Guidance | സ്ഥലം വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ


● ഭൂമിയുടെ സർവ്വേ നമ്പർ കൃത്യമാണോ എന്നത് പരിശോധിക്കുക.
● അസ്സലാധാരങ്ങളും മുന്നാധാരങ്ങളും പരിശോധിക്കുക.
● ഓയിൽ, ഗ്യാസ് പൈപ്പ് ലൈനുകൾ ഭൂമിക്ക് മുകളിലൂടെ പോയിട്ടുണ്ടോയെന്ന് പരിശോധിക്കുക.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) കുറെ കാലമായി നമ്മുടെ നാട്ടിൽ വലിയ ഒരു ബിസിനസ് ആയി വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ് റിയൽ എസ്റ്റേറ്റ് മേഖല. ഭൂമി വാങ്ങുന്നതിൻ്റെയും വിൽക്കുന്നതിൻ്റെയും ഇടനിലക്കാരായി നിന്നുകൊണ്ട് കമ്മീഷൻ ഇനത്തിൽ വരുമാനം കണ്ടെത്തുന്നവർ ഇവിടെ അനവധി പേരാണ് ഉള്ളത്. ഭൂമി വാങ്ങൽ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ കബളിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. ഇങ്ങനെ കബളിപ്പിക്കപ്പെടുന്നവരിൽ ഭൂരിഭാഗം പേരും പ്രവാസി മലയാളികൾ ആണെന്നത് പ്രത്യേകം എടുത്തു പറയേണ്ടതു തന്നെയാണ്.
കാരണം ചുരുങ്ങിയ ദിവസങ്ങളിൽ നാട്ടിൽ എത്തുന്നവർക്ക് ഭൂമി വാങ്ങി അതിൻ്റെ പിറകെ നടക്കാനൊന്നും അധിക ദിവസം ഉണ്ടായെന്ന് വരില്ല. ഇതിൻ്റെയൊക്കെ ഡോക്യുമെൻ്റേഷനും കാര്യങ്ങളും ഒക്കെ നോക്കാൻ ഏജൻസികളെ ഒക്കെ ഏൽപ്പിക്കുകയാവും പതിവ്. വസ്തുവിന്റെ വില ദിനംപ്രതി കുതിച്ചുയരുന്ന ഇക്കാലത്ത് വേണ്ടത്ര ശ്രദ്ധയില്ലാതെ വസ്തു വാങ്ങിയാൽ, ഭാവി ജീവിതം കോടതി വരാന്തകളിലും കൂടി ചെലവഴിക്കേണ്ടി വന്നേക്കാം. അതാണ് നാം മനസ്സിലാക്കേണ്ട സത്യം.
ഭൂമി വാങ്ങാൻ താല്പര്യപ്പെടുന്ന വിദേശമലയാളികൾക്കും അല്ലാത്തവർക്കും പ്രയോജനപ്പെടുന്ന കുറച്ചു പോയിൻ്റുകൾ അറിഞ്ഞിരിക്കാം. ഭൂമി വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അഡ്വ. കെ ബി മോഹനൻ എഴുതിയ നിർദേശങ്ങളാണ് ശ്രദ്ധയാകർഷിക്കുന്നത്.
ഭൂമി വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഭൂമിയുടെ സർവ്വേ നമ്പർ കൃത്യമാണോ എന്ന് വില്ലേജ് ഓഫീസിൽ അന്വേഷിക്കുക.
2. ഉടമയ്ക്ക് കൈവശാവകാശം ഉണ്ടോ എന്ന് വില്ലേജ് ഓഫീസിൽ അന്വേഷിക്കുക.
3. വസ്തു റവന്യൂ റിക്കവറിക്ക് വിധേയമായിട്ടുണ്ടോ എന്ന് അന്വേഷിക്കണം.
4. അസ്സലാധാരങ്ങളും മുന്നാധാരങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കണം.
5.മുന്നാധാരത്തിൽ ചേർത്തിട്ടുള്ള അതിരുകളിൽനിന്ന് വ്യത്യസ്തമായി ഇപ്പോഴത്തെ അതിരുകളിൽ വ്യത്യാസമുണ്ടെങ്കിൽ, അവ പ്രത്യേകം ശ്രദ്ധിച്ച് ആധാരത്തിൽ എഴുതി ചേർക്കേണ്ടതാണ്.
6. ഭൂമിക്കടിയിൽ കൂടി എണ്ണ പൈപ്പ് ലൈനോ ഗ്യാസ് പൈപ്പ് ലൈനോ പോയിട്ടുണ്ടോയെന്ന് അന്വേഷിക്കണം.
7. മുന്നാധാരങ്ങളിൽ മുക്തിയാറിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെങ്കിൽ അത് കൃത്യമായി പരിശോധിക്കണം.
8. യഥേഷ്ടം ഭൂമിയിലേക്ക് കയറുവാനുള്ള വഴി സൗകര്യം ഉണ്ടോയെന്നും, ആ വഴിയുടെ അവകാശങ്ങളും മറ്റു വിവരങ്ങളും രേഖകൾ നോക്കി മനസ്സിലാക്കുകയും ചെയ്യണം. വഴിയെക്കുറിച്ചു സ്വയം അന്വേഷണം നടത്തി ബോധ്യപ്പെടണം.
9. ഇനിയുമുണ്ട് 17 പ്രധാനപ്പെട്ട വിവരങ്ങൾ. ആ വിവരങ്ങൾ നിങ്ങളുടെ അടുത്തുള്ള ഒരു വക്കീലിന് നന്നായിട്ട് വിവരിച്ചു തരുവാൻ സാധിക്കും. നിയമ ഉപദേശം എടുത്തതിനുശേഷം മാത്രം വസ്തു വാങ്ങുക.
ഇത്രയും കാര്യങ്ങളെങ്കിലും ഒരു സ്ഥലം വാങ്ങുന്നവർ പരിശോധിക്കാൻ ശ്രദ്ധിച്ചാൽ വളരെ നല്ലത്. ഇല്ലെങ്കിൽ ഭാവിയിൽ വാങ്ങുന്ന സ്ഥലത്തിൻ്റെ പേരിൽ ഒത്തിരി കയ്പ്പുനീർ കുടിക്കേണ്ടി വരും. ഒരു സ്ഥലത്തിൻ്റെ പ്രമാണങ്ങൾ ശരിയല്ലെങ്കിൽ അത് പിന്നീട് വിറ്റുപോകാനും പ്രയാസം നേരിടും. മാത്രമല്ല, സ്ഥലത്തിൻ്റെ ആധാരവും മറ്റും പണയം വെച്ച് ബാങ്കിൽ നിന്ന് ലോണും മറ്റും എന്തെങ്കിലും ആവശ്യത്തിന് എടുക്കാൻ ശ്രമിക്കുമ്പോൾ തള്ളപ്പെടാനും സാധ്യതയുണ്ട്. സർക്കാർ ആനുകൂല്യങ്ങൾക്കും തടസ്സമുണ്ടാകും. അതുകൊണ്ട് വാങ്ങുന്ന സ്ഥലത്തേക്കുറിച്ച് ശരിക്കും മനസ്സിലാക്കിയിട്ട് മറ്റൊരാളുടെ കൈയ്യിൽ നിന്ന് വാങ്ങാൻ ശ്രദ്ധിക്കുക.
നിങ്ങൾക്ക് ഈ ലേഖനം ഉപകരിക്കുന്നതായി തോന്നിയാൽ, മറ്റുള്ളവരുമായി ഇത് പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി, ഒരു അഭിഭാഷകനെ സമീപിക്കുക.
#BuyingLand #RealEstate #LegalAdvice #LandPurchase #Kerala