Analysis | മലയാളി സ്ത്രീകൾ കേരളത്തിലെ പുരുഷന്മാരെ വിട്ട് അന്യ സംസ്ഥാനക്കാരെ വിവാഹം കഴിക്കുന്ന ട്രെൻഡ് കൂടി വരുന്നോ, എന്താണ് കാരണം?


● കേരളത്തിൽ അന്യസംസ്ഥാന വിവാഹങ്ങളുടെ എണ്ണം വർധിച്ചു.
● സാമ്പത്തിക സുരക്ഷിതത്വം, സാമൂഹിക പദവി എന്നിവയാണ് പ്രധാന കാരണങ്ങൾ.
● പുതിയ തലമുറയിൽ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിയിരിക്കുന്നു.
മിൻ്റാ മരിയാ തോമസ്
(KVARTHA) ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്യസംസ്ഥാന ഭർത്താക്കൻമാരുള്ള സംസ്ഥാനം കേരളമോ? ആണെന്ന് പറയുന്നവരും ഉണ്ട് അല്ലെന്ന് പറയുന്നവരും ഉണ്ട്. എന്നിരുന്നാലും ഒരു കാര്യം സത്യമാണ്, മലയാളി ചെറുക്കന്മാർക്ക് പെണ്ണുങ്ങളെ കിട്ടാനില്ല! നമ്മുടെ കേരളത്തിൽ ഒരുപാട് ചെറുപ്പക്കാരാണ് വിവാഹപ്രായമെത്തിയിട്ടും വിവാഹം കഴിക്കാതെ നിൽക്കുന്നത്. മുൻപൊക്കെ പെൺകുട്ടികൾക്ക് നല്ലൊരു ചെറുക്കനെ കിട്ടാനായിരുന്നു ബുദ്ധിമുട്ട് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ആ സ്ഥിതി മാറി.
ഇന്ന് ഇവിടെ ആൺകുട്ടികൾക്ക് പെൺകുട്ടികളെ കിട്ടാനാണ് വിഷമം നേരിടുന്നത്. ഒരുപാട് ചെറുപ്പക്കാർ 40 വയസ് പിന്നീട്ടിട്ടും വിവാഹം കഴിക്കാൻ സാധിക്കാതെ വിഷമിച്ചു നിൽക്കുന്നത് ഇവിടുത്തെ പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു. എന്താണ് ഇതിന് കാരണം? അതുമായി ബന്ധപ്പെട്ടുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്യസംസ്ഥാന ഭർത്താക്കൻമാരുള്ള സംസ്ഥാനം കേരളമോ? നിങ്ങൾക്ക് മനസ്സിലായോ എന്താണ് ഞാനീ പറഞ്ഞതെന്ന്? അതായത്, മലയാളി സ്ത്രീകൾ കേരളത്തിലെ പുരുഷന്മാരെ വിട്ട് അന്യ സംസ്ഥാനക്കാരെ വിവാഹം കഴിക്കുന്ന ട്രെന്റ് കൂടി വരുകയാണ്, എന്ന്. കഴിഞ്ഞ 10 വർഷങ്ങളിലെ മലയാളികല്യാണങ്ങളെപറ്റി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ ഒരു കണക്കുപ്രകാരം ആണ് ഞെട്ടിപ്പിക്കുന്ന ഈ വസ്തുത പുറത്തുവന്നിരിക്കുന്നത്... എന്താണ് ഇതിന് കാരണം...? മലയാളി ആണുങ്ങൾക്ക് എന്താണ് ഒരു പിടിക്കരുതായ്ക... ? എന്താണ് ഞങ്ങക്കൊരു കുറവ്...?
ങാഹാ... എനിക്ക് തോന്നുന്നത്, അടിസ്ഥാനപരമായി പൊങ്ങച്ചം ആണ് ഇതിന് കാരണം എന്നാണ്.. വിശദമാക്കാം... വടക്കേയിന്ത്യയിൽ കുറെ കാലഘട്ടങ്ങൾക്ക് മുമ്പ് ജാതിവ്യവസ്ഥിതിയിൽ ഉയർന്നുനിൽക്കുന്ന ആൾക്കാർ അന്യ സംസ്ഥാന സ്ത്രീകളെയാണ് വിവാഹം കഴിച്ച് വ്യത്യസ്തത കാട്ടിയിരുന്നത്. ഡൽഹിയിലും മറ്റും സർക്കാരിലും ആർമിയിലും വലിയ റാങ്കിൽ ഇരിക്കുന്ന ആൾക്കാര് അതൊരു സ്റ്റാറ്റസ് സിംമ്പൽ ആയിട്ട് കൊണ്ട് നടന്നിരുന്നു... അന്ന് വടക്കൻമാർ കൊണ്ടുനടന്ന ആ ആചാരം അതേപോലെ ഇവിടുത്തെ സ്ത്രീകളും ഇപ്പോൾ അനുകരിക്കാൻ തുടങ്ങിയിരിക്കുന്നു..!
പഠിക്കാനും ജോലിക്കും ഒക്കെ ആയിട്ട് ഡൽഹിയിലും ബോംബെയിലും മറ്റും പോയി അവർ അവിടുന്ന് വിവാഹം കഴിച്ചിട്ട് ഞങ്ങൾ എന്തോ മഹാസംഭവം ആണ് എന്ന് തെളിയിക്കാനുള്ള ഒരു വെപ്രാളത്തിൽ ആണത്... പിന്നെ സ്വാഭാവികമായും മലയാള സ്ത്രീകൾ സുന്ദരികൾ ആയിരിക്കും. അവർക്ക് ഭാഷ നൈപുണ്യവും ഉണ്ടായിരിക്കും... അങ്ങനെ വരുമ്പോൾ അവിടുത്തെ ആണുങ്ങൾക്ക് ഇവരോട് കമ്പം തോന്നുക എന്നുള്ളത് വളരെ സ്വാഭാവികമായ കാര്യമാണ്... മാത്രമല്ല, പണക്കാർ എന്ന് പറഞ്ഞാൽ ശരിക്കും പണക്കാരെ കാണണമെങ്കിൽ കേരളം വിട്ട് ആന്ധ്രയിലും മുംബൈയിലും ദില്ലിയിലുമൊക്കെ ചെല്ലണം...
ഇവിടത്തെപ്പോലെ 10 ലക്ഷം 20 ലക്ഷം 50 ലക്ഷത്തിന്റെ ഒക്കെ ചീള് കണക്ക് അല്ലാ അവരുടേത്...? അവിടെ ചെക്കൻമാര് കോടികളുടെ കളികളിൽ ആണ് വിരമിക്കുന്നത്.. കാരണോൻമാരായിട്ട് ഉണ്ടാക്കി കൂട്ടിയിട്ടിരിക്കയാണ് സമ്പത്ത്.. നമ്മുടെ സുന്ദരികളെ ലെവൻമാർ കൊത്തിക്കോണ്ടു പോകും.. കീശനിറയെ കാശുമായി സുന്ദരകുട്ടപ്പൻമാർ പിറകെ നടക്കുമ്പോൾ വേണ്ട എന്ന് ബുദ്ധിയുള്ള പെങ്കൊച്ചുങ്ങൾ പറയില്ല... ഇത്തരം പണക്കാരുടെ മക്കളെയാണ് അവർ അധികം കല്യാണം കഴിക്കുക. അതോടെ അവർക്ക് അളവില്ലാത്ത ധനം വഴി തങ്ങളുടെ ഭാവിജീവിതം സുരക്ഷിതമാക്കാം എന്നുള്ളതാണ് അതിന്റെ ഒരു അടിസ്ഥാന കാരണം.
കല്യാണം കഴിച്ചാലും വേർപിരിഞ്ഞാലും മങ്കമാർക്ക് കോടികളുടെ മണികിലുക്കം.... ഹായ് ! കേരളത്തിലെ മലയാളി ചെക്കൻമാരിൽ വളരെ ന്യൂനപക്ഷത്തിന്റെ കാരണോൻമാർ മാത്രമേ പണക്കാരായിട്ടുള്ളു. ആസാദ് മൂപ്പന്റെ മക്കൾ, അല്ലെങ്കിൽ യൂസഫലിയുടെ മക്കൾ, മലബാർ ഗോൾഡിന്റെ മകൻ.. എന്നിങ്ങനെ വിരലിൽ എണ്ണാവുന്ന ചെക്കൻമാർ മാത്രം.. അതുകൊണ്ട് എങ്ങനെ നോക്കിയാലും പെൺകുട്ടികൾ വ്യത്യസ്തവും സുരക്ഷിതവുമായ മറ്റൊരു വഴി 'തിരി'ഞ്ഞെടുക്കുന്നു... അത്രേയുള്ളു. അതിൽ അവരെ തെറ്റുപറയാനും ആകില്ല സഹോ, ആകില്ല....!
ചില്ലറ വരുമാനക്കാരായ കേരളത്തിലെ ചെക്കൻമാരെ വിവാഹം കഴിച്ചിട്ട് എന്ത് കിട്ടാനാണ്....? എങ്ങനെ ജീവിക്കും. ഇത്രയ്ക് ഇത്രയല്ലേ ഉള്ളൂ... സമ്പത്തുള്ള കുടുംബത്തെ ചെക്കനാണെന്ന് പറഞ്ഞിട്ടും ഒരു കാര്യവുമില്ല, സമ്പത്തെല്ലാം കാരണവൻമാര് കെട്ടിപൂട്ടി വച്ചേക്കുക ആയിരിക്കും.. ! വീതം വച്ച് കിട്ടണമെങ്കിൽ ഗുസ്തിപിടിക്കണം.. പിന്നെ പൊതുവേ കേരളം വിട്ടു കഴിഞ്ഞാൽ ആണുങ്ങൾ ശരീരം ശ്രദ്ധിക്കുന്നവരും നല്ല ഹാൻസവുമാണ് എന്നുള്ളതും ഒരു കാരണമാണ്.... ഇവിടുത്തെപോലെ 30 കഴിയുമ്പഴേ കൊടവയറും എടുത്ത് പള്ളയ്കുകേറ്റി നടക്കാറില്ല അവർ...
വ്യത്യസ്തതകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റുക, അതുവഴി ഞാനെന്തോ വലിയ സംഭവമാണ് എന്ന് കാണിക്കുക, ഒപ്പം തന്നെ ഞാൻ അസ്ഥിരതയെ മറികടന്നിരിക്കുന്നു എന്നുള്ള പൊള്ളയായ സന്ദേശം മറ്റുള്ളവർക്ക് നൽകുക... ഇതൊക്കെ ഒറ്റയടിക്കു നേടാനുള്ള പെൺകുട്ടികളുടെ പോംവഴി ആകാം അന്യസംസ്ഥാന ഭർത്താക്കൻമാർ... ഒറ്റവാക്കിൽ പറഞ്ഞാൽ മലയാളിയുടെ കപടത്വത്തിന്റെ മറ്റൊരു മുഖം'.
ഇതാണ് ആ കുറിപ്പ്. ഇന്നത്തെ സമൂഹത്തിൽ വന്ന മാറ്റം കൃത്യമായി ഇതിൽ വരച്ചു കാട്ടുന്നു. ഇത് വായിച്ചു കഴിയുമ്പോൾ ഇന്ന് ആൺകുട്ടികളെക്കാൾ ഡിമാൻ്റ് പെൺകുട്ടികൾക്കോ എന്ന് തോന്നുക സ്വഭാവികം. ആ രീതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. നമ്മുടെ സംസ്ഥാനത്തിൻ്റെ നിവൃത്തികേട് തന്നെയാണ് ഈ സ്ഥിതി വിശേഷത്തിന് കാരണം. അതിലേയ്ക്ക് നയിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് പൊതുസമൂഹം ചർച്ചയാക്കേണ്ടതാണ്.
#KeralaMarriages #InterStateMarriage #SocialChange #WomenEmpowerment #IndianCulture