Development | കാസർകോട്-തിരുവനന്തപുരം ദേശീയപാത: 2025 ഡിസംബറോടെ പൂർത്തിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്


● മലബാർ മേഖലയിലെ ടൂറിസം വികസനത്തിന് വലിയ പ്രതീക്ഷ
● കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയരും
● കേരളം ഇനി ലോകത്തെ മികച്ച ടൂറിസം ലക്ഷ്യസ്ഥാനങ്ങളുമായി മത്സരിക്കും
● മലയോര പാതയും തീരദേശ പാതയും പൂർത്തിയാകും
കോഴിക്കോട്: (KVARTHA) കാസർകോട്-തിരുവനന്തപുരം ദേശീയപാതയുടെ നിർമാണം 2025 ഡിസംബറോടെ പൂർത്തിയാകുമെന്ന സുപ്രധാന പ്രഖ്യാപനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നടത്തി. ഇതോടെ കേരളത്തിലെ, പ്രത്യേകിച്ച് മലബാർ മേഖലയിലെ ടൂറിസം രംഗത്ത് വൻ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
കോഴിക്കോട് സംഘടിപ്പിച്ച ഗേറ്റ് വേ ടു മലബാർ ടൂറിസം സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ‘എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേരളത്തിലെ ടൂറിസം മേഖലയിൽ മലബാറിന്റെ പങ്ക് വളരെ ചെറുതായിരുന്നു. എന്നാൽ ഇപ്പോൾ അവസ്ഥ മാറിയിരിക്കുന്നു. മലബാർ ടൂറിസത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുകയാണ്,’ മന്ത്രി പറഞ്ഞു.
ദേശീയപാതയ്ക്കൊപ്പം മലയോര പാതയും തീരദേശ പാതയും പൂർത്തിയാകുന്നതോടെ കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്ന് മന്ത്രി പറഞ്ഞു. ‘അമ്പത് കിലോമീറ്റർ ഇടവേളയിൽ വിശ്രമ സൗകര്യങ്ങളുൾപ്പെടെയാണ് തീരദേശ പാത വരുന്നത്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കേരളം ഇനി മറ്റ് സംസ്ഥാനങ്ങളുമായി അല്ല, മറിച്ച് വിദേശ രാജ്യങ്ങളുമായാണ് ടൂറിസം രംഗത്ത് മത്സരിക്കുന്നത്,’ മന്ത്രി കൂട്ടിച്ചേർത്തു.
ടൂറിസം വകുപ്പ് അഡി. സെക്രട്ടറി ജഗദീഷ് ഡി, ജോയിന്റ് ഡയറക്ടർ ഡി. ഗീരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, ഒഡിപെക് ചെയർമാൻ കെ.പി അനിൽകുമാർ, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, റാവിസ് കടവ് ക്ലസ്റ്റർ ജനറൽ മാനേജർ ബിജു പാലേട്ട്, മെട്രോ എക്സ്പെഡീഷൻ മാനേജിംഗ് എഡിറ്റർ സിജി നായർ, ഡിടിപിസി സെക്രട്ടറി നിഖിൽ ദാസ്, വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് വാഞ്ചീശ്വരൻ, ബിആർഡിസി എം.ഡി ഷിജിൻ പറമ്പത്ത്, ആയുർവേദ പ്രമോഷൻ സൊസൈറ്റി, അസോസിയേഷൻ ഓഫ് ഡൊമെസ്റ്റിക് ടൂർ ഓപ്പറേറ്റേഴ്സ് ഇന്ത്യ മുൻ പ്രസിഡന്റ് പി.പി. ഖന്ന തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Hashtags: #KeralaTourism #NationalHighway #InfrastructureDevelopment #Kerala #TourismIndustry #MalabarTourism #India