Political Change | സിപിഎമ്മിലെ കെകെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പിപി ദിവ്യ വോട്ട് ചെയ്യാനെത്തിയില്ല
● ഫേസ് ബുക്ക് പോസ്റ്റിലൂടെ കെകെ രത്‌ന കുമാരിയെ അഭിനന്ദിച്ച് പിപി ദിവ്യ
● തിരഞ്ഞെടുപ്പ് നടന്നത് പിപി ദിവ്യ രാജിവച്ചതിനെ തുടര്‍ന്ന്
● മാധ്യമങ്ങളെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും തുടക്കത്തില്‍ വിലക്കി കലക്ടര്‍
കണ്ണൂര്‍: (KVARTHA) സിപിഎമ്മിലെ കെകെ രത്‌നകുമാരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെ ആണു രത്‌നകുമാരി തോല്‍പ്പിച്ചത്. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്ത പിപി ദിവ്യയെ മാറ്റിയതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് രത്‌നകുമാരി വിജയിച്ചത്.
പിപി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല. അതേസമയം തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ കെകെ രത്‌ന കുമാരിയെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട രത്‌നകുമാരിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് അവര്‍ കുറിച്ചത്.
തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും തുടക്കത്തില്‍ ജില്ലാ കലക്ടര്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മാധ്യമങ്ങളെ ജില്ലാ പഞ്ചായത്തിലേക്ക് കടത്തിവിട്ടില്ല. വരണാധികാരി കൂടിയായ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഇതുസംബന്ധിച്ച് പൊലീസിന് രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കലക്ടര്‍ നിലപാട് മയപ്പെടുത്തി.
സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച എഡിഎം കെ നവീന്‍ ബാബുവിന് സഹപ്രവര്‍ത്തകര്‍ ഒക്ടോബര്‍ 14ന് നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ എത്തി പിപി ദിവ്യ അദ്ദേഹത്തെ അപഹസിക്കുന്ന രീതിയില്‍ പ്രസംഗിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം എഡിഎമ്മിനെ താമസിക്കുന്ന വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പിപി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി.
#KannurElection, #KKRatnakumari, #PanchayatPresident, #KeralaPolitics, #PPDivya, #CPM