SWISS-TOWER 24/07/2023

ശാരിയെ പീഡിപ്പിച്ച കേസില്‍ 5 പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ 8ന്

 


ശാരിയെ പീഡിപ്പിച്ച കേസില്‍ 5 പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ 8ന്
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ പീഡന കേസില്‍ അഞ്ചു പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. ലതാനായര്‍, പ്രവീണ്‍, കൊച്ചുമോന്‍, മനോജ്, പ്രശാന്ത് എന്നിവരെയാണു കുറ്റക്കാരെന്നു തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തിയത്. ഇവര്‍ക്കുളള ശിക്ഷ ഫെബ്രുവരി എട്ടിന് പ്രഖ്യാപിക്കും. ബലാല്‍സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഏഴാം പ്രതി സോമനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. ശാരിയെ കുമളിയില്‍ മുറിയെടുക്കാന്‍ സഹായിച്ചു എന്നതായിരുന്നു സോമനെതിരായ കേസ്.
പ്രതികള്‍ക്കു പത്തു വര്‍ഷം കഠിനതടവ് നല്‍കണമെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിന് അസുഖമാണെന്നും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലാണെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ലതാ നായര്‍ കോടതിയെ ബോധിപ്പിച്ചു. പ്രതികള്‍ക്കു പറയാനുള്ളതു കേട്ട ശേഷമാണ് ശിക്ഷ പ്രഖ്യാപിക്കുന്നതു എട്ടിലേക്ക് മാറ്റിയത്.
 സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ശാരിയെ പീഡിപ്പിക്കുന്നതിനു കൂട്ടു നിന്നെന്നാണു ലതാ നായര്‍ക്കെതിരായ ആരോപണം. താനാണു ശാരിയുടെ കുട്ടിയുടെ പിതാവെന്നു വിചാരണയ്ക്കിടെ പ്രവീണ്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ഇക്കാര്യം നേരത്തെ ഡിഎന്‍എ പരിശോധനയിലും വ്യക്തമായിരുന്നു.
വിഐപി വിവാദമുള്‍പ്പെടെ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച കിളിരൂര്‍ കേസിന്റെ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കാന്‍ ഏഴുവര്‍ഷം വേണ്ടിവന്നു. മാപ്പുസാക്ഷിയായി മാറിയ ഒന്നാംപ്രതി ഓമനക്കുട്ടിയുടെ മൊഴിയേക്കാള്‍ സാഹചര്യത്തെളിവുകളാണ് കോടതി കണക്കിലെടുത്തത്.
 2004 സെപ്റ്റംബര്‍ 15നാണ് ശാരി കോട്ടയം മെഡിക്കല്‍ കോളജില്‍ പെണ്‍കുഞ്ഞിനെ ജന്മം നല്‍കിയത്. .ഒക്ടോബര്‍ 14ന് ലതാ നായര്‍ കോടതിയില്‍ കീഴടങ്ങി. തുടര്‍ന്നു മറ്റു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
 ലോക്കല്‍ പോലീസും  ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കിളിരൂര്‍ കേസ് സിബിഐക്ക് സര്‍ക്കാര്‍ കൈമാറിയത്. സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരിയെ പീഡിപ്പിച്ചുവെന്നും ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവത്തിനുശേഷം മരിച്ചുവെന്നുമാണ് കേസ്. ഒന്നാംപ്രതി ഓമനക്കുട്ടി പിന്നീട് മാപ്പുസാക്ഷിയായി. ഇവരുടെ മൊഴി മുഖവിലയ്‌ക്കെടുക്കാമോ എന്ന കാര്യത്തില്‍ കോടതി വിചാരണക്കിടെ സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവസമയത്ത് ഡിഐജിയായിരുന്ന ഐജി ശ്രീലേഖ, ശാരിയുടെ മരണമൊഴിയെടുത്ത മജിസ്‌ട്രേറ്റ് കെ.പി.പ്രസന്നകുമാരി തുടങ്ങി 67 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.
 വിഐപി ഇടപെടല്‍ അടക്കമുള്ള ആരോപണങ്ങള്‍ക്ക് കേസിന്റെ വിചാരണവേളയില്‍ പ്രാധാന്യം നഷ്ടപ്പെട്ടു. പുനരന്വേഷണം ആവശ്യപ്പെട്ട് ശാരിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. മരണകാരണം ലാപ്രോസ്‌കോപി ശസ്ത്രക്രിയയിലെ പിഴവാണെന്ന് ഡോ.എ.പി.കുരുവിളയും വിചാരണക്കിടെ മൊഴി നല്‍കി. എന്നാല്‍ നേരിട്ടുള്ള തെളിവുകളുടെ അഭാവം കേസിനെ ബാധിക്കുമോയെന്ന് കോടതി വിചാരണയ്ക്കിടെ സംശയം പ്രകടിപ്പിച്ചിരുന്നു.
 തിരുവനന്തപുരം സിബിഐ കോടതി സ്ഥാപിച്ചതിനു ശേഷം ആദ്യമായി പ്രസ്താവിക്കുന്ന വിധിയായിരുന്നു ഇത്.

Keywords: Kerala, Kiliroor case, Thiruvananthapuram, Court, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia