Recognition | വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം; മാതൃശിശു ആരോഗ്യത്തിലും കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ച ഉറപ്പ് വരുത്തുന്നതിലും സമഗ്രമായ സമീപനമെന്ന് വിലയിരുത്തല്‍

 
Kerala Shines at World Bank for Maternal and Child Health
Kerala Shines at World Bank for Maternal and Child Health

Photo Credit: Health Minister's Office

● പ്രമുഖ മാധ്യമ പ്രവര്‍ത്തകയും മോഡറേറ്ററും എഴുത്തുകാരിയുമായ റെഡി തല്‍ഹാബിയ കേരളത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ മന്ത്രിയില്‍ നിന്നും ചോദിച്ചറിഞ്ഞു
● കുഞ്ഞുങ്ങളുടെ വളര്‍ച്ചാ മുരടിപ്പിനുള്ള പരിഹാരവും അവര്‍ ചോദിച്ചു
● എല്ലാത്തിനും പണം കണ്ടെത്തുന്നത് എങ്ങനെയെന്ന ചോദ്യവും അവര്‍ ഉന്നയിച്ചു
● ഓരോന്നിനും കൃത്യമായ മറുപടി നല്‍കി വീണാ ജോര്‍ജ് 

തിരുവനന്തപുരം: (KVARTHA) വാഷിംഗ് ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം. വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളുടെ ഭാഗമായി കുട്ടികളിലെ പോഷകാഹാരവും വളര്‍ച്ചയും സംബന്ധിച്ച ചര്‍ച്ചാ വേദിയിലാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ അഭിനന്ദനം അറിയിച്ചത്. മാതൃശിശു സംരക്ഷണ രംഗത്ത് കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അഭിനന്ദനം.

 

രാജ്യാന്തര തലത്തില്‍ പ്രശസ്തയും ആഗോളതലത്തില്‍ പുരസ്‌കാര ജേതാവുമായ പ്രമുഖ മാധ്യമ പ്രവര്‍ത്തകയും മോഡറേറ്ററും എഴുത്തുകാരിയുമായ റെഡി തല്‍ഹാബിയ കേരളത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ചോദിച്ചറിഞ്ഞു. 

 Kerala Shines at World Bank for Maternal and

മാതൃശിശു ആരോഗ്യത്തിലും കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ച ഉറപ്പ് വരുത്തുന്നതിലും കേരളത്തിന്റേത് സമഗ്രമായ സമീപനമാണെന്നും ആരോഗ്യ സുരക്ഷയും പോഷകാഹാരവും ഉറപ്പാക്കുന്നത് സംബന്ധിച്ച് കേരളത്തിന് രാഷ്ട്രങ്ങളോടും ഭരണകൂടങ്ങളോടും എന്താണ് പറയാനുള്ളത്? പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ വളര്‍ച്ചാ മുരടിപ്പ് എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ചെന്നും  അവര്‍ മന്ത്രിയോട് ചോദിച്ചു.

ഇതിന് മറുപടിയായി  കുട്ടികളിലെ വളര്‍ച്ചക്കുറവിന്റെ തോത് ഗണ്യമായി കുറയ്ക്കാന്‍ ഈ കാലഘട്ടത്തില്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് രൂപപ്പെടുന്ന കാലഘട്ടം മുതല്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യ വകുപ്പും വനിത ശിശു വികസന വകുപ്പും നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ച് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

270 ദിവസം അമ്മയുടെ ഗര്‍ഭപാത്രത്തില്‍, 730 ദിവസം (കുഞ്ഞ് ജനിച്ച് കഴിഞ്ഞ് ആദ്യ രണ്ട് വര്‍ഷങ്ങള്‍), ഈ ദിവസങ്ങളില്‍ കുഞ്ഞിന്റേയും അമ്മയുടെയും ആരോഗ്യത്തിനായുള്ള പ്രത്യേക പരിപാടികള്‍, പിന്നീട് കുഞ്ഞിന് മൂന്ന് വയസ് ആകുന്നത് വരെയുള്ള ന്യൂട്രീഷന്‍ സപ്ലിമെന്റ്, മൂന്ന് മുതല്‍ ആറു വയസ് വരെ അങ്കണവാടികളില്‍ നല്‍കുന്ന മുട്ടയും പാലും ഉള്‍പ്പെടെയുള്ള പോഷകാഹാര പിന്തുണ, കുഞ്ഞ് ജനിച്ചയുടനെ നടത്തുന്ന ന്യൂബോണ്‍ സ്‌ക്രീനിംഗ്, ആശമാരും ആര്‍ ബി എസ് കെ നഴ്സുമാരും ഉള്‍പ്പെടെ കൃത്യമായ ഇടവേളകളില്‍ ശാസ്ത്രീയമായി നടത്തുന്ന പരിശോധനകള്‍, ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ ഇവയെല്ലാം മന്ത്രി പ്രത്യേകം വിശദീകരിച്ചു.

സ്‌ക്രീനിങ്ങും പിന്തുണയും ഉറപ്പാക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന ഫീല്‍ഡ് വര്‍ക്ക് സംബന്ധിച്ച് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത് ആവര്‍ത്തിച്ചു കൊണ്ടായിരുന്നു റെഡി തല്‍ഹാബി അടുത്ത പാനലിസ്റ്റിലേക്ക് തിരിഞ്ഞത്. പിന്നീട് മോഡറേറ്റര്‍ റെഡി തല്‍ഹാബിക്ക് മന്ത്രിയില്‍ നിന്ന് അറിയേണ്ടിയിരുന്നത് ഇതിന് പണം എങ്ങനെ കണ്ടെത്തുന്നു, ഗ്യാപ്പുകള്‍ എങ്ങനെ കണ്ടെത്തുന്നു എന്നതൊക്കെയായിരുന്നു. 

അവസാനത്തെ ചോദ്യവും മന്ത്രിയോടായിരുന്നു. ഒന്നര മിനിട്ടിനുള്ളില്‍ പറയാമോ നിങ്ങള്‍ക്ക് എങ്ങനെ ഇതൊക്കെ ഇപ്രകാരം സാധ്യമാകുന്നു എന്നും റെഡി തല്‍ഹാബി ചോദിച്ചു. 'Vision, Policy, Political will, Determination' (കാഴ്ചപ്പാട്, നയം, രാഷ്ട്രീയ ഇച്ഛാശക്തി, നിശ്ചയദാര്‍ഢ്യം) ഇതിന് കേരളത്തിന് ചരിത്രപരവും സാമൂഹ്യവും രാഷ്ട്രീയവുമായ പശ്ചാത്തലവും കാരണവും ഉണ്ട് എന്നായിരുന്നുയുടെ മറുപടി.

കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള അടിയന്തര ഇടപെടലിന് ലോക രാജ്യങ്ങളോട് ആഹ്വാനം (Growing stronger: An urgent call for improving child nutrition) ചെയ്തുകൊണ്ടുള്ള ചര്‍ച്ചയില്‍ പാകിസ്ഥാന്‍ ധനകാര്യ മന്ത്രി മുഹമ്മദ് ഔറംഗസേബ്, യൂറോപ്യന്‍ കമ്മീഷണര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പാര്‍ട് ണര്‍ഷിപ്പ് ജുട്ടാ ഉര്‍പ്പിലേനിയന്‍, ഇക്വഡോര്‍ ഡെപ്യൂട്ടി മിനിസ്റ്റര്‍ ജുവാന്‍ കാര്‍ലോസ് പാലസിയോസ്, യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസല്‍, വേള്‍ഡ് ബാങ്ക് സൗത്ത് റീജിയണല്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്സര്‍, ഈസ്റ്റ് ഏഷ്യ ആന്റ് പസഫിക് റീജിയണല്‍ വൈസ് പ്രസിഡന്റ് മാഹുവേല ഫെറോ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

#KeralaHealth #ChildNutrition #WorldBank #MaternalHealth #PublicHealth #VeenaGeorge

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia