Litter Campaign | പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയത് കണ്ടാല്‍ പരാതിപ്പെടാന്‍ ഒറ്റ നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍; നിയമലംഘനം ശ്രദ്ധയില്‍പ്പെടുത്തിയവര്‍ക്ക് കൈനിറയെ സമ്മാനങ്ങളുമുണ്ട്
ADVERTISEMENT
● ശുചിത്വമുള്ള കേരളം ലക്ഷ്യം
● പരാതികള്‍ വീഡിയോകളായും ചിത്രങ്ങളായും അറിയിക്കാം
തിരുവനന്തപുരം: (KVARTHA) പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയത് കണ്ടാല്‍ പരാതിപ്പെടാന്‍ ഒറ്റ നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍. ഇതോടെ മാലിന്യ മുക്ത കേരളത്തിനായി പൊതുജനങ്ങളെ അണിചേര്‍ത്ത് പുതു ചുവട് വയ്പ്പിനാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. തീര്‍ന്നില്ല പരാതികള്‍ അറിയിക്കുന്നവര്‍ക്ക് കൈനിറയെ സമ്മാനങ്ങളുമുണ്ട്.
സ്വച്ഛത ഹി സേവാ 2024 ക്യാമ്പയിന്റെ സംസ്ഥാനതല ലോഞ്ച് നിര്‍വഹിക്കവെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ആണ് പുതിയ വാട്സ് ആപ്പ് നമ്പര്‍ പ്രഖ്യാപിച്ചത്. ഇതുവരെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വ്യത്യസ്ത നമ്പറുകളായിരുന്നു മാലിന്യം തള്ളിയവര്‍ക്കെതിരെ പരാതിപ്പെടാന്‍ ഉണ്ടായിരുന്നത്. ഇതെല്ലാം ഏകീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ തദ്ദേശ വകുപ്പ്.
പൊതുസ്ഥലങ്ങളില്‍ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവര്‍ക്കെതിരെ പരാതി നല്‍കുവാനും ഇനി 9446700800 എന്ന വാട്സ് ആപ്പ് നമ്പര്‍ ഉപയോഗിക്കാം. സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളും ഇതോടെ 9446700800 എന്ന നമ്പര്‍ വഴി മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിക്ക് കീഴില്‍ ജാഗ്രവത്താവും.
പരാതികള്‍ വീഡിയോകളായും ചിത്രങ്ങളായും അറിയിക്കാനാണ് വാട്സ് ആപ്പ് നമ്പര്‍ എന്ന ആശയം തദ്ദേശ വകുപ്പ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതു വാട് സ് ആപ്പ് നമ്പര്‍ എന്നത് ഒരു സോഷ്യല്‍ ഓഡിറ്റ് ആയി കൂടിയാണ് പ്രവര്‍ത്തിക്കുക. സംസ്ഥാനതല വാര്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നല്‍കുന്ന രീതിയാണ് പിന്തുടരുക. രണ്ടു ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന നടപടികളില്‍ ആദ്യം മലിനമായ ഇടം ശുചിയാക്കുകയും രണ്ടാമതായി കുറ്റക്കാര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കലുമാണ്.
വാട് സ് ആപ്പ് നമ്പറിലൂടെ പരാതികള്‍ അറിയിക്കുന്നവര്‍ക്ക് നിയമലംഘനത്തില്‍ ഈടാക്കിയ പിഴയുടെ 25 ശതമാനം ലഭുക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പരമാവധി 2500 രൂപയായിരിക്കും ഇങ്ങനെ പാരിതോഷികമായി നല്‍കുക. മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പര്‍ അറിയുമെങ്കില്‍ അവയും ഒപ്പം ഫോട്ടോകളും സഹിതമാണ് പരാതികള്‍ അറിയിക്കേണ്ടത്. ലൊക്കേഷന്‍ വിശദാംശങ്ങളും ഇതോടൊപ്പം നല്‍കാം.
പാരിതോഷികം ലഭിക്കുന്നത് വഴി ഇത്തരം നിയമ ലംഘന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുവാന്‍ ജനങ്ങളെ പ്രാപ്തരാക്കുമെന്ന വിശ്വാസവും സര്‍ക്കാരിനുണ്ട്.
#Kerala #CleanKerala #NoLittering #WhatsApp #EnvironmentalInitiative #Reward
