Probe | കണ്ണൂരില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 9 ലക്ഷം കവര്‍ന്നുവെന്ന കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞു; അന്വേഷണം ബംഗ്ലൂര്‍ കേന്ദ്രീകരിച്ച്
● കാര്‍ തിരിച്ചറിയാന്‍ സഹായകമായത് സിസിടിവി ദൃശ്യങ്ങള്‍
● ഉപയോഗിച്ചത് ഐ 20 എന്ന കാര്‍
കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ കാറില്‍ തട്ടിക്കൊണ്ടുപോയി വ്യാപാരിയുടെ ഒന്‍പതു ലക്ഷം കവര്‍ന്നുവെന്ന കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ബംഗ്ലൂര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അതിനിടെ തട്ടിക്കൊണ്ടുപോയ കാര്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഐ 20 എന്ന കാറാണ് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്ന് സിസിടിവി ക്യാമറകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
ഏച്ചൂര്‍ കമാല്‍ പീടികയിലെ തവക്കല്‍ ഹൗസില്‍ പിപി റഫീഖിനെയാണ് അജ്ഞാത സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ബാഗിലുണ്ടായിരുന്ന പണം കൊള്ളയടിച്ചത്. ഇക്കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചെ അഞ്ചു മണിക്ക് ബംഗ്ലൂരില്‍ നിന്നും ബാഗില്‍ പണവുമായി ബസില്‍ ഇറങ്ങിയ റഫീഖിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയും അക്രമിച്ച് അവശനാക്കിയശേഷം കാപ്പാട് ടൗണില്‍ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പരാതി. ബാങ്കില്‍ പണയം വച്ചിരുന്ന സ്വര്‍ണം എടുക്കാനാണ് പണം കൊണ്ടുവന്നതെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞിരുന്നു.
ദേഹമാസകലം പരുക്കേറ്റ റഫീഖ് കണ്ണൂര്‍ എകെജി സ്മാരക സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കണ്ണൂര്‍ എസിപി ടികെ രത്‌നകുമാര്‍, ചക്കരക്കല്‍ സിഐ എംപി ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.
#KannurKidnapping #KeralaCrime #BangaloreManhunt #PoliceInvestigation