KGMOA Protest | കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ വെള്ളിയാഴ്ച കരിദിനം; ഒപി ബഹിഷ്ക്കരിച്ച് സമരം; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധത്തിനൊരുങ്ങി കെജിഎംഒഎ
Jun 2, 2022, 17:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധത്തിനൊരുങ്ങി കെജിഎംഒഎ. സുരക്ഷാ പിഴവാരോപിച്ചാണ് ആരോഗ്യമന്ത്രിയിടപെട്ട് സൂപ്രണ്ട് ഡോ. കെ സി രമേശനെ സസ്പെന്‍ഡ് ചെയ്തത്.
നടപടിക്കെതിരെ വെള്ളിയാഴ്ച ഒപി ബഹിഷ്കരിച്ച് സമരം ചെയ്യാനാണ് കെജിഎംഒഎ തീരുമാനം. കുതിരവട്ടം ആശുപത്രിയടക്കം കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ വെള്ളിയാഴ്ച കരിദിനം ആചരിക്കും.
റിമാന്‍ഡ് പ്രതിയുടെ സുരക്ഷ പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും പിഴവ് പൊലീസിന്റെ ഭാഗത്ത് നിന്നാണുണ്ടായതെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്. സുരക്ഷാ വീഴ്ചയില്‍ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കുകയാണെന്നും കെജിഎംഒഎ ആരോപിക്കുന്നു. ഈ വിഷയത്തെ നിയമപരമായി നേരിടുമെനന്നും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂനലിനെ സമീപിച്ചതായും കെജിഎംഒഎ വിശദീകരിച്ചു.
രോഗി ചാടിപോയതില്‍ അന്വേഷണം നടത്തി റിപോര്‍ട് നല്കാന് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപോര്‍ടില്‍ സൂപ്രണ്ടിന്റെ ഭാഗത്തുനിന്നും കൃത്യവിലോപം സംഭവിച്ചതായും ആശുപത്രിയിലെ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. റിപോര്‍ട് വിശദമായി പരിശോധിച്ചാണ് സര്‍കാര്‍ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസമാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട അന്തേവാസിയും റിമാന്‍ഡ് പ്രതിയുമായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇര്ഫാന് കോട്ടക്കലില്വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
മൂന്നാം വാര്‍ഡിലെ സെല്ലിലുണ്ടായിരുന്ന ഇര്ഫാന് സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് പുറത്തുകടന്നതെന്ന് പൊലീസ് പറഞ്ഞു. വാഹന മോഷണക്കേസുകളില്‍ റിമാന്‍ഡിലായിരുന്ന മുഹമ്മദ് ഇര്‍ഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.