Old Politics | കോട്ടയത്ത് മുമ്പ് നടന്നത് കെ എം മാണി, ഉമ്മൻ ചാണ്ടി മത്സരം; ഒടുവിൽ മാണിയെ പിടിച്ചുകെട്ടി ചാണ്ടി

 


/ മിന്റാ മരിയ തോമസ്

(KVARTHA) കോട്ടയം പോലുള്ള മധ്യകേരളത്തിൽ കെ എം മാണിയുമായി ഉമ്മൻ ചാണ്ടി നടത്തിയത് ഒരു മത്സരം തന്നെയായിരുന്നു. ഒടുവിൽ, മാണിയെ പിടിച്ചുകെട്ടുകയായിരുന്നു ഉമ്മൻ ചാണ്ടി. ഇതാണ് അക്ഷരാർത്ഥത്തിൽ മധ്യകേരളത്തിൽ സംഭവിച്ചത്. ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെയും കെ.എം മാണിയുടെയും വിടവ് കോൺഗ്രസിനെയും കേരളാ കോൺഗ്രസിനെയും സംബന്ധിച്ച് പറയുകയാണെങ്കിൽ ശരിക്കും ഒരു വിടവ് തന്നെയാണ്. ഉമ്മൻ ചാണ്ടിയും കെ.എം മാണിയും ഇല്ലാതെയാണ് ഈ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽ.ഡി.എഫും യു.ഡി.എഫും കൊമ്പുകോർക്കുന്നത്. എൽ.ഡി.എഫിലും യു.ഡി.എഫിലും നിൽക്കുന്ന ഇരു കേരളാ കോൺഗ്രസുകളും കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു.

Old Politics | കോട്ടയത്ത് മുമ്പ് നടന്നത് കെ എം മാണി, ഉമ്മൻ ചാണ്ടി മത്സരം; ഒടുവിൽ മാണിയെ പിടിച്ചുകെട്ടി ചാണ്ടി

യു.ഡി.എഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ കെ ഫ്രാൻസിസ് ജോർജും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ തോമസ് ചാഴികാടനും ഏറ്റുമുട്ടുന്നു. മലപ്പുറത്ത് മുസ്ലിംലീഗ് എന്ന പോലെ തന്നെ കേരളാ കോൺഗ്രസുകാർക്ക് വേരോട്ടമുള്ള മണ്ണാണ് മധ്യകേരളത്തിൽ കോട്ടയം, ഇടുക്കി, എറണാകുളം പോലുള്ള ജില്ലകൾ. മലപ്പുറത്ത് മുസ്ലിം സമുദായത്തിലുള്ള ആളുകൾ കൂടുതൽ ഉള്ള പാർട്ടി എന്ന നിലയിൽ മുസ്ലിലീഗും കോട്ടയം, ഇടുക്കി എറണാകുളം പോലുള്ള ജില്ലകളിൽ കത്തോലിക്കർ കൂടുതലുള്ള പാർട്ടി എന്ന നിലയിൽ കേരളാ കോൺഗ്രസും പ്രവർത്തിച്ചു വരുന്നു. മലപ്പുറത്ത് കോൺഗ്രസിനു മുകളിൽ മുസ്ലിം ലീഗിൻ്റെ അപ്രമാധിത്യം ആണ് കാണാൻ കഴിയുന്നതെങ്കിൽ, എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തുമൊന്നും കോൺഗ്രസിൻ്റെ മുകളിൽ ഉള്ള അപ്രമാധിത്യമൊന്നും കേരളാ കോൺഗ്രസിന് അവകാശപ്പെടാവുന്നതല്ല.

മുസ്ലിം ലീഗിന് മലപ്പുറം, കോഴിക്കോട് പോലെയുള്ള ജില്ലകളിൽ തനിച്ച് മത്സരിക്കാനുള്ള ശക്തിയുണ്ടെങ്കിലും കേരളാ കോൺഗ്രസിന് മധ്യകേരളത്തിൽ ഒരു മണ്ഡത്തിൽ പോലും തനിച്ച് മത്സരിച്ച് ശക്തി തെളിയിക്കാനുള്ള കഴിവ് ഇല്ലെന്നതാണ് വാസ്തവം. എന്നാൽ, മധ്യകേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കേരളാ കോൺഗ്രസിൻ്റെ പിന്തുണ ഇല്ലെങ്കിലും തനിച്ച് മത്സരിച്ചു ജയിക്കാവുന്ന സാഹചര്യവും ഉണ്ട്. മുസ്ലിംലീഗ് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കോൺഗ്രസിനെ ശുഷ്ക്കമാക്കി വലിയ മുന്നേറ്റമാണ് നടത്തുന്നതെങ്കിലും മധ്യകേരളത്തിൽ കേരളാ കോൺഗ്രസിന് സി.പി.എമ്മിനെയോ കോൺഗ്രസിനെയോ ആശ്രയിച്ചാൽ മാത്രമേ നിലനിൽപ്പുള്ളു എന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

കെ.എം മാണി സാറിൻ്റെ സ്വന്തം കേരളാ കോൺഗ്രസ് പാർട്ടിക്ക് ഇവിടെ സ്വന്തമായി ശക്തി തെളിയിക്കാൻ ആവാത്തതിന് പ്രധാന കാരണക്കാരൻ ഉമ്മൻ ചാണ്ടി എന്ന കോൺഗ്രസിൻ്റെ ജനകീയ മുഖമാണ്. കെ.എം മാണിക്ക് ഉമ്മൻ ചാണ്ടിയെ കടത്തിവെട്ടി ഒരിക്കലും ഒരുപടി മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. മാണി സാറിൻ്റെ കേരളാ കോൺഗ്രസ് പാർട്ടിയുടെ അപ്രമാദിത്യം മധ്യകേരളത്തിൽ ഉണ്ടാകാതിരിക്കാൻ ഒരു പരിധിവരെ പരിചയായി നിൽക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. കെ.എം മാണി ആദ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ ഉമ്മൻ ചാണ്ടി സ്‌കൂളിൽ പഠിക്കുന്ന വെറും ഒരു പയ്യൻ മാത്രമായിരുന്നു. പിന്നീട് പി.ടി ചാക്കോയുടെ നേതൃത്വത്തിൽ കോൺഗ്രസ് പിളർന്ന് കേരളാ കോൺഗ്രസ് രൂപപ്പെട്ടപ്പോൾ കെ.എം.മാണി അതിൻ്റെ പ്രധാന നേതാവായി വളരുകയായിരുന്നു.

മാണി കോൺഗ്രസിൽ നിന്നു പോയതിനു ശേഷം കോൺഗ്രസിലെ സീനിയർ നേതാക്കളായ എ കെ ആൻ്റണിയ്ക്കും വയലാർ രവിയ്ക്കും ഒപ്പം ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവും സ്വന്തം ജില്ലയായ കോട്ടയത്തിന് അപ്പുറം സംസ്ഥാനമാകെ വലിയ നേതാവായി വളർന്നു. കോട്ടയത്ത് കോൺഗ്രസിലെ പ്രവർത്തകർക്ക് സംരക്ഷണമൊഴുക്കി. ഉമ്മൻ ചാണ്ടി തങ്ങൾക്ക് ഒപ്പമുണ്ടെങ്കിൽ പിന്നെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന് ജനങ്ങൾ വിശ്വസിച്ചു. ഉമ്മൻ ചാണ്ടി എന്ന നേതാവിനെ മാത്രം കണ്ടുകൊണ്ട് മാത്രം കോട്ടയം പോലുള്ള ജില്ലകളിൽ കൂടുതൽ പേർ കോൺഗ്രസ് പ്രവർത്തകർ ആയി. പണ്ട് കോട്ടയം, ഇടുക്കി പോലുള്ള ജില്ലകളിലെ സ്‌കൂളുകളിൽ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിൻ്റെ ഒരു കൊടി ഉയർത്താൻ പോലും കേരളാ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടന അനുവദിക്കാത്ത കാലമുണ്ടായിരുന്നു. കൊടി ഉയർത്തുന്നവർക്കെതിരെ മർദനം മറ്റും അഴിച്ചു വിട്ടു.

ഇവിടെയെല്ലാം ഉമ്മൻ ചാണ്ടി എന്ന നേതാവ് വലിപ്പ ചെറുപ്പം ഇല്ലാതെ ഓടിയെത്തുകയായിരുന്നു. കഴിവുറ്റ വിദ്യാർത്ഥി നേതാക്കളെ അദേഹം കണ്ടെത്തി പ്രോത്സാഹിപ്പിച്ചു. ഇന്ന് ഇവിടുത്തെ സ്‌കൂൾ, കോളേജുകളിൽ പോലും ആരുടെയും ആശ്രമില്ലാതെ മത്സരിച്ചു വിജയിക്കാൻ പറ്റുന്ന സംഘടനയായി കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനത്തെ മാറ്റുകയായിരുന്നു. കേരളാ കോൺഗ്രസ് ഇവിടെ രൂപീകരിക്കപ്പെട്ടപ്പോൾ അതിലെ നേതാക്കൾ വിചാരിച്ചത് കത്തോലിക്കരിൽ നിന്ന് വലിയ ഒരു ഒഴുക്ക് അതിലേയ്ക്ക് ഉണ്ടാകുമെന്നാണ്. പള്ളിയുടെയും അച്ചന്മാരുടെയും സഹായത്തോടെ കേരളാ കോൺഗ്രസ് വലിയ രീതിയിൽ മധ്യകേരളത്തിൽ വളർത്തിയെടുക്കാമെന്ന് അവർ കരുതി. അവരുടെ ആ വിചാരം വെറും സ്വപ്നത്തിൽ ആകുകയായിരുന്നു. ഇവിടെയെല്ലം ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രിയ തന്ത്രഞ്ജൻ്റെ രാഷ്ട്രിയ വിരുത് ആണ് കണ്ടുപടിക്കേണ്ടത്.

മധ്യകേരളത്തിൽ കത്തോലിക്കരുടെ കേരളാ കോൺഗ്രസിലേയ്ക്കുള്ള ഒഴുക്ക് തടഞ്ഞ് അവരെ കോൺഗ്രസ് പാർട്ടിയിൽ തന്നെ പിടിച്ചു നിർത്തിയതിനും പ്രധാന കാരണക്കാരൻ എന്നും കോൺഗ്രസിൻ്റെ അനിഷ്യേധ്യ നേതാവായ ഉമ്മൻ ചാണ്ടി തന്നെയാണ്. അച്ചന്മാർക്കും പള്ളി വിശ്വാസികൾക്കും കേരളാ കോൺഗ്രസ് നേതാക്കളെക്കാൾ വിശ്വസിക്കാവുന്നത് കോൺഗ്രസ് പാർട്ടിയിലും ഉമ്മൻ ചാണ്ടിയിലുമാണെന്ന ബോധ്യമായിരുന്നു കേരളാ കോൺഗ്രസിൻ്റെ അപ്രമാധിത്യം മധ്യ കേരളത്തിൽ പരാജയപ്പെട്ടത്. ഉമ്മൻ ചാണ്ടിയെ അപേക്ഷിച്ച് കെ.എം മാണി എന്നാൽ രാഷ്ട്രീയത്തിൽ സീനിയർ നേതാവ് ആണ്. ഉമ്മൻ ചാണ്ടി വെറും എം.എൽ.എ മാത്രം ആയിരിക്കുമ്പോൾ കെ.എം.മാണി എക്കാലവും കേരളാ കോൺഗ്രസിൻ്റെ പേരിൽ പ്രധാന വകുപ്പുകളുടെ ഒക്കെ മന്ത്രി ആയിരുന്നു.

ഉമ്മൻ ചാണ്ടിയുടെ പോരാട്ടത്താൽ കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറേണ്ടി വന്നപ്പോഴും മുഖ്യമന്ത്രിയാകാമായിരുന്നെങ്കിലും ഉമ്മൻ ചാണ്ടി എ കെ ആൻ്റണിക്ക് വേണ്ടി വഴി മാറികൊടുക്കുകയായിരുന്നു. അതിലും കെ.എം മാണി മന്ത്രിയായി. പിന്നീട് ആൻ്റണിക്ക് ശേഷം ഉമ്മൻ ചാണ്ടി കേരളത്തിൻ്റെ മുഖ്യമന്ത്രിയാകുന്നത് ആണ് കണ്ടത്. അതും രണ്ട് ടേം. രാഷ്ട്രീയത്തിൽ ജൂനിയർ ആയ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ കെ.എം മാണിക്ക് മന്ത്രിയായി ഇരിക്കേണ്ടി വന്നു എന്നത് ചരിത്രം. കെ.എം മാണിയുടെ എക്കാലത്തെയും ഒരു സ്വപ്നമായിരുന്നു തനിക്ക് കേരളത്തിൻ്റെ മുഖ്യമന്ത്രിയാകുക എന്നത്. അത് മാണി സാറിൻ്റെ മരണം വരെ ഒരു ദു:ഖമായി അവേശേഷിച്ചിരുന്നു എന്ന് വേണമെങ്കിൽ പറയാം. എന്നാൽ സീനിയർ നേതാവായ കെ.എം മാണിയുടെ സ്വന്തം തട്ടകമായ കോട്ടയം ജില്ലയിൽ നിന്ന് രാഷ്ട്രീയത്തിൽ തൻ്റെ ജൂനിയറായ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്ന കാഴ്ചയാണ് കെ.എം മാണിക്ക് കാണേണ്ടി വന്നത്. മാത്രമല്ല ഉമ്മൻ ചാണ്ടിയുടെ കീഴിൽ വെറും ഒരു മന്ത്രിയായി ഇരിക്കേണ്ടി വന്നതും മാണി സാറിനെപ്പറ്റി പറയുകയാണെങ്കിൽ ഒരു അഭിമാനമായിരുന്നോ എന്ന് ചിന്തിക്കണം.

ഒരുപക്ഷേ, കെ.എം മാണി കോൺഗ്രസിൽ ആയിരുന്നെങ്കിൽ എത്രയോ മുൻപേ മുഖ്യമന്ത്രി പദം അദ്ദേഹത്തിന് കിട്ടിയേനെ എന്നും ആലോചിക്കണം. ഉമ്മൻ ചാണ്ടിയുടെ ജനകീയതും ഭരണനൈപുണ്യവും തന്നെയാണ് മധ്യകേരളത്തിൽ കോൺഗ്രസിനെ എങ്ങും ഉലയാത്ത ഒരു പ്രസ്ഥാനമാക്കി മാറ്റിയതെന്ന കാര്യത്തിൽ സംശയമില്ല. ഇവിടെ കേരള കോൺഗ്രസ്, കോൺഗ്രസിനെ അപേക്ഷിച്ച് ശക്തി ശയിച്ചു പോയതിന് പിന്നിലും കാരണം ഇതാണ്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് പാർട്ടി യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിനൊപ്പം പോയെങ്കിലും പുതുപ്പള്ളി, കോട്ടയം, പാലാ, കടുത്തുരുത്തി, തൊടുപുഴ, മൂവാറ്റുപുഴ, പിറവം പോലുള്ള മണ്ഡലങ്ങൾ കോൺഗ്രസിന് അനുകൂലമായി നിന്നതിനു കാരണവും ഇതാണ്. എന്തിന് ഏറെ പറയുന്നു മാണി സാർ എന്നും വിജയിച്ചു കൊണ്ടിരുന്ന പാലായിൽ പോലും അദ്ദേഹത്തിൻ്റെ പുത്രൻ ജോസ്.കെ.മാണി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിന്നു തോൽക്കുന്നതും ജനം കണ്ടതാണ്.

ഇപ്പോൾ നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വ്യക്തി എന്ന നിലയിലും ഒരു മണ്ഡലത്തിൽ നിന്ന് തന്നെ തുടർച്ചയായി ജയിച്ച വ്യക്തി എന്ന നിലയിലും ഉമ്മൻ ചാണ്ടി മാണി സാറിനെ മറികടന്നിരിക്കുകയാണ്. ആ റെക്കോർഡും ഇനി പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന് മാത്രം സ്വന്തം ആയിരുന്നു. ശരിക്കും പറഞ്ഞാൽ ഇതുവരെ കോട്ടയത്ത് മാണിയും ഉമ്മൻ ചാണ്ടിയും തമിലുള്ള ഒരു യുദ്ധമാണ് നടന്നത്. രണ്ട് പ്രസ്ഥാനങ്ങളെ വളർത്തിയെടുക്കാനുള്ള യുദ്ധം. അതിൽ പാവങ്ങളുടെ രാജാവ് ഉമ്മൻ ചാണ്ടി വിജയിച്ചുവെന്ന് പറയാം. ജനകീയതകൊണ്ട് മാത്രമേ രാഷ്ട്രീയത്തിൽ എന്തിനെയും തോൽപ്പിക്കാനാവൂ എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന രണ്ട് വ്യക്തിത്വങ്ങളാണ് മധ്യകേരളത്തിൽ കെ.എം മാണിയും ഉമ്മൻ ചാണ്ടിയും. ഈ തെരഞ്ഞെടുപ്പിൽ ഇവരില്ലാത്തത് ഒരു ശൂന്യതയായി തന്നെ നിഴലിക്കുന്നുവെന്ന് വേണം പറയാൻ.

Keywords: News, KM Mani, Oommen Chandy, Politics, Election, CPM, Congress, Kerala Congress, LDF, KM Mani and Oommen Chandy fight in Kottayam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia