഗന്ധവും വമിച്ചേക്കാം.

4. ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍: വൃക്കയിലെ കല്ലുകള്‍ രോഗികളില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, മൂത്രം ചെറിയ അളവില്‍ വരും, ചിലപ്പോള്‍ തുള്ളികളായും. മൂത്രമൊഴിക്കേണ്ടതിന്റെ ആവശ്യകത എപ്പോഴും ഉണ്ടായിരിക്കും. ചിലപ്പോള്‍ കല്ലുകള്‍ മൂത്രം പുറന്തള്ളുന്നത് തടയും. ഇത് മൂത്രാശയ തടസവും അപകടകരമായ അവസ്ഥയുമാണ്, കാരണം ഇത് വൃക്ക തകരാറിലായേക്കാം.

5. പനിയും വിറയലും: വൃക്കയിലെ കല്ലുകളും സിസ്റ്റത്തില്‍ അണുബാധയും ഉള്ളവര്‍ക്ക് പനിയും വിറയലും അനുഭവപ്പെടും.

പത്തില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു. ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ വൃക്കയിലെ കല്ലുകള്‍ വീണ്ടും ഉണ്ടാകുന്നത് തടയാന്‍ കഴിയും.
ചികന്‍, മത്സ്യം, മുട്ട തുടങ്ങിയ മാംസാഹാരങ്ങള്‍ മിതമായി മാത്രം കഴിക്കുക. ഇവയില്‍ അടങ്ങിയിരിക്കുന്ന അധിക പ്രോടീന്‍ വൃക്കയിലെ കല്ലുകള്‍ക്ക് കാരണമാകും. പ്രതിദിനം കഴിക്കുന്ന ഭക്ഷണത്തില്‍ ധാന്യങ്ങള്‍, തിന, ഓട്സ്, ഡാലിയ, വിവിധതരം പഴങ്ങളും പച്ചക്കറികളും എന്നിവ ഉള്‍പെടുത്തുക. ആവശ്യത്തിന് കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. നാരങ്ങാവെള്ളം കുടിക്കുക, അതിലെ വിറ്റാമിന്‍ സി വൃക്കയിലെ കല്ലുകള്‍ തടയാന്‍ സഹായിക്കുന്നു. വൃക്കയിലെ കല്ലുകള്‍ ഉണ്ടെങ്കില്‍, പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. മിക്കവയും കൃത്യമായ ചികിത്സയിലൂടെയും ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും പുറന്തള്ളാവുന്നതാണ്.

ശ്രദ്ധിക്കുക: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വിദ്യാഭ്യാസ/ബോധവല്‍ക്കരണ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഒരു ആരോഗ്യപ്രവര്‍ത്തകന്റെ വൈദ്യചികിത്സയ്ക്ക് പകരമാകാന്‍ ഉദ്ദേശിച്ചുള്ളതല്ല. രോഗം കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും ഡോക്ടര്‍മാരെ കാണേണ്ടതാണ്.

Keywords: News, Kerala, Kerala-News, Top-Headlines, Health-News, Know, Warning, Symptoms, Kidney Stone, Vomit, Doctor, Health, Pain, Treatment, Know Warning Symptoms of Kidney Stone.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia