Milk price hike | സംസ്ഥാനത്ത് മില്‍മ പാലിന് ലീറ്ററിന് 6 രൂപ കൂട്ടാന്‍ തീരുമാനം; എന്ന് മുതല്‍ വേണമെന്ന കാര്യം ചെയര്‍മാന് വിട്ടുകൊടുത്ത് സര്‍കാര്‍
Nov 23, 2022, 16:05 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് മില്‍മ പാലിന് ലീറ്ററിന് ആറു രൂപ കൂട്ടാന്‍ തീരുമാനം. വില വര്‍ധിപ്പിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. വര്‍ധന എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന കാര്യത്തില്‍ മില്‍മ ചെയര്‍മാന് തീരുമാനമെടുക്കാമെന്ന് സര്‍കാര്‍ വ്യക്തമാക്കി. പാല്‍ വിലയില്‍ അഞ്ചു രൂപയുടെയെങ്കിലും വര്‍ധനയുണ്ടാകുമെന്നു ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ആറു രൂപ വര്‍ധിപ്പിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചത്.
സര്‍കാര്‍ അനുമതി ലഭിച്ചാല്‍ വര്‍ധന ഉടന്‍ തന്നെ നടപ്പാക്കാനാണു മില്‍മ ആലോചിച്ചത്. എന്നാല്‍ മില്‍മ പാല്‍ വിലവര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്നാണു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില കൂട്ടും. പാല്‍ വില ലീറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശ.
അത്രയും തുക ഒറ്റയടിക്ക് വര്‍ധിപ്പിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആറു രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ക്ഷീരകര്‍ഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണു വില കൂട്ടുന്നതെങ്കിലും സര്‍കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്കു കിട്ടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കാലിത്തീറ്റയ്ക്ക് ഉള്‍പെടെ വില ഇരട്ടിയായ സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ നേരിട്ടു ലഭ്യമാക്കണമെന്നാണു ക്ഷീരകര്‍ഷകരുടെ ആവശ്യം.
ക്ഷീര കര്‍ഷകരുടെ മുടങ്ങിപ്പോയ ഇന്‍സന്റീവ് ഈ മാസംതന്നെ കൊടുത്തുതീര്‍ക്കുമെന്നു മന്ത്രി അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ചു വരെ നല്‍കാനും തീരുമാനമായി. കര്‍ഷകര്‍ക്കു നല്‍കുന്ന വിലയുടെ പട്ടികയും പരിഷ്‌കരിക്കും. പാലിനു മെച്ചപ്പെട്ട വിലകിട്ടാതായതോടെ നടുവൊടിഞ്ഞ കര്‍ഷകനു കൈത്താങ്ങായാണ് ലീറ്ററിനു നാലു രൂപ ഇന്‍സന്റീവ് നല്‍കാന്‍ സര്‍കാര്‍ തീരുമാനിച്ചത്. ജൂലൈ മുതല്‍ ഡിസംബര്‍ വരെ നല്‍കുമെന്നാണ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചത്. എന്നാല്‍ ആദ്യമാസം നല്‍കിയ ഇന്‍സന്റീവ് പിന്നീട് നല്‍കിയില്ല. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് മന്ത്രിയുടെ ഇടപെടല്‍.
Keywords: Kerala's Milma to hike milk price by Rs 6 per litre, Thiruvananthapuram, News, Increased, Cabinet, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.