Award | സംസ്ഥാന സര്‍കാരിന്റെ 2021 ലെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ഫോടോഗ്രഫര്‍ അരുണ്‍ ശ്രീധര്‍, മികച്ച ന്യൂസ് അവതാരക ഷാനി പ്രഭാകരന്‍, മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്‌കാരം ജയമോഹന്‍ നായര്‍ക്ക്
Feb 25, 2023, 15:17 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന സര്‍കാരിന്റെ 2021 ലെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ജെനറല്‍ റിപോര്‍ടിങ്, വികസനോന്മുഖ റിപോര്‍ടിങ്, ഫോടോഗ്രഫി, കാര്‍ടൂണ്‍ എന്നിവയിലും ദൃശ്യ മാധ്യമ വിഭാഗത്തില്‍ ടിവി റിപോര്‍ടിങ്, സാമൂഹ്യ ശാക്തീകരണ റിപോര്‍ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് കാമറ, ടിവി ന്യൂസ് റീഡര്‍ എന്നീ വിഭാഗങ്ങളിലുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുരസ്‌കാരങ്ങള്‍ ഫെബ്രുവരി 28നു വൈകിട്ട് 5.30നു തിരുവനന്തപുരം യൂനിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും.
'കണ്ണില്‍ അച്ഛന്‍' എന്ന ചിത്രത്തിന് മലയാള മനോരമ ഫോടോഗ്രഫര്‍ അരുണ്‍ ശ്രീധര്‍ മികച്ച ഫോടോഗ്രഫര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. മനോരമ ന്യൂസിലെ ഷാനി പ്രഭാകരനാണ് മികച്ച ന്യൂസ് അവതാരകയ്ക്കുള്ള പുരസ്‌കാരം. മനു എസ് പിള്ളയുമായി നടത്തിയ അഭിമുഖത്തിന് മനോരമ ന്യൂസിലെ ജയമോഹന്‍ നായര്‍ മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി.
ദേശാഭിമാനി ദിനപത്രത്തിലെ വിനോദ് പായം ജെനറല്‍ റിപോര്‍ടിങ്ങിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മാതൃഭൂമി ദിനപത്രത്തിലെ അനു എബ്രഹാമിനാണ് വികസനോന്മുഖ റിപോര്‍ടിങ്ങിനുള്ള പുരസ്‌കാരം. മാതൃഭൂമി ദിനപത്രത്തിലെ കെകെ സന്തോഷ് ഫോടോഗ്രഫി വിഭാഗത്തില്‍ അവാര്‍ഡ് പങ്കിട്ടു. കാര്‍ടൂണ്‍ വിഭാഗത്തില്‍ മാതൃഭൂമി ദിനപത്രത്തിലെ കെ ഉണ്ണികൃഷ്ണന്‍ പുരസ്‌കാരം നേടി.
ദൃശ്യമാധ്യമ വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ എസ് ശ്യാംകുമാര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. മാതൃഭൂമി ന്യൂസിലെ എ യു അമൃത മികച്ച സാമൂഹ്യ ശാക്തീകരണ റിപോര്‍ടിനുള്ള പുരസ്‌കാരം നേടി. ഏഷ്യാനെറ്റ് ന്യൂസിലെ ആര്‍പി കൃഷ്ണപ്രസാദ് മികച്ച ടിവി ന്യൂസ് കാമറയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ഏഷ്യാനെറ്റ് ന്യൂസിലെ വി വിജയകുമാര്‍ മികച്ച ടിവി ന്യൂസ് എഡിറ്റിങ്ങിനുള്ള പുരസ്‌കാരം നേടി.
ആര്‍ പാര്‍വതീദേവി, കെ എം മോഹന്‍ദാസ്, എസ് ആര്‍ സഞ്ജീവ് എന്നിവരടങ്ങിയ ജൂറിയാണ് അച്ചടി മാധ്യമ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. കൃഷ്ണ പൂജപ്പുര, വാമനപുരം മണി, എംകെ വിവേകാനന്ദന്‍ നായര്‍ എന്നിവരായിരുന്നു കാര്‍ടൂണ്‍ വിഭാഗം ജൂറി അംഗങ്ങള്‍. ഡോ. മീന ടി പിള്ള, കെ മനോജ് കുമാര്‍, ടിഎം ഹര്‍ഷന്‍ എന്നിവരടങ്ങിയ ജൂറിയാണു ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.
Keywords: Kerala State TV Awards 2021 declared, Thiruvananthapuram, News, Award, Kerala, Chief Minister, Pinarayi-Vijayan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.