പരസ്യ ചുംബനം: സോഷ്യല്‍ മീഡിയയെ ഭയന്ന് നേതാക്കള്‍ നിലപാടുകള്‍ മറച്ചുവച്ചു

 


തിരുവനന്തപുരം:(www.kvartha.com 03.11.2014) ഒരാഴ്ചയിലധികമായി കേരളത്തിലെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ചുംബന സമരത്തോട് ഏതിവിധം പ്രതികരിക്കണം എന്ന കാര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും പ്രമുഖ നേതാക്കളും നേരിട്ടത് വന്‍ ആശയക്കുഴപ്പം.

സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടിവരുന്ന രൂക്ഷമായ ആക്രമണം ഭയന്നായിരുന്നു ഇത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ പുതിയൊരു സമര രീതിയായും അവകാശ പ്രക്ഷോഭങ്ങളുടെ നിരയിലെ തിളങ്ങുന്ന അധ്യായമായുമെല്ലാം ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടിയ ചുംബന സമരത്തോട് സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസും മുസ്ലിം ലീഗും ഉള്‍പ്പെടെയുള്ള വലതു പാര്‍ട്ടികള്‍ക്കും പരസ്യമായി പറയാന്‍ ഒരു നിലപാടില്ലാതെപോയി. സമീപകാലത്ത് ഈ പാര്‍ട്ടികളൊന്നും ഇത്ര കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായിട്ടില്ല എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

പരസ്യമായി ചുംബിക്കുന്നതും അത് ആളുകളെ കാണിക്കാന്‍ വേണ്ടിയാകുന്നതും കേരളീയ സാമൂഹ്യ സാഹചര്യങ്ങള്‍ക്ക് തികച്ചും അന്യമായ രീതിയാണെന്നും അതുകൊണ്ടുതന്നെ അതിനെ അംഗീകരിക്കാനോ പ്രോല്‍സാഹിപ്പിക്കാനോ പറ്റില്ല എന്നുമാണ് ഈ രാഷ്ട്രീയ കക്ഷികളുടെയൊക്കെ നിലപാടെന്ന് നേതാക്കള്‍ സ്വകാര്യമായി സമ്മതിക്കുന്നു. എന്നാല്‍ അതു പറഞ്ഞാല്‍, സദാചാര പൊലീസ് എന്നു വിളിക്കുന്ന ഗൂണ്ടായിസത്തെ ന്യായീകരിക്കലായി തെറ്റിദ്ധരിക്കപ്പെടുമോ എന്നായിരുന്നു ഇവരുടെ ആശങ്ക.

അതുകൊണ്ട് സിപിഎം അവരുടെ ജനാധിപത്യ മഹിളാ അസോസിയേഷനെയും കോണ്‍ഗ്രസ് മഹിളാ കോണ്‍ഗ്രസിനെയും മുസ്്‌ലിം ലീഗ് വനിതാ ലീഗിനെയുമാണ് പ്രതികരിക്കാന്‍ ഏല്‍പ്പിച്ചത്. അവരുടെ നേതാക്കള്‍,  കെ കെ ഷൈലജ ടീച്ചറും ബിന്ദു കൃഷ്ണയും നൂര്‍ബിന റഷീദും പറഞ്ഞ് ഈ നിലപാടുകള്‍ വഷളാക്കുകയും ചെയ്തു. സദാചാര പൊലീസിനെ എതിര്‍ക്കുകയും അതേസമയം തന്നെ ചുംബനസമരാഭാസത്തെ എതിര്‍ക്കുകയും ചെയ്യുന്നുവെന്നു പറഞ്ഞ് സമര്‍ത്ഥിക്കാന്‍ സാധിക്കാതെ പോയെന്നാണ് എല്ലാ നേതൃത്വങ്ങളുടെയും പൊതു വിലയിരുത്തല്‍.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം പൊതുസ്ഥലത്തുവച്ച് ചുംബിക്കുന്നതിനെ കുറ്റമായി പറഞ്ഞിട്ടില്ല. പക്ഷേ, സമൂഹത്തിന്റെ സ്വകാര്യതയെയും സംസ്‌കാരത്തെയും മുരിവേല്‍പ്പിക്കുന്നതും പ്രകോപിപ്പിക്കുന്നതുമായ ചെയ്തികള്‍ നിയമവിരുദ്ധമാണ്. സമൂഹത്തെ ശല്യം ചെയ്യുന്ന കാര്യങ്ങളും നിയമവിരുദ്ധംതന്നെ. ഇതിനേക്കുറിച്ചു കൃത്യമായി ധാരണയുണ്ടാക്കുകയും അതു പ്രകാരം ചെയ്യണമെന്ന് പൊലീസിനെ നിയന്ത്രിക്കുന്ന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യാന്‍ സാധിക്കാതെ പോയത് പരാജയമായെന്നാണ് നേതാക്കളുടെ സ്വയം വിലയിരുത്തല്‍. പക്ഷേ, തങ്ങള്‍ക്കെല്ലാം ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉള്ളതുകൊണ്ടും ഇത്തരം നിലപാടെടുത്താല്‍ അതിലൂടെ ആക്രമിക്കപ്പെടുന്നതിലെ നാണക്കേടുമാണ് പലരെയും പിന്തിരിപ്പിച്ചത്. ഇത് അവര്‍ തുറന്നു സമ്മതിക്കുന്നില്ലെന്നു മാത്രം.

പരസ്യ ചുംബനം: സോഷ്യല്‍ മീഡിയയെ ഭയന്ന് നേതാക്കള്‍ നിലപാടുകള്‍ മറച്ചുവച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Kerala, Thiruvananthapuram, Kiss, Love, Protest, Kochi, Politics, Muslim, Facebook, Police, Congress, Case, Kiss Controversy: Mainstream Parties And Leaders Loose There Face
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia