പാടങ്ങൾ നികത്തി, പരിസ്ഥിതി തകർന്നു: കാർഷിക കേരളം തിരിച്ചുപിടിക്കാൻ സർക്കാരിന് മുന്നിൽ വെല്ലുവിളി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ കേരളം മാതൃക സൃഷ്ടിച്ചു.
● കൃഷിയിലും പരിസ്ഥിതി സംരക്ഷണത്തിലും കേരളം ഏറെ പിന്നോട്ടുപോയി.
● നെൽകർഷകർ ദാരിദ്ര്യത്തിലും അവഗണനയിലുമാണ്.
● ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പുതുതലമുറ കൃഷിയിലേക്ക് വരണം.
● ദേശീയപാത നിർമ്മാണം പരിസ്ഥിതിക്ക് ഏൽപ്പിച്ച ആഘാതം ചെറുതല്ല.
● അതിരൂക്ഷമായ കുടിവെള്ളക്ഷാമവും ഉരുൾപൊട്ടലുകളും ഉണ്ടാകാൻ സാധ്യത.
കണ്ണൂർ: (KVARTHA) നവംബർ 1, കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തിൽ കേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ടതിന്റെ വാർഷികം. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലും സാമൂഹിക വിഷയങ്ങളിലും കേരളം മാതൃക സൃഷ്ടിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് മുൻപേ സഞ്ചരിച്ചു.
എന്നാൽ അറുപത്തിയൊൻപതാം പിറന്നാൾ ആഘോഷിക്കുമ്പോഴും ഇനിയും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളും പ്രതിസന്ധികളും സംസ്ഥാനത്തിന് മുന്നിലുണ്ട്. കൃഷിയിൽ നിന്നും പരിസ്ഥിതി സംരക്ഷണത്തിൽ നിന്നും കേരളം ഏറെ പുറകോട്ടു പോയെന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത.
നെൽപ്പാടങ്ങൾ ഭൂരിഭാഗവും നികത്തിക്കഴിഞ്ഞു. തലമുറകളെ അന്നമൂട്ടിയ നെൽകർഷകർ ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും പടുകുഴിയിലാണ്. കേരളത്തിന്റെ നിലനിൽപ്പ് തന്നെ കൃഷിയാണ്.
കർഷകരില്ലെങ്കിൽ ഈ സമൂഹം വിശന്നുചാവും. ലോകത്തിലെ ഏറ്റവും മികച്ച തൊഴിലും കൃഷി തന്നെയാണ്. ആയുസ് വർദ്ധിപ്പിക്കുന്ന ഈ മഹത്തായ തൊഴിലിൽ ആധുനികവൽക്കരണം ദ്രുതഗതിയിൽ നടന്നു വരുന്നുണ്ട്. പുതുതലമുറ കൃഷിയിലേക്ക് വരാതെ നമ്മുടെ ഭക്ഷ്യസുരക്ഷ സംരക്ഷിക്കപ്പെടില്ല.
ദേശീയപാത നിർമ്മാണം നമ്മുടെ പരിസ്ഥിതിക്ക് ഏൽപ്പിച്ച ആഘാതം ചെറുതല്ല. ചെറിയ കുന്നുകളും തണ്ണീർത്തടങ്ങളും നിരത്തിക്കഴിഞ്ഞിരിക്കുന്നു. അവശേഷിച്ചത് കൂടി സംരക്ഷിച്ചില്ലെങ്കിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമമായിരിക്കും ഫലം. കാർഷിക കേരളത്തെ തിരിച്ചുപിടിക്കുകയാണ് സർക്കാരിന് മുന്നിലുള്ള ദൗത്യം. പരിസ്ഥിതി സംരക്ഷിച്ചില്ലെങ്കിൽ വയനാട്ടിലുണ്ടായതു പോലുള്ള ഉരുൾപൊട്ടലുകൾ ഇനിയും ആവർത്തിക്കപ്പെട്ടേക്കാം.
1956 നവംബർ ഒന്നിന് ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് കേരളം രൂപീകരിച്ചത്. പിന്നീടുണ്ടായത് ചരിത്രമാണ്.
നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകൾ. സാമൂഹ്യ-സാമ്പത്തിക രംഗത്തെ ഭൂപരിഷ്കരണ ബിൽ, വിദ്യാഭ്യാസ ബിൽ, അധികാരവികേന്ദ്രീകരണം, സാക്ഷരതായജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണ സമരങ്ങൾ തുടങ്ങി പ്രതീക്ഷയുടെ എത്രയെത്ര വിളക്കുമാടങ്ങൾ.
രാജ്യത്ത് ആദ്യമായി നൂറുശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം മാറി. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. വിനോദസഞ്ചാര രംഗത്ത് വലിയ മുന്നേറ്റമുണ്ടായി. കേരളത്തിന്റെ തനത് കലാരൂപങ്ങൾ വിദേശ രാജ്യങ്ങളിൽ പോലും ശ്രദ്ധിക്കപ്പെട്ടു. മോഹിനിയാട്ടവും തെയ്യവും കളരിപ്പയറ്റും ഗോത്ര കലകളുമുൾപ്പെടെ വൈവിധ്യമാർന്ന കലാരൂപങ്ങളെക്കുറിച്ച് വിദേശനാടുകളിൽപ്പോലും പഠനങ്ങൾ നടക്കുന്നു.
അന്തസ്സായി ജീവിക്കുന്നതിനും സാമ്പത്തിക ഭദ്രതക്കും ബിസിനസ് സുഗമമാക്കുന്നതിനും ഊന്നൽ നൽകിയുള്ള നവകേരള സൃഷ്ടി എന്ന ലക്ഷ്യത്തിലെത്താൻ വെല്ലുവിളികൾ ഏറെയുണ്ട്. സാമ്പത്തിക പരിമിതികൾക്കിടയിലും സാമൂഹിക പുരോഗതിയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ ശ്രമങ്ങളുണ്ടാകണം. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളെ ചെറുക്കണം. മതേതര പാരമ്പര്യം ശക്തിപ്പെടുത്താനും ഭാഷയേയും സംസ്‌കാരത്തേയും നെഞ്ചോട് ചേർക്കാനും മലയാളികളായ നാം ജാഗരൂകരാകണം.
'ദൈവത്തിന്റെ സ്വന്തം നാട്' ആയാണ് ലോകം കൊച്ചു കേരളത്തെ വിശേഷിപ്പിക്കുന്നത്. 1956 നവംബർ 1-ന് ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ സംസ്ഥാനമാണ് ഈ കൊച്ചു കേരളം.
ഈ ദിനത്തെയാണ് നാം എല്ലാ വർഷവും കേരളപ്പിറവി ദിനമായി എല്ലാ മലയാളികളും ആഘോഷിക്കുന്നത്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനത്തിന്റെ രൂപീകരണം കേരളത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ ചരിത്രത്തിലെ ഒരു നിർണ്ണായകമായ നാഴികക്കല്ലായിരുന്നു.
ഐക്യകേരളത്തിനുവേണ്ടിയുള്ള മലയാളികളുടെ നിരന്തരമായ പോരാട്ടങ്ങളുടെയും സ്വപ്നങ്ങളുടെയും സാക്ഷാത്കാരമാണ് ഓരോ കേരളപ്പിറവി ദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത്. ഓരോ കേരളപ്പിറവി ദിവസവും ലോകമെമ്പാടുമുള്ള മലയാളികൾ വിപുലമായി ആഘോഷിക്കാറുണ്ട്. കേരളത്തിന്റെ പാരമ്പരാഗത വസ്ത്രമണിഞ്ഞും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചും വിവിധ തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും ഈ ദിവസം ആഘോഷിക്കാറുണ്ട്.
കേരളപ്പിറവിയുടെ പ്രാധാന്യം പല തലങ്ങളിലാണ്. മലയാള ഭാഷയെയും സംസ്കാരത്തെയും ഒത്തൊരുമയോടെ നിർത്താൻ കേരളപ്പിറവി നമ്മെ സഹായിച്ചു. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്ന് പ്രദേശങ്ങൾ ഒരുമിച്ച് ചേർന്നപ്പോൾ കൊച്ചു കേരളം രൂപപ്പെട്ടു. രണ്ടാമതായി, മലയാളികൾക്ക് അവരുടെ തനതായ രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ വളർത്താൻ ഇത് അവസരം നൽകി.
ഇന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന വിധത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ഈ ഐക്യത്തിന്റെ ഫലമാണ്. ഈ കേരളപ്പിറവി ദിനത്തിൽ, നമ്മുടെ സംസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യത്തെയും ഭാവിയിലേക്കുള്ള സാധ്യതകളെയും കുറിച്ച് നമുക്ക് ഓർമ്മിക്കാം. ഏവർക്കും കേരളപ്പിറവി ദിനാശംസകൾ.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.
Article Summary: Kerala Piravi Day: Focus on farmers, ecological warnings, and need for agricultural revival.
#KeralaPiravi #FarmersDay #AgriculturalKerala #EnvironmentProtection #KeralaNews #Kannur
