പട്ടാള ക്യാമ്പിനടുത്ത് നിന്ന് റാഞ്ചിയ പുല്ലൂര്‍ യുവാവ് അവശനിലയില്‍ കോട്ടയത്ത്
Aug 18, 2012, 13:50 IST
കാഞ്ഞങ്ങാട്: ഉത്തര്‍പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങിയ പുല്ലൂര്‍ സ്വദേശിയായ യുവാവിനെ അവശനിലയില്‍ നാല് ദിവസത്തിന് ശേഷം കോട്ടയത്ത് കണ്ടെത്തി. പുല്ലൂരിലെ ബാലകൃഷ്ണന്റെ മകന് പ്രദീപാണ് (23), കോട്ടയത്തെത്തിയത്.
പട്ടാളത്തില്‍ പരിശീലനം കഴിഞ്ഞ് നാട്ടിലെത്തിയ പ്രദീപ് ഒന്നര മാസത്തെ അവധിക്ക് ശേഷം ആഗസ്റ്റ് അഞ്ചിനാണ് നാട്ടില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ലാക്കിപ്പൂര് പട്ടാള ക്യാമ്പിലേക്ക് മടങ്ങിയത്. അന്ന് രാവിലെ മംഗലാപുരം-തിരുവനന്തപുരം പരശുറാംഎക്സ്പ്രസ്സി ല്‍ യാത്ര തിരിച്ച യുവാവ് ഉച്ചയോടെ ഷൊര്‍ണൂരിലെത്തുകയും അവിടെ നിന്ന് മറ്റൊരു ട്രെയിനില്‍ ഉത്തര്‍പ്രദേശിലെ ലക്നൗവിലേക്ക് യാത്രതിരിച്ചിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെത്തി ലാക്കിപ്പൂരിലെ പട്ടാളക്യാമ്പിലേക്ക് സൈക്കിള്‍ റിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ വഴിയില്‍ വെച്ച് സൈക്കിള്‍ റിക്ഷ നിര്‍ത്തിയിടുകയും മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സം പറഞ്ഞതായും പറയുന്നു. ഇതിനിടയില്‍ വാനില്‍ വഴിയിലെത്തിയ അജ്ഞാത സംഘം പ്രദീപിനെ റാഞ്ചിക്കൊണ്ടുപോവുകയായിരുന്നു.
ആഗസ്റ്റ് ഏഴിനാണ് പ്രദീപ് ലക്നൗവില്‍ വണ്ടിയിറങ്ങിയത്. പിറ്റേന്നാണ് പട്ടാള ക്യാമ്പില്‍ ജോലിക്ക് കയറേണ്ടിയിരുന്നത്. അജ്ഞാത സംഘം യുവാവിനെ മുഖത്ത് പൊടി വിതറി ബോധം കെടുത്തിയ ശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇതിനു ശേഷം തനിക്ക് ഒന്നുമറിയില്ലെന്നാണ് പ്രദീപ് പറയുന്നത്. ആഗസ്റ്റ് 11ന് രാവിലെ തീവണ്ടിയില്‍ കോട്ടയത്ത് അവശനിലയില്‍ പ്രദീപ് മടങ്ങിയെത്തുകയായിരുന്നു.
തന്നെ തീവണ്ടികയറ്റിവിട്ടതാരെന്ന് പോലും പ്രദീപിന് നിശ്ചയമില്ല. കൃത്യസമയത്ത് ജോലിക്ക് എത്താത്തതിനെതുടര്‍ന്ന് ലാക്കിപ്പൂര് പട്ടാളക്യാമ്പില്‍ നിന്ന് പ്രദീപിന്റെ വീട്ടില്‍ അധികൃതര്‍ ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. പ്രദീപ് ക്യാമ്പിലേക്ക് മടങ്ങിയെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.
യുവാവിനെ ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വീട്ടുകാര്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കോട്ടയത്ത് അവശനിലയിലെത്തിയ പ്രദീപ് പുല്ലൂരിലെ വീട്ടുകാരെ ടെലിഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചതോടെയാണ് വീട്ടുകാരുടെ ആശങ്ക അകന്നത്. ആലുവയില്‍ ജോലി ചെയ്യുന്ന ബാലകൃഷ്ണന്റെ സഹോദരന് സുകുമാരന്‍ കോട്ടയത്ത് എത്തി പ്രദീപിനെ കണ്ടെത്തുകയും അവശനിലയിലായിരുന്ന യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
മൂന്ന് ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിനെ വീട്ടുകാര്‍ ആഗസ്റ്റ് 14ന് പുല്ലൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. റാഞ്ചല്‍ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് യുവാവ് ഇപ്പോഴും മുക്തനായിട്ടില്ല. ആളുമാറി തന്നെ തട്ടിക്കൊണ്ടുപോയതായാണ് യുവാവ് പറയുന്നത്. റാഞ്ചല്‍ സംഘത്തിന്റെ സംസാരത്തില്‍ നിന്നാണ് ഇത് മനസ്സിലായതെന്ന് യുവാവ് വെളിപ്പെടുത്തി.
Keywords: Kanhangad, UP, Military, Kerala, Pratheep,Missing, Kidnap, Kottayam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.