Tragedy | 'ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്ത് റഷ്യയിൽ എത്തിച്ചു; ചതിയിൽ കുടുങ്ങി കൂലിപ്പട്ടാളക്കാരനായി'; ഒടുവിൽ യുക്രൈൻ യുദ്ധത്തിൽ ദാരുണാന്ത്യം; കണ്ണീരായി മലയാളി യുവാവിന്റെ മരണം


● മരിച്ചത് തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു.
● യുക്രൈൻ ഷെല്ലാക്രമണത്തിലാണ് മരണം സംഭവിച്ചത്.
● സന്ദീപ് എന്ന മറ്റൊരു മലയാളിയും യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു
തൃശൂർ: (KVARTHA) കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത് കേരളത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യൻ എംബസിയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബിനിലിന്റെ കൂടെയുണ്ടായിരുന്ന ജെയിൻ എന്നയാൾ നേരത്തെ ബന്ധുക്കളെ വിവരമറിയിരുന്നു.
യുക്രൈനിലുണ്ടായ ഷെല്ലാക്രമണത്തിൽ ബിനിലിന് ഗുരുതരമായി പരിക്കേറ്റെന്നും തുടർന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നും ജെയിൻ അറിയിച്ചു.
ജെയിനും ഈ ഷെല്ലാക്രമണത്തിൽ പരിക്കേറ്റിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഒരു കുടുംബ സുഹൃത്ത് വഴി ബിനിലും ജെയിനും റഷ്യയിൽ എത്തുന്നത്. ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിലേക്ക് കൊണ്ടുവന്നത്. എന്നാൽ റഷ്യയിലെത്തിയ ശേഷമാണ് തങ്ങൾ ചതിക്കപ്പെട്ടതാണെന്ന് ഇവർ തിരിച്ചറിയുന്നത്. ഒരു മലയാളി ഏജൻ്റാണ് ഇവരെ കബളിപ്പിച്ച് എന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
തുടർന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിൻറെ കുട്ടത്തിൽപെടുകയായിരുന്നു. റഷ്യന്‍ സൈന്യത്തിന്റെകൂടി അറിവോടെയാണ് ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നതെന്ന അഭ്യൂഹങ്ങളുണ്ട്.
ഇന്ത്യൻ എംബസി വഴി ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു. കമാൻഡർക്ക് റിലീസ് ഓർഡർ നൽകിയിരുന്നെങ്കിലും അത് പിന്നീട് തിരിച്ചയക്കുകയായിരുന്നു. ബിനിലിന്റെയും ജെയിനിന്റെയും കൂട്ടത്തിൽ ഉണ്ടായിരുന്ന തൃക്കുർ സ്വദേശി സന്ദീപ് എന്നൊരാളും നേരത്തെ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു.
#UkraineWar #Kerala #Russia #JobScam #Mercenary #Tragedy